ഒക്ടോബർ 6ന് മാത്യു ഡിപ്പെൽ എന്ന അമേരിക്കന്‍ ഫൊട്ടോഗ്രാഫർ ഒരു പ്രൊപ്പോസൽ കാണാനിടയായി. കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ ടോഫ് പോയിന്റിലായിരുന്നു ഇൗ പ്രണയനിമിഷം. അവിചാരിതമായി മുന്നില്‍ വന്ന ദൃശ്യം ഡിപ്പെൽ തന്റെ ക്യാമറയിൽ പകർത്തി. ഇന്ന് ആ ചിത്രം ലോകം മുഴുവൻ പടരുകയാണ്. ഇൗ മനോഹരമായ ദൃശ്യത്തിലെ പ്രണയികളെ തേടുകയാണ് ഡിപ്പെല്ലിനൊപ്പം ലോകം.
പാർക്കിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തിന്റെ ചിത്രങ്ങളുമെടുത്ത് ടൂറിസ്റ്റുകളോടും മറ്റു ഫൊട്ടോഗ്രാഫർമാരോടും ഒപ്പം നിൽക്കുകകയായിരുന്നു ഡിപ്പെൽ. അപ്പോഴാണ് അദ്ദേഹം എതിർവശത്തുള്ള മലയുടെ തുഞ്ചത്തു നിൽക്കുന്ന രണ്ടു പേരെ കാണുന്നത്.
പാറമടക്കുകളെ സാക്ഷിയാക്കി, ഉയരങ്ങളിൽ പ്രണയിനിക്കു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന കാമുകൻ. ഡിപ്പെലിന് ആ ചിത്രം എടുക്കാതിരിക്കാൻ കഴിഞ്ഞില്ല. താൻ പകർത്തിയ ആ മനോഹര നിമിഷവുമായി ഡിപ്പെൽ കുതിച്ചു. പക്ഷേ, ആ മനോഹര ചിത്രത്തിലെ നായികയും നായകനും അവിടെ ഉണ്ടായിരുന്നില്ല.
ഇവരെ കണ്ടെത്താനാവാതെ വന്നതോടെയാണ് ഒക്ടോബർ 17ന് ഡിപ്പെൽ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടും ചിത്രമെടുത്ത തീയതിയും സ്ഥലവും വ്യക്തമാക്കിയുമാണ് ഡിപ്പെൽ ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ ചിത്രം വൈറലായി. ട്വിറ്ററിൽ ഒരു ലക്ഷത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ഫെയ്സ്ബുക്കിൽ 15000 ലധികം തവണ ഷെയർ ചെയ്യപ്പെടുകയും ചെയ്തു ഇൗ ചിത്രം. ഇൗ മനോഹരമായ ചിത്രത്തിലെ പ്രണയികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് ചിത്രം പങ്കുവെയ്ക്കുന്നവർ പ്രകടിപ്പിക്കുന്നത്.