‘അവന്‍ തട്ടം ഊരിയതല്ല; അണിയിച്ചതാണ്..’ ആ കല്ല്യാണ വിഡിയോ സോഷ്യല്‍ ഹിറ്റ്

‘അവൻ അവളുടെ തട്ടം ഉൗരി മാറ്റുകയല്ല, തട്ടം അണിയിക്കുകയാണ് ചെയ്തത്..’ ഇൗ വാചകത്തിന് താഴെ സോഷ്യൽ ലോകം മൽസരിച്ച് പങ്കുവയ്ക്കുകയാണ് ഇൗ വിഡിയോ. രണ്ടു ദിവസം മുൻപ് തന്നെ മറ്റൊരു കെവിനാക്കരുതേ എന്ന് തുറന്നുപറഞ്ഞ ആറ്റിങ്ങൽ സ്വദേശി ഹാരിസണും ഭാര്യ ഷഹാനയുടെയും  കല്ല്യാണ വിഡിയോയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.

ക്രിസ്ത്യനായ ഹാരിസണും മുസ്‌‌ലീമായ ഷഹാനയും തമ്മിലുള്ള പ്രണയവും വിവാഹവും ഉണ്ടായ കോലാഹലങ്ങൾക്കിടയിലേക്കാണ് ആ  വിഡിയോ എത്തിയത്. ഭീഷണികളെ വെല്ലുവിളിച്ച് അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി. വാമനപുരം ക്ഷേത്രത്തിൽ വച്ച് ഇരുവരും മുൻപ് മാല ചാർത്തിയിരുന്നു. അന്ന് മാല ചാർത്തിയ ശേഷം അവളുടെ തട്ടം നേരെ പിടിച്ചിട്ട് കൊടുക്കുന്ന ഹാരിസണിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. മതത്തിന്റെ പേരിൽ ഇവരെ പിരിക്കാൻ നടക്കുന്നവർ ഇത് കാണണം എന്നാണ് വിഡിയോയ്ക്ക് ചുവട്ടിലെ കമന്റുകൾ.

ഒരിക്കലും ഹാരിസൺ എന്നെ മതം മാറ്റില്ലെന്നും എന്റെ വിശ്വാസത്തിൽ ഞാനും അവന്റെ വിശ്വാസത്തിൽ അവനും ജീവിക്കും എന്നുമാണ് ഷഹാനയുടെ വാക്കുകള്‍. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന് ഷാഹിന ഇന്നലെ വിഡിയോയിൽ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ മാല ചാർത്തി നടന്ന വിവാഹത്തിന് നിയമപ്രാബല്യം ഇല്ലാത്തുകൊണ്ടാണ് സിപിഎം ആറ്റിങ്ങൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുവരെയും ഒരിക്കൽ കൂടി വിവാഹം കഴിപ്പിച്ചത്. ഇൗ തീരുമാനത്തിനും നിറകയ്യടിയാണ് സോഷ്യൽ ലോകത്ത്.

ഇരുവരുടെയും പ്രണയത്തിനും വിവാഹത്തിനും കടുത്ത എതിർപ്പാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. എസ്‍ഡിപിെഎയുടെ ഭാഗത്ത് നിന്ന് വധഭീഷണിയുള്ളതായും ഹാരിസൺ ഇന്നലെ ഫെയ്സ്ബുക്കിൽ ആരോപിച്ചിരുന്നു. വിഡിയോ വൈറലായതോടെ ഇരുവർക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഹാദിയ വിഷയത്തിലെ നിലപാടും ഷഹാന വിഷയത്തിലെ നിലപാടിനെയും പരിഹസിച്ച് ട്രോളുകളും സജീവമാണ്.