മുൻപൊരിക്കലുമില്ലാത്ത വിധം ശബരിമലയും സന്നിധാനവും ആശങ്കയിലാണ്. അയ്യപ്പനെ കാണാനെത്തുന്ന ഭക്തരും അവർക്ക് സുരക്ഷയൊരുക്കുന്ന പൊലീസുകാരും മറ്റ് ഉദ്യോഗസ്ഥരും ഒരൽപം ഭയപ്പാടോടെയാണ് ഒാരോ നിമിഷവും തള്ളി നീക്കുന്നതും. എന്നാൽ സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും നിയന്ത്രണങ്ങളുടെയും മാത്രം വാർത്തകൾ വന്നിരുന്ന സന്നിധാനത്തുനിന്ന് ഇന്നു രാവിലെ ലഭിച്ച സന്തോഷത്തിന്റെ കണികയായിരുന്നു മലയാള മനോരമയുടെ ഒന്നാം പേജിൽ വന്ന ആ ചിത്രം.
ഇരുമുടിക്കെട്ടേന്തി വരുന്ന ഒരു ബാലികയെ ഇരുകൈകൾ കൊണ്ടും ചേർത്തു പിടിച്ച് പതിനെട്ടാം പടിയുടെ മുകളിൽ എത്തിക്കുന്ന ഒരു പൊലീസുകാരൻ. അയ്യന്റെ സവിധത്തിലെത്തിയ ആനന്ദത്തിൽ ഉള്ളിലെ സന്തോഷം മുഖത്തു കാട്ടി മനസ്സു നിറഞ്ഞ് പുഞ്ചിരിക്കുന്നു ആ കൊച്ചു മാളികപ്പുറം. ആ കുഞ്ഞിനെ സുരക്ഷിതമായി കയറ്റി വിട്ട നിർവൃതിയിൽ ചിരിക്കുന്ന പൊലീസുകാരൻ. പിന്നിൽ അതിനെല്ലാം സാക്ഷിയായി പുഞ്ചിരിയോടെ മറ്റൊരു പൊലീസുകാരനും. മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫർ ആർ. എസ്. ഗോപൻ പകർത്തിയ ഇൗ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങൾ കീഴടക്കി. ശബരിമലയെന്ന പുണ്യഭൂമിയുടെ എല്ലാ വിശുദ്ധിയും ഒത്തു ചേർന്ന ആ ചിത്രത്തെക്കുറിച്ചുള്ള അനുഭവം അദ്ദേഹം പങ്കു വയ്ക്കുന്നു.
അവധിക്കു ശേഷം തിരുവനന്തപുരത്തെ വീട്ടിൽനിന്നു ജോലി സ്ഥലമായ ആലപ്പുഴയ്ക്കു പോകുമ്പോഴാണ് ശബരിമലയിലേക്കു പോകാനുള്ള നിർദേശം എനിക്കു ലഭിക്കുന്നത്. പത്തനംതിട്ട ഒാഫിസിലെത്തിയ ശേഷം അവിടെനിന്ന് മറ്റൊരു വണ്ടിയിൽ ശബരിമലയ്ക്കു തിരിച്ചു. മുൻപ് പല തവണ ശബരിമലയിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ജോലി സംബന്ധമായി എത്തുന്നത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പി.കെ. ശശികലയുമൊക്കെ ശബരിമലയിൽ വരുന്ന ദിവസമായിരുന്നു. പക്ഷേ ഞാൻ ഓടിയെത്തിയപ്പോഴേക്ക് അവർ തിരിച്ചു പോയിരുന്നു.
ഉച്ച കഴിഞ്ഞ് സന്നിധാനത്തും പരിസരത്തുമൊക്കെ കറങ്ങി നടന്നു. ഒരു ചിത്രം എടുക്കാനായി ഒരുപാടു ശ്രമിച്ചു. ഒടുവിൽ ശ്രീകോവിലിനു മുന്നിലുള്ള കൊടിമരത്തിനു മുന്നിൽ നിലയുറപ്പിച്ചു. നേരത്തെ അവിടെ വന്നപ്പോഴൊക്കെ തൊഴുതു മടങ്ങുകയാണ് പതിവ്. എന്നാൽ ജോലി സംബന്ധമായി വന്നതിനാൽ ഞാൻ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു വീക്ഷിക്കാൻ തുടങ്ങി. പതിനെട്ടാം പടി കയറി വരുന്ന ഭക്തർ വലിയ നിർവൃതിയോടെയാണ് ശ്രീകോവിലിനു മുന്നിലേക്കെത്തുന്നത്. അവരുടെ കണ്ണുകൾ വിടരും, ചിരിക്കും, കരയും.. അങ്ങനെ വികാരപരമായി അവർ പെരുമാറും.
മലയാളികളെക്കാൾ കൂടുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കുറേകൂടി വൈകാരികമായി പെരുമാറുന്നത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ വലിയ ആരാധനയോടെയാണ് വരുന്നത്. ശരണം വിളികളും ഭക്തിഗാനങ്ങളുമെല്ലാം ചേർന്ന് സന്നിധാനത്ത് വലിയ അനുഭവമാണ് നൽക്കുന്നത്.
പതിനെട്ടാം പടി വളരെ കുത്തനെയുള്ള കയറ്റമാണ്. ആനയും മറ്റു മൃഗങ്ങളും കയറാതിരിക്കാൻ പണ്ട് അങ്ങനെ ഉണ്ടാക്കിയതാണ്. അവിടെ ഭക്തർ കയറുമ്പോൾ പിറകോട്ടു മറിഞ്ഞു വീഴാതിരിക്കാനാണ് പൊലീസുകാരെ ആ പടിയിൽ നിർത്തിയിരിക്കുന്നതു പോലും. അതുകൊണ്ട് മുകളിൽ നിൽക്കുന്ന ആർക്കും താഴെ എന്തു നടക്കുന്നു എന്നു കാണാനാകില്ല. പടി കയറി വരുന്ന ആളുകൾ പെട്ടെന്നു കയറിപ്പോകുകയാണല്ലോ. പടി കയറി ഏതാണ്ട് മുകളിൽ എത്താറാകുമ്പോൾ മാത്രമാണ് ആരാണ് എന്താണ് എന്ന് മനസ്സിലാകുന്നത്. ലെൻസിലൂടെ നോക്കിയപ്പോൾ എനിക്ക് ആ മൂന്നു പേരുടെയും പുഞ്ചിരികളാണ് കാണാനായത്. അവരുടെ മുഖഭാവങ്ങൾ പകർന്നു നൽകിയ ഉൗർജം ചെറുതല്ല. ഫ്രാക്‌ഷൻ ഒാഫ് എ സെക്കൻഡിൽ ഞാൻ ഇതു കാണുന്നു, ക്ലിക്ക് ചെയ്യുന്നു. അതുകൊണ്ടുതന്നെ ആ ചിത്രം ശരിക്ക് ഫോക്കസ് പോലുമായിട്ടില്ല.
ആ കുട്ടിയെ പിന്നെ ഞാൻ കണ്ടില്ല. ഒരുപാട് ആളുകൾ വരുന്നു, പോകുന്നു. ഇന്ന് ഞാൻ ആ കുട്ടിയെ ഒരുപാടു തിരഞ്ഞു. പക്ഷേ അങ്ങനെ പെട്ടെന്നു കണ്ടുപിടിക്കാനാവില്ലല്ലോ. ചിത്രം കണ്ട് ഒരുപാട് ആളുകൾ വിളിച്ചു, അഭിനന്ദിച്ചു. സംഘർഷങ്ങൾ മാത്രമല്ല ഇവിടെയുള്ളതെന്ന് ഇൗ ഒരു ചിത്രം കൊണ്ടു മനസ്സിലാക്കാനായതിൽ സന്തോഷം. ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ പോലും അതിനു വലിയ പ്രതിഫലനമാണ് ഉണ്ടാകുന്നത്. അല്ലാതെ സന്നിധാനത്ത് വലിയ സംഘർഷങ്ങൾ ഇല്ല എന്നതാണ് എനിക്ക് കാണാനായത്. അത് ആളുകളിലേക്ക് എത്തിക്കാൻ ഇൗ ചിത്രത്തിനും സാധിച്ചെന്നാണ് വിശ്വാസം.