വിവാഹക്കമ്പോളങ്ങളിൽ മുന്നിൽ നിൽക്കുന്നത് സ്വർണ വിപണിയാണ്. പെണ്ണായാൽ പൊന്നു വേണം എന്നൊക്കെയുള്ള സങ്കൽപങ്ങള്‍ ന്യൂജെൻ ഗേൾസിനു പോലുമുണ്ട്. വിവാഹത്തിന് കിലോക്കണക്കിന് സ്വര്‍ണവും വാരിക്കെട്ടി നിൽക്കുന്ന ചില വധുക്കളെ കാണുമ്പോൾ തന്നെ കാണുന്നവർക്കു ശ്വാസംമുട്ടാറുണ്ട്. എന്നാൽ സ്വർണം പെണ്ണിന്റെ കുത്തക മാത്രമല്ല ആണിനുമുണ്ട് സ്വർണമോഹങ്ങൾ എന്നു തെളിയിക്കുന്നതാണ് പാകിസ്ഥാനിൽ നിന്നും പുറത്തു വന്നിരിക്കുന്നൊരു വാർത്ത. വിവാഹത്തിനായി ഒരു വരൻ അണിഞ്ഞ സ്വർണത്തിന്റെ കണക്കുകൾ കേട്ടു ഞെട്ടിയിരിക്കുകയാണ് ലോകം.
ലാഹോർ സ്വദേശിയായ ഹാഫിസ് സൽമാൻ ഷാഹിദാണ് കക്ഷി. വിവാഹത്തിനു ശേഷം നടന്ന സൽക്കാരത്തിലാണ് സ്വർണമയത്തിൽ മുങ്ങി സൽമാനെത്തിയത്. ഒന്നും രണ്ടുമല്ല ഇരുപത്തിയഞ്ചു ലക്ഷം വിലമതിക്കുന്ന സ്വർണമാണ് സൽമാൻ ധരിച്ചിരുന്നത്. ധരിച്ചിരിക്കുന്ന ടൈയും ഷൂസുമൊക്കെ സ്വർണത്താൽ നിർമിതമായിരുന്നു.
പതിനേഴു ലക്ഷം വിലമതിക്കുന്ന സ്വർണ ഷൂസും അഞ്ചു ലക്ഷം വിലമതിക്കുന്ന സ്വർണ ടൈയുമാണ് ഹൈലൈറ്റ് ആയത്. പോരാത്തതിന് വിലപിടിപ്പുള്ള കല്ലുകളാൽ സമൃദ്ധമായ വസ്ത്രത്തിനുമുണ്ട് നല്ലൊരു വില. പാന്റ്സ്യൂട്ടിനു മാത്രം 63,000 രൂപയും മറ്റുള്ളവയ്ക്ക് 16,000 രൂപയുമാണത്രേ.
ഇനി ഇത്രത്തോളം സ്വർണത്തിൽ മുങ്ങിയ വരന്റെ കല്യാണവും അത്രത്തോളം സുരക്ഷിതമായിരിക്കണമല്ലോ. ഷൂസും ടൈയുമൊക്കെ മോഷണത്തിനിരയാകാതിരിക്കാൻ വേദിയിൽ പൊലീസിന്റെ സഹായവും സൽമാൻ ഉറപ്പു വരുത്തിയിരുന്നു. അസാധാരണമാം വിധം സ്വർണമണിഞ്ഞ സൽമാനെ പലരും കളിയാക്കുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കുന്നേയില്ല കക്ഷി.
വിവാഹത്തിന് അൽപം വ്യത്യസ്തമായി ഒരുങ്ങണമെന്ന് മുൻപേ തീരുമാനിച്ചിരുന്നുവെന്നും സ്വർണം ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനിച്ചതെന്നും സൽമാൻ പറയുന്നു. തീർന്നില്ല ഏഴു സഹോദരിമാരുടെ ഒരേയൊരു സഹോദരന്‍ ആയ സൽമാന്റെ വിവാഹം കെങ്കേമമാക്കണമെന്നായിരുന്നുവത്രേ മാതാപിതാക്കളുടെയും ആഗ്രഹം. എന്തായാലും സൽമാന്റെ സ്വർണ പ്രണയം നാടാകെ പാട്ടായിരിക്കുകയാണിപ്പോൾ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam