'ദയവായി ഇതൊന്ന് ഷെയർ ചെയ്ത് സഹായിക്ക് ' വ്യത്യസ്ത കല്യാണ പരസ്യത്തിന് ആലോചനകളുടെ പെരുമഴ!

സന്തോഷ് ജോർജ്

ആറ്റുനോറ്റിരുന്ന് ജീവിതത്തിൽ അത്യാവശ്യം നേടാനുള്ള കാര്യങ്ങൾ ഒക്കെ നേടി നല്ല ജോലിയും വരുമാനവും ഒക്കെയായി വീടും വച്ച് കഴിഞ്ഞപ്പോൾ ഒരു പെണ്ണുകെട്ടാം എന്നുകരുതി. എന്നാൽ ആലോചനകൾ തുടങ്ങിയപ്പോഴാണ് പ്രശ്നം , വിദേശത്തു ജോലിയില്ലാത്ത ചെക്കന് വിവാഹ വിപണിയിൽ വിലയില്ല. ആഗ്രഹിച്ച പോലെ നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിനുമേൽ ആദ്യം വിലങ്ങു തടി വീണത് അവിടെയാണ്. പറഞ്ഞു വരുന്നത് കോട്ടയം ഈരാറ്റുപേട്ട സ്വദേശി സന്തോഷ് ജോർജ് എന്ന ചെറുപ്പക്കാരന്റെ കഥയാണ്. 

എന്നാൽ ,വിദേശജോലിയുടെയും സർക്കാർ ജോലിയുടെയും പേരിൽ വിവാഹാലോചനകൾ മുടങ്ങിയപ്പോൾ, അതിനു മുന്നിൽ മുട്ടുമടക്കാൻ സന്തോഷ് തയാറായില്ല. പകരം ഒരു ഫേസ്‌ബുക്ക് പേജ് തുടങ്ങി അതിൽ തന്റെ വിവാഹപരസ്യം നൽകി. എന്തുകൊണ്ട് താൻ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വിവാഹപരസ്യം നൽകുന്നു എന്ന് സന്തോഷ് പോസ്റ്റിലൂടെ വിവരിച്ചു. 

ഈരാറ്റുപേട്ടയിൽ സ്ഥിരതാമസമാക്കിയ സന്തോഷ് ജോർജ് മാതാപിതാക്കളുടെ മൂന്നു മക്കളിൽ ഒരേയൊരു ആൺതരിയാണ്. രണ്ടു സഹോദരിമാരെ വിവാഹം ചെയ്തു വിട്ടു. 

വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യൻRCSC 33 വയസ്സ് 160CM well settled സ്വർണ്ണമായും പണമായും തരാൻ ശേഷി ഇല്ലാത്ത സാമ്പത്തികമായി തീരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ആലോചന പ്രതീക്ഷിക്കുന്നു, കുടുംബപരമായും വ്യക്തിപരമായും (മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് ഞാൻ. എന്നു പറഞ്ഞാണ് കക്ഷിയുടെ ഫേസ്‌ബുക്ക് വിവാഹ ആലോചന തുടങ്ങുന്നത്. 

കല്യാണാലോചനയുടെ പേരിൽ പല വീടുകൾ കയറിയിറങ്ങി ചായകുടിക്കാൻ തനിക്ക് താൽപര്യം ഇല്ലാത്തതുകൊണ്ട് കൂടിയാണ് ഉചിതം എന്നു തോന്നിയ ഒരു മാർഗം വിവാഹാലോചനക്കായി തെരെഞ്ഞെടുത്തത് എന്ന് സന്തോഷ് ജോർജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

''പെൺകുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായാൽ മാത്രം മതി, താല്‍പര്യമുള്ളവർ ഫോട്ടോ, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ മെസഞ്ചറിലൂടെ അയയ്ക്കുകയും കൂടുതൽ വിവരങ്ങൾ അതിലുടെ കൈമാറുകയും ചെയ്യുക (മാർച്ച് പത്താം തീയതി വരെ കാത്തിരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളിൽ നിന്ന് അനുയോജ്യമായത് തീരഞ്ഞെടുത്ത് തിരികെ വിളിക്കും) പത്ര പരസ്യത്തെയും ബ്രോക്കർമാരെയും ആശ്രയിച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയർ ചെയ്തു സഹായിക്ക്''  സന്തോഷ് തന്റെ വിവാഹ പരസ്യത്തിനൊപ്പം പറയുന്നു .

ഫെബ്രുവരി 25 നാണ് സന്തോഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതിനോടകം 7500ൽപരം ഷെയറുകൾ പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു. മാത്രമല്ല, തന്നെത്തേടി ഇപ്പോൾ വിവാഹാലോചനകളുടെ പ്രളയമാണ് എന്ന് സന്തോഷ് പറയുന്നു.'' 200  പരം മെസ്സേജുകൾ ഫേസ്‌ബുക്കിൽ വായിക്കാതെ കിടക്കുന്നു. പെൺകുട്ടികളുടെ വീട്ടുകാരും പെൺകുട്ടികളും നേരിട്ട് ബന്ധപ്പെടുന്നുമുണ്ട്. മാർച്ച് 10  നു ശേഷം മാത്രമേ അവരെ തിരിച്ച് ബന്ധപ്പെടുകയുള്ളൂ ''സന്തോഷ് പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam