കൂട്ടിന് മണവാളനും രമണനും ദാമുവും; കേരളാ പൊലീസ് ലോകത്തിന്റെ നെറുകയിൽ

ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഫെയ്സ്ബുക്ക് പേജിനെ മറികടന്ന് കേരള പൊലീസ്. ലോകത്ത് ഏറ്റവും അധികം ആളുകൾ ലൈക്ക് ചെയ്ത പൊലീസ് ഫെയ്സ്ബുക്ക് പേജ് എന്ന നേട്ടമാണ് കേരള പൊലീസിനെ തേടിയെത്തിയത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ്  പൊലീസ് ഇൗ വിവരം അറിയിച്ചത്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പേജ് എന്ന നേട്ടം ബാംഗ്ലൂർ സിറ്റി പൊലീസിനെ മറികടന്ന കേരള പൊലീസ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നേട്ടം. 

ചിരിച്ചും ചിന്തിപ്പിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സേനയിൽനിന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെ കേരള പൊലീസ് പേജിന്റെ ചുമതല ഏൽപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ കൂടൂതൽ സമയം ചെലവഴിക്കുന്ന യുവാക്കള്‍ക്ക്  ബോധവത്കരണം നൽകാൻ സമൂഹമാധ്യമത്തിലൂടെയുള്ള ഇടപെടൽ ആവശ്യമാണെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തില്‍ പൊലീസിനെ എത്തിച്ചത്. ഇതോടെ വൻജനപ്രതീയാണ് പേജിനുണ്ടായത്.

ഓരോരുത്തരും പാലിക്കേണ്ട നിയമങ്ങളും മുന്‍കരുതലുകളും ട്രോളുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു പേജിൽ തുടങ്ങി. കുറ്റവാളികൾക്ക് കൈവളകൾ സമ്മാനമായി നൽകുമെന്ന അറിയിപ്പും അമിതവേഗക്കാരെ പൂട്ടുമെന്നുമെന്നാല്ലാം ട്രോൾ രൂപത്തിൽ പേജിൽ പ്രത്യക്ഷപ്പെട്ടു. 

ട്രോളുകൾക്കും പോസ്റ്റുകൾക്കും കമന്റിടുന്നവർക്ക് രസകരമായ മറുപടികള്‍ നൽകിയതും പേജിന്റെ ജനപ്രീതി വർധിപ്പിച്ചു. പൊലീസ്  കൊടുക്കുന്ന മറുപടികൾ മാത്രം വായിക്കാൻ പേജിൽ എത്തുന്നവര്‍ പോലുമുണ്ടായിരുന്നു. കേരളത്തിലെ മറ്റേതു ട്രോൾ പേജുകളോടും കിടപിടിക്കുന്ന തരത്തിലുള്ള കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് ഓരോരുത്തരെയായി മറികടന്ന് ലേകത്തിന്റെ നെറുകയിലെത്തുകയായിരുന്നു. 

നേട്ടം അറിയിച്ചു മലയാളത്തിലും ഇംഗ്ലീഷിലുമായി പൊലീസ് പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്. കൂടെ നിന്നവർക്ക് കുറിപ്പിൽ നന്ദി അറിയിക്കുന്നുമുണ്ട്.

കേരള പ‌ൊലീസിന്റെ കുറിപ്പ്:

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള "പോലീസ് ഫേസ്ബുക്ക് പേജ്" എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്.

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ ജനകീയമായ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്.പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങൾക്കൊപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ സഹായകരമായ ഏവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.