18 അടി ഉയരമുള്ള കേക്ക്; താമസിക്കാൻ തരുമോ എന്ന് ട്രോൾ

nick-priyanka-wedding-cake-viral

പ്രിയങ്ക–നിക് വിവാഹത്തിൽ ശ്രദ്ധേയ താരമായി കേക്കും. ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ 18 അ‌ടി ഉയരത്തിലുള്ള കേക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങളും ട്രോളുകളായി മാറി. 

ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിൽ കേക്കു മുറിക്കുന്നതും മധുരം പങ്കിടുന്നതുമായ ചടങ്ങുണ്ട്. സാധാരണ കത്തി കൊണ്ടാണു കേക്ക് മുറിക്കുക എന്നാൽ, പ്രിയങ്കയും നിക്കും ഉപയോഗിച്ചതു വാളാണെന്നാണ് ചിലർ പറയുന്നത്. കേക്ക് മുറിക്കുന്നതു കണ്ടാല്‍ കാലികളെ അറക്കുന്നതു പോലെ തോന്നുന്നു എന്നും ചില വിരുതന്മാർ കമന്റ് ചെയ്തിട്ടുണ്ട്. കേക്ക് മുറിക്കൽ ചടങ്ങാണെന്നും കേക്കിനെ കൊല്ലൽ ചടങ്ങല്ലെന്നും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. വാടകയ്ക്കു താമസിക്കാനായി ഈ കേക്ക് ബുക്ക് ചെയ്യാനാവുമോ എന്നറിയണം ചിലർക്ക്. ബാക്കിയുള്ള കേക്കിന്റെ ഒരു കഷ്ണമാണു മറ്റു ചിലർക്കു വേണ്ടത്. 

ഇത്തരത്തിൽ നിരവധി രസകരമായ ട്രോളുകളും കമന്റുകളുമായി സമൂഹമാധ്യമത്തിൽ കേക്ക് താരമായി. വിവാഹസൽകാരത്തിനു നേതൃത്വം നൽകാനായി കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നു നിക്ക് കൊണ്ടുവന്ന നിക്കിന്റെ ഷെഫുകളാണ് കേക്ക് ഒരുക്കിയതെന്നു റിപ്പോർട്ടുകളുണ്ട്. 

വിവാദങ്ങളും വിമർശനങ്ങളും രസകരമായ നിമിഷങ്ങൾകൊണ്ടും ശ്രദ്ധേയമാണു പ്രിയങ്ക–നിക് വിവാഹം. മൂന്നു മിനിറ്റു നീണ്ട വെടിക്കെട്ട് വിവാഹത്തിന്റെ ഭാഗമായി ഒരുക്കിയത് നിരവധി ട്രോളുകൾക്കും വിമർശനത്തിനും വഴി ഒരുക്കിയിരുന്നു. ആനയേയും കുതിരയേയും ഉപയോഗിച്ചതിനെതിരെ മൃഗാവകാശ സംരക്ഷണ സംഘടനയായ പെറ്റയും രംഗത്തെത്തിയിരുന്നു.