മോഷ്ടിക്കാൻ കയറിയ കള്ളൻ പുകക്കുഴലില്‍ കുടുങ്ങി കിടന്നത് രണ്ടു ദിവസം. ഒടുവിൽ സുരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണു സംഭവം. സമീപത്തുള്ള പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഭക്ഷണശാലയിൽ നിന്നു ‘രക്ഷിക്കണേ’ എന്നു വിളികേട്ടെത്തിയ യുവാവാണ് തിരച്ചിലിനൊടുവിൽ പുകക്കുഴലിൽ കുടുങ്ങിയിരിക്കുന്ന ആളെ കണ്ടത്. ശരീരത്തിൽ ഗ്രീസ് പറ്റിപിടിച്ച് അനങ്ങാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ.
ഇതു കണ്ട യുവാവ് ഉടനെ സുരക്ഷാ സേനയേയും പൊലീസിനെയും വിവരം അറിയിച്ചു. ഇവരെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണു ഇയാളെ പുറത്തെത്തിച്ചത്. രണ്ടു ദിവസമായി പുകക്കുഴലിൽ കുടുങ്ങി കിടക്കുകയായിരുന്ന ഇയാൾ രക്ഷപ്പെടാനാകാതെ വന്നതോടെ ശബ്ദം ഉയർത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. നിർജലീകരണം സംഭവിച്ചു ശാരീരികമായ തളർന്നിരുന്ന ഇയാളെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
മോഷണ ശ്രമമാണ് ഇത്തരമൊരു അവസ്ഥയിൽ കലാശിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണു തീരുമാനം. സമൂഹമാധ്യമത്തിലൂടെ ഈ സംഭവം പങ്കുവെച്ച അൽമെയ്ഡ പൊലീസ് വിവരമറിയിച്ച വ്യക്തിക്കും ഇയാളെ രക്ഷിച്ച സുരക്ഷാ സേനയ്ക്കും നന്ദി അറിയിച്ചു.