ടിക് ടോകിൽ തിളങ്ങി മനോജിന്റെയും ഉർവശിയുടേയും കുഞ്ഞാറ്റ

സിനിമാ താരങ്ങളായ മനോജ് .കെ ജയന്റേയും ഉർവശിയുടേയും മകളാണ് തേജാലക്ഷ്മി. അഭിനയത്തിൽ മലയാളികളുടെ അഭിമാനമായ താരങ്ങളുടെ പുത്രി താനും അഭിനയത്തിൽ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചിരിക്കുകയാണ്. യുവാക്കൾക്കിടയിൽ ഹരമായി മാറിയ ടിക് ടോകിലൂടെയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെ ഗംഭീരപ്രകടനം.

ടിക് ടോകിൽ കുഞ്ഞാറ്റ ഒരു കൈ നോക്കിയപ്പോൾ അമ്മ ഉർവശിയും വല്യമ്മ കൽ‌പനയും സ്ക്രീനിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളും വിട്ടുകളഞ്ഞില്ല. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ ഉർവശി ‘കടുക് വറ കടുക് വറ’ എന്ന സംഭാഷണമാണു കുഞ്ഞാറ്റ തിരഞ്ഞെടുത്തത്. ദിലീപ്, രജിഷ വിജയൻ, നമിത പ്രമോദ് എന്നിവരുടെ സംഭാഷണങ്ങളും കുഞ്ഞാറ്റ ടിക് ടോക് ചെയ്തിരുന്നു. 

ടിക് ടോക് വിഡിയോ വൈറലായതിനു പിന്നാലെ അച്ഛന്റെയും അമ്മയുടെയും ചുവടുപിടിച്ച് കുഞ്ഞാറ്റയും സിനിമാരംഗത്തെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മികച്ച പ്രതികരണമാണ് തേജാലക്ഷ്മിയുടെ വിഡിയോക്കു ലഭിക്കുന്നത്.