തെന്നിന്ത്യയിലെ കിരീടം വയ്ക്കാത്ത റാണിയാണു നയൻതാര. തനിനാടൻ പെൺകുട്ടിയായി മലയാള സിനിമയിലൂടെ അരങ്ങേറിയ തിരുവല്ലക്കാരി സുന്ദരി ഇന്ന് തമിഴ്–തെലുഗു–കന്നട സിനിമാലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ്. നടന്മാരായ ചിമ്പുവും പ്രഭുദേവയുമൊക്കെയായി പ്രണയവും ബ്രേക്കപ്പുമെല്ലാം കഴിഞ്ഞ നയൻതാര ഒരു ഇടവേളയെടുത്തു വീണ്ടും വന്നപ്പോഴാകട്ടെ െതാട്ടതെല്ലാം ഹിറ്റുകൾ. ഇപ്പോഴും നയൻസിന്റെ പ്രണയത്തെക്കുറിച്ചു തന്നെയാണ് ആരാധകരുടെ സംസാരം ഏറെയും.
നയൻതാരയും പ്രശസ്ത സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. എങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തമായൊരു നിലപാടു പറയാൻ ഇരുവരും തയ്യാറായിട്ടുമില്ല. എന്തായാലും ഗോസിപ്പുകൾക്ക് ആക്കം കൂട്ടും വിധത്തിൽ ഇരുവരും പല പൊതുപരിപാടികൾക്കും ഒന്നിച്ചു പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ വിഘ്നേഷിന്റെ പിറന്നാള്‍ ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്.
തിരക്കേറിയ ഷെഡ്യൂളുകൾക്ക് ഇടവേള പറഞ്ഞ് സ്വകാര്യനിമിഷങ്ങൾ ആഘോഷിക്കുകയാണ് ഇരുവരും എന്നാണ് പുതിയ ചിത്രം വ്യക്തമാക്കുന്നത്. വിഘ്നേഷിന്റെ പിറന്നാൾ ആഘോഷിക്കാനായി നയൻതാര ന്യൂയോർക്കിലേക്കു പറന്നിരിക്കുകയാണത്രേ. ന്യൂയോർക്ക് ഡയറിയിൽ നിന്നുള്ള ചിത്രങ്ങളിലൊന്നാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നതെന്നാണ് കേൾക്കുന്നത്.
നേരത്തെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ നയൻതാരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിഘ്നേഷ് പറഞ്ഞിരുന്നു. നയൻ താരയുമായി തനിക്കുള്ള ബന്ധം തീർത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താൽപര്യം ഇല്ലെന്നുമായിരുന്നു അന്നു പറഞ്ഞിരുന്നത്. പ്രണയക്കാര്യം വെറും കുപ്രചരണമല്ലെന്നു മനസിലാകാൻ ഈ പറഞ്ഞതു തന്നെ മതിയല്ലോ എന്നതാണ് ആരാധകരുടെ വാദം.
2016ലെ സൈമാ അവാർഡ്സിനായി ഒന്നിച്ചു വന്നപ്പോഴാണ് നയൻസിനെയും വിഘ്നേഷിനെയും ക്യാമറക്കണ്ണുകൾ ശ്രദ്ധിക്കുന്നത്. അന്നുതൊട്ടുതന്നെ നയൻതാര വിഘ്നേഷുമായി പ്രണയത്തിലാണെന്നു പരന്നിരുന്നു. അന്ന് പുരസ്കാരം വാങ്ങിയതിനുശേഷം ഇരുവരും പരസ്പരം നൽകുന്ന പിന്തുണയ്ക്കും ധൈര്യത്തിനും നന്ദി പറയുകയും ചെയ്തിരുന്നു.
Read more: Lifestyle Malayalam Magazine