Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സന്തോഷ് പണ്ഡിറ്റ്’ വൻഹിറ്റ്; കിരൺ സിനിമയിലേക്ക്

kiran-santhosh-pandit

ഒറ്റ മിമിക്രിയിലൂടെ സിനിമയിലേക്കു ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് കിരൺ ക്രിസ്റ്റഫർ എന്ന കലാകാരൻ. മഴവിൽ മനോരമയുടെ മിമിക്രി മഹാമേളയിലെ പ്രകടനമാണു കിരണിനു സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചുകൊണ്ടുള്ള കിരണിന്റെ പ്രകടനം സമൂഹമാധ്യമങ്ങളിലാകെ വൈറലായിക്കഴിഞ്ഞു.

ശബ്ദം കൊണ്ടും ഭാവം കൊണ്ടും ചിലനേരം കൺമുമ്പിൽ കാണുന്നതു സന്തോഷ് പണ്ഡിറ്റിനെ തന്നെയാണോ എന്നു പ്രേക്ഷകനു തോന്നിപ്പിക്കുന്ന വിധം അനായാസമാണ് കൊല്ലം സ്വദേശിയായ കിരൺ ക്രിസ്റ്റഫർ പ്രകടനം കാഴ്ചവെച്ചത്. ഫിസിക്സ് അധ്യാപകന്‍ കൂടിയായ കിരൺ കൂടുതൽ വിശേഷങ്ങൾ മനോരമ ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുന്നു.

കിരണിന്റെ 'സന്തോഷ്പണ്ഡിറ്റി’ന് നിറഞ്ഞ കൈയടികളാണ്. എന്നുതൊട്ടാണ് സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ച് തുടങ്ങിയത്?

ഞാൻ കോളജിൽ പഠിക്കുന്ന കാലത്താണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമ കൃഷ്ണനും രാധയും പുറത്തിറങ്ങുന്നത്. അത്തവണത്തെ കലോത്സവത്തിന് എന്തെങ്കിലും വ്യത്യാസം വേണമെന്നു കരുതിയാണ് ആദ്യമായി സന്തോഷ് പണ്ഡിറ്റിനെ അനുകരിക്കുന്നത്. ആ പ്രകടനത്തിനു സമ്മാനം ലഭിച്ചതോടെ ആത്മവിശ്വാസമായി.

കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നോ?

അതെ. നാടകവും മിമിക്രിയും സ്കിറ്റുമായിരുന്നു ഇഷ്ടപ്പെട്ട ഇനങ്ങൾ. മൂന്നിനും കേരളസർവകലാശാല കലോത്സവത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. നാടകത്തിനും മിമിക്രിയ്ക്കും രണ്ടുതവണ ഒന്നാം സ്ഥാനവും സ്കിറ്റിന് ഒരു തവണ ഒന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട്. അഭിനയം അന്നുതൊട്ടേ മനസിലുള്ള മോഹമായിരുന്നു.

ഇപ്പോൾ സന്തോഷ്പണ്ഡിറ്റ് കാരണം സിനിമയിലേക്കു ക്ഷണം കിട്ടിയതിനെക്കുറിച്ച്?

എന്റെ പ്രകടനം കണ്ടിട്ട് സുരാജേട്ടനാണ് സിനിമയിലേക്ക് അവസരം തരാമെന്ന് അറിയിച്ചത്. സ്റ്റേജിൽവെച്ചും അതിനുശേഷവും അദ്ദേഹമതു പറഞ്ഞു. ഒരുപാട് അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഒരു വേഷം തരാമെന്നാണു പറഞ്ഞത്. 

kiran-suraj

കിരണിന്റെ പ്രകടനം കണ്ടിട്ടു സന്തോഷ് പണ്ഡിറ്റ് വിളിച്ചിരുന്നോ?

ഇല്ല, പക്ഷെ തമിഴ്നാട്ടിൽ നിന്നുവരെ കുറേപ്പേർ വിളിച്ച് അനുമോദിച്ചിരുന്നു. ‘തട്ടീം മുട്ടീ’മിലെ മനോജ് ചേട്ടനടക്കം സിനിമ സീരിയല്‍ രംഗത്തെ പലരും വിളിച്ചു. 

എങ്ങനെയാണ് ഇത്ര സ്വാഭാവികമായി സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചത്? തയാറെടുപ്പുകൾ?

ഞാനിതുവരെ സന്തോഷ്പണ്ഡിറ്റിനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകളും കണ്ടിട്ടില്ല. പക്ഷെ ഒരുപാട് അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്. അഭിമുഖങ്ങളിലെ അദ്ദേഹത്തിന്റെ രീതികൾ കണ്ടു സ്വയം പരിശീലിച്ചെടുത്തതാണ്.

മിമിക്രി മഹാമേളയിൽ വരുന്നതിനു മുന്‍പുവരെ സന്തോഷ് പണ്ഡിറ്റിന്റെ ശബ്ദം മാത്രമേ അനുകരിച്ചിട്ടുള്ളൂ. മഴവിൽ മനോരമയുടെ വേദിയിലാണ് ആദ്യമായി ഭാവങ്ങളും ചേഷ്ടകളും അനുകരിക്കുന്നത്. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം