പ്രണയം എപ്പോഴും വിജയകരമായി പര്യവസാനിക്കണമെന്നില്ല, ബ്രേക്കപ്പുകൾ സ്വാഭാവികമാണ്. പ്രണയത്തകർച്ചകളെ നേരിടുന്ന രീതികൾക്കുമുണ്ട് പ്രാധാന്യം. പ്രണയിനി ഗുഡ്ബൈ പറഞ്ഞാൽ താടിയും മുടിയും നീട്ടിവളർത്തി വിരഹഗാനവും പാടി നടക്കുന്ന കാമുകന്മാരൊക്കെ ഇന്ന് ഔട്ടായി. ബ്രേക്കപ്പിനെ ആഘോഷമാക്കുന്ന തലമുറയാണിന്ന്, സമൂഹമാധ്യമത്തിൽ ൈവറലാകുന്നൊരു വിഡിയോ വ്യക്തമാക്കുന്നതും അതാണ്.
ബ്രേക്കപ്പ് ആയെന്നു കേട്ടാൽ ആദ്യം സാന്ത്വനവുമായെത്തുന്നത് സുഹൃത്തുക്കൾ തന്നെയായിരിക്കുമെന്നതിൽ സംശയമില്ല. ഇവിടെയും താരങ്ങളായതു സുഹൃത്തുക്കൾ തന്നെ. തങ്ങളുടെ കൂട്ടുകാരൻ പ്രണയത്തകർച്ച നേരിട്ടപ്പോൾ 'സാരമില്ലളിയാ, വിഷമിക്കേണ്ട' എന്നൊക്കെ സ്ഥിരം സെന്റിയടിക്കലിനു പകരം പൂമാലയും കേക്കുമൊക്കെ നൽകി അതങ്ങ് ആഘോഷമാക്കുകയാണ് അവർ ചെയ്തത്. ഇസ്ലാമാബാദിലെ കോസ്മാറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇൻഫർേമഷൻ ടെക്നോളജിയിലെ വിദ്യാർഥികളാണ് ആ വിരുതന്മാർ.
പൂമാലയിട്ട് സുഹൃത്തിനെ സ്വീകരിക്കുന്ന കൂട്ടുകാരിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ശേഷം സുഹൃത്തിനെക്കൊണ്ട് കേക്ക് മുറിപ്പിക്കുന്നതും കാണാം. കേക്ക് മുറിക്കുമ്പോഴൊക്കെ ആഹ്ലാദാരവം മുഴക്കുന്ന സുഹൃത്തുക്കളെയും കാണാം. പ്രണയം തകർന്നെന്നു കരുതി വിഷാദ കാമുകനായിരിക്കാതെ ഇതുപോലെ നേരിടണമെന്നു പറഞ്ഞാണ് പലരും വിഡിയോ പങ്കുവെക്കുന്നത്. ഒപ്പം കൂട്ടായി ഇതുപോലെ ചങ്ക്ഫ്രണ്ട്സുമുണ്ടെങ്കിൽ ഒരു ബ്രേക്കപ്പും തളർത്തില്ലെന്നും കമന്റ് ചെയ്യുന്നവരുണ്ട്. എന്തായാലും ബ്രേക്കപ്പ് ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ ഹിറ്റായിട്ടുണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam