പ്രായം ചെന്ന അമ്മയെ ക്രൂരമായി മർദിക്കുന്ന സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്. അമ്മായി അമ്മയോട് കൊടുംക്രൂരത കാട്ടിയ കൊൽക്കത്ത സ്വദേശിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ ശ്രദ്ധയിൽപ്പെട്ട കൊൽക്കത്ത പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങൾ ഇൗ വിഡിയോ വ്യാപകമായി ഷെയർ ചെയ്തതിന് പിന്നാലെയാണ് ആളെ കണ്ടെത്തിയത്.
അമൻഷ്യ രോഗം ബാധിച്ച യശോധ പാൽ എന്ന സ്ത്രീയാണ് ക്രൂര മർദനത്തിനിരയായത്. ഒരുവർഷം മുന്‍പ് ഇവരുടെ ഭർത്താവ് മരിച്ചു. തോട്ടത്തിൽ നിന്ന് ഒരു പൂവ് പറിച്ചതിനാണ് സ്വപ്നപാൽ എന്ന മരുമകൾ 75കാരിയായ യശോധപാലിനെ ക്രൂര മർദനത്തിനിരയാക്കിയത്. കൊൽക്കത്ത പൊലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി അറസ്റ്റിലായ വിവാരം അറിയിച്ചത്. വിഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
ഇവരെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിഡിയോ കണ്ട എല്ലാവരും ഒരുപോലെ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു അയൽവാസിയാണ് ഇവരുടെ പ്രവൃത്തി മൊബൈലിൽ പകർത്തി സൂഹമാധ്യത്തിൽ പങ്കുവച്ചത്. ഒരുവർഷം മുന്‍പായിരുന്നു സംഭവം നടന്നത്. മുടിക്ക് പിടിച്ചും മുഖത്തടിച്ചും കഴുത്തിൽ ഞെക്കിയും പിടിച്ചു തള്ളിയും ഇവർ വൃദ്ധയെ ഉപദ്രവിക്കുന്നതാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. അവർ നിസഹായയായി കണ്ണുനീർ പൊഴിച്ചിട്ടും ക്രൂരത തുടരുകയായിരുന്നു.