ഞാനുണ്ട് കൂടെ; വൈറലായി ക്രൊയേഷ്യന്‍ പ്രസിഡന്റിന്റെ ചിത്രങ്ങള്‍

ത്രസിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം. ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു അത്. ഫ്രാന്‍സ് ക്രൊയേഷ്യക്കെതിരെ വിജയം നേടിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ക്രൊയേഷ്യയുടെ പ്രായം കുറഞ്ഞ വനിത പ്രസിഡന്റ് കൂടിയായിരുന്നു. ലോകകപ്പ് മത്സരത്തിന്റെ അതേ ആവേശത്തോട് കൂടി തന്നെ ഇന്റര്‍നെറ്റ് മുഴുവന്‍ ഷെയര്‍ ചെയ്യപ്പെടുകയാണ് ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ കിടാരോവിച്ചിന്റെ ചിത്രങ്ങള്‍.

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിനൊപ്പമാണ് കോളിന്‍ഡ കളി കാണാന്‍ സ്‌റ്റേഡിയത്തിലിരുന്നത്. റഷ്യയുടെ ശക്തനായ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും കൂടെയുണ്ടായിരുന്നു. എന്നാല്‍ മക്രോണിനെക്കാളും പുടിനെക്കാളും ജനഹൃദയങ്ങള്‍ കീഴടക്കിയത് കോളിന്‍ഡയായിരുന്നു. 50കാരിയായ കോളിന്‍ഡ ലോകത്തെ തന്നെ ഏറ്റവും സ്‌റ്റൈലിഷ് ആയ വനിതാ നേതാക്കളിലൊരാള്‍ കൂടിയാണ്. 

ക്രൊയേഷ്യന്‍ ജേഴ്‌സിയണിഞ്ഞ് കളി കാണാനെത്തിയ കോളിന്‍ഡ ടീമിന്റെ ഓരോ മുന്നേറ്റത്തിലും ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. ക്രൊയേഷ്യ പരാജയം രുചിച്ചെങ്കിലും കോളിന്‍ഡ താരങ്ങളെ സാന്ത്വനപ്പെടുത്തുന്ന രീതിയായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. 

കളി കഴിഞ്ഞ ശേഷം കോളിന്‍ഡ ഇരുടീമുകളിലെയും കളിക്കാരെ കെട്ടിപ്പിടിക്കുന്നതും ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമൊത്ത് സമയം ചെലവിടുന്നതുമെല്ലാം ആരുടെയും ഹൃദയം കീഴടക്കും. ഇതുപോലൊരു നേതാവാണ് ഓരോ ടീമിന്റെയും സ്വപ്‌നമെന്ന് പറഞ്ഞ് ട്രോളന്മാരും കോളിന്‍ഡയ്ക്ക് പിന്തുണയുമായെത്തിയത് ശ്രദ്ധേയമായി. 

ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ അതിപ്രാവീണ്യമുള്ള കോളിന്‍ഡയ്ക്ക് ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളും വഴങ്ങും. സ്റ്റൈലിഷ് ആയ പ്രസിഡന്റായതുകൊണ്ടുതന്നെ മോഡലാണോ എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുമുണ്ട്. 

ഫ്രാന്‍സിന്റെ ജയത്തില്‍ പ്രസിഡന്റ് മക്രോണ്‍ കാഴ്ച്ചവെച്ച ആഹ്ലാദ പ്രകടനവും ഇന്റര്‍നെറ്റില്‍ വൈറലായി. കനത്ത മഴയായിട്ടുപോലും അതിനെ വകവെക്കാതെ യുവാവായ പ്രസിഡന്റ് ഗ്രൗണ്ടിലെത്തിയത് ശ്രദ്ധേയമായി. ആഘോഷത്തോടെയാണ് ഈ ചിത്രങ്ങളും പങ്കുവെക്കപ്പെടുന്നത്. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam