അതിരാവിലെ വന്ന സുഹൃത്തിന്റെ ഫോൺ കോൾ എടുത്തപ്പോൾ, കോഴിക്കോട് സ്വദേശിയായ മുരളീധരൻ ആദ്യം കേട്ട ചോദ്യം നീ മരിച്ചില്ലേ? എന്നതാണ്. സൗഹൃദ സംഭാഷണം പോലെ, വെറുമൊരു രസത്തിന് ഉറ്റ ചങ്ങാതി ചോദിച്ചതാകും എന്ന് കരുതി, ഇല്ലെടാ ഞാൻ മരിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മുരളീധരൻ ഫോൺ വച്ചു. എന്നാൽ അതുകൊണ്ടൊന്നും തീർന്നില്ല, തുടരെ തുടരെ ഫോൺ കോളുകളുടെ ബഹളം . എല്ലാവരും ചോദിക്കുന്നത് മുരളീധരൻ മരിച്ചില്ലേ എന്ന് തന്നെ !
ഒടുവിൽ വിളിച്ചവരോട് തന്നെ നേരിട്ട് കാര്യങ്ങൾ തിരക്കി. ഫേസ്‌ബുക്കിൽ മുരളീധരന്റെ അച്ഛൻ ഭാസ്കരൻ മരിച്ചു എന്ന വാർത്ത കണ്ടാണ് എല്ലാവരും വിളിക്കുന്നത്, വാർത്തക്ക് ഒപ്പം കൊടിത്തിരിക്കുന്നതാകട്ടെ മുരളീധരന്റെ ചിത്രവും. മുരളീധരന്റെ അച്ഛൻ മരിച്ചിട്ട് 15 വർഷമായി. അതുകൊണ്ട് മരണ വർത്തയറിഞ്ഞു വിളിക്കുന്നവർക്കും ആകെ കൺഫ്യൂഷൻ.
കോഴിക്കോട് പാരഗൺ ഹോട്ടലിന് എതിർവശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി മിൽക്ക് സർബത്ത് വില്പന നടത്തുകയാണ് മുരളീധരൻ. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ഇടയിൽ ആള് അല്പം ഫേമസ് ആണ്. മുരളീധരൻ മിൽക്ക് സർബത്ത് ഉണ്ടാക്കുന്ന ചിത്രം എടുത്ത് അതിനു മുകളിലാണ് മരണ വാർത്ത എഴുതി പ്രചരിപ്പിച്ചത്. ആരാണ് ഈ അതിരുവിട്ട 'കുസൃതി' കാണിച്ചത് എന്ന് ചോദിച്ചാൽ മുരളീധരന് ഉത്തരമില്ല. എഞ്ചിനീയറിംഗിന് പഠിക്കുന്ന മകളുടെ കോളേജിൽ നിന്നുവരെ മുരളീധരന്റെ 'മരണ വാർത്തയറിഞ്ഞു' ഫോൺ വന്നു. വീടും വീട്ടുകാരും ആകെ പേടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
ഒടുവിൽ വേറെ ഗത്യന്തരമില്ലാതെ, മുരളീധരൻ തന്റെ ഫേസ്‌ബുക്ക് അകൗണ്ടിൽ താൻ മരിച്ചിട്ടില്ല എന്ന് ഒരു പോസ്റ്റ് ഇട്ടു. സോഷ്യൽ മീഡിയയിൽ ഞാൻ മരിച്ചു എന്ന് ഒരു വാർത്ത പ്രചരിക്കുന്നുണ്ട് . ഞാൻ മരിച്ചിട്ടില്ല, ഭാസ്കരൻ എന്നയാൾ എന്റെ അച്ഛനാണ് , അദ്ദേഹം മരിച്ചിട്ട് 15 വർഷമായി ''. ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെ അറിയാത്തവർ കൂടി കാര്യങ്ങൾ അറിഞ്ഞു.
എന്തായാലും തന്നോട് കാണിച്ചത് അതിരു വിട്ട കളിയായി പോയി എന്നാണ് മുരളീധരൻ പറയുന്നത്. സോഷ്യൽ മീഡിയ ജനനന്മക്കായി ഉപയോഗിക്കാതെ, ഇത്തരത്തിൽ ജനങ്ങളെ ദ്രോഹിക്കുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ തനിക്ക് കടുത്ത അതൃപ്തിയാണ് ഉള്ളതെന്ന് മുരളീധരൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam