വിശേഷ ദിവസങ്ങളിൽ വീടുകളും പള്ളികളും ക്ഷേത്രങ്ങളുമൊക്കെ ദീപാലംകൃതമാക്കുന്നത് ഔട്ട് ഓഫ് ഡേറ്റ് ആയി. ഇപ്പോൾ ഡാൻസിങ് ലൈറ്റുകൾ ആണ് ട്രെൻഡ്. കുറച്ചു ദിവസങ്ങൾക്കുമുമ്പ് റിപ്പബ്ലിക് ഡേ പ്രമാണിച്ച് രാഷ്‌ട്രപതി ഭവനും എന്തിനേറെ ദുബായിലെ ബുർജ് ഖലീഫ വരെ ത്രിവർണപതാകയുടെ നിറത്തിൽ നൃത്തം വയ്ക്കുന്നത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.
അതിന്റെ ആവേശം തീരും മുൻപേ പൂരപ്പെരുമയുടെ നാടായ തൃശ്ശൂരിൽ നിന്നുള്ള മറ്റൊരു വിഡിയോ ശ്രദ്ധേയമാവുകയാണ്. ദാ മ്മടെ തൃശ്ശൂരിലെ കല്ലേറ്റുംകര ഇൻഫന്റ് ജീസസ് ചർച്ചിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ശ്രദ്ധേയമാകുന്നത്.
കുത്തനെയുള്ള അഞ്ച് മുഖപ്പുകളാണ് പള്ളിക്കുള്ളത്. ഇവിടെയാണ് ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ എൽഇഡി ലൈറ്റുകൾ കൊണ്ട് പ്രകാശത്തിന്റെ നൃത്തവിന്യാസം ഒരുക്കിയത്. 40,000 വാട്ടിന്റെ ലൈറ്റ് ആൻഡ് ഷോയാണ് നടത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന പരിപാടി കാണാൻ ആയിരക്കണക്കിന് പേരാണെത്തിയത്.
എന്തായാലും പൂരങ്ങളുടെ നാട്ടിലെ വ്യത്യസ്തമായ ആഘോഷകാഴ്ച സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുകയാണ്. ഇത് ആർഭാടക്കൂടുതലല്ലേ എന്നും ചോദ്യം വരുന്നുണ്ട്... വെടിക്കെട്ടു നടത്തുന്നതിലും ഭേദമാണെന്നാണ് ചില ഗഡികളുടെ കമന്റുകൾ!