ടിക്‌ടോക്കിലെ ഇപ്പോഴത്തെ താരം ആൽവിൻ ഇമ്മട്ടിയാണ്. കക്ഷിയെ വൈറൽ ആക്കിയതാകട്ടെ നമ്മുടെ സ്വന്തം കലക്ടർ ബ്രോ പ്രശാന്ത് ഐഎഎസും. ബാഹുബലിയിലെ ധീവര... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നമ്മൾ സ്വപ്നത്തിൽ പോലും കാണാത്ത മലയാളം വരികളുമായി ടിക്ടോക്കിൽ എത്തിയ ആൽവിനെ കലക്ടർ ബ്രോ സ്വന്തം എഫ്ബി വാളിലേക്ക് ചേർത്തു. ഹർത്താലിന്റെ കാര്യത്തിൽ മലയാളികൾ സ്വീകച്ചിരിക്കുന്ന സമീപനത്തെപ്പറ്റി പറഞ്ഞു, ആര് എന്ത് പറഞ്ഞാലും നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതേ ചിലർ കേൾക്കൂ. മനസ്സിലാക്കൂ... എന്ന് കലക്ടർ ബ്രോ കുറിച്ചപ്പോൾ കൂടെ ഉദാഹരണമായി ചേർത്തത് ആൽവിൻ ഇമ്മട്ടി ചെയ്ത ധീവര എന്ന ഗാനത്തിന്റെ ടിക് ടോക് വീഡിയോ ആയിരുന്നു.
ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന ആൽവിൻ ഇമ്മട്ടിക്ക് അഭിനന്ദനം എന്ന് കലക്ടർ കുറിക്കുക കൂടി ചെയ്തപ്പോൾ ആൽവിൻ കമന്റ് രൂപത്തിൽ അഭിനയം മാത്രമേ എന്റേതുള്ളൂ വരികൾ മറ്റാരുടെയോ ആണ് എന്നറിയിച്ചു. ആ സത്യസന്ധമായ ഉത്തരത്തിനു കയ്യടിച്ച ജനങ്ങൾ ആൽവിനെ വൈറൽ ആക്കി. അമേരിക്കയിലെ ഫ്‌ലോറിഡയിൽ മൂന്നാം സെമസ്റ്റർ നഴ്‌സിംഗ് വിദ്യാർഥിയാണ് ആൽവിൻ. നാട്ടിൽ തൃശൂർ ആണ് സ്വദേശം. കഴിഞ്ഞ ഒരു വർഷമായി ടിക് ടോക്കിൽ സജീവമായ ആൽവിന് നടന്നതൊക്കെയും ഒരത്ഭുതം എന്നെ വിശ്വസിക്കാൻ കഴിയുന്നുള്ളൂ.
''നേരമ്പോക്കിന് വേണ്ടി ഇടക്കിടക്കു ടിക് ടോക്ക് വീഡിയോകൾ ചെയ്യാറുണ്ട്. എന്നാൽ വൈറൽ ആയി മാറിയത് ഇപ്പോഴാണ്. കലക്ടർ ബ്രോയുടെ ഒരു ആരാധകനാണ് ഞാൻ. അതുകൊണ്ട് തന്നെ അദ്ദേഹം എന്റെ വീഡിയോ ഷെയർ ചെയ്‌തുകണ്ടപ്പോൾ വലിയ സന്തോഷമായി. ഇവിടെ സൗത്ത് ഫ്ലോറിഡ മുഴുവൻ ഞാൻ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ മലയാളികളുടെ കടുത്ത പിന്തുണയുണ്ട്. നാട്ടിലും എല്ലാവരും തികഞ്ഞ പ്രോത്സാഹനമാണ്. ഭാവിയിൽ സിനിമയിൽ കയറണം എന്നാണ് ആഗ്രഹം. അഭിനയ മോഹിയായതിനാലാണ് ഇത്തരത്തിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. അതിനെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നു എന്നതിൽ സന്തോഷം'' ആൽവിൻ ഇമ്മട്ടി പറയുന്നു.
പഠനശേഷം സിനിമ മോഹം വളരെ ഗൗരവമായി മുന്നോട്ട് കൊണ്ട് പോകാനാണ് ആൽവിൻ ആഗ്രഹിക്കുന്നത്. ഒപ്പം ആ പാട്ടിന് കളക്ടർ ബ്രോ പറഞ്ഞത്ര വലിയ ഫിലോസഫി ഉണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ല എന്നും പാട്ടിന്റെ മലയാളം വരികൾ എഴുതിയ വ്യക്തി ആരായാലും അദ്ദേഹത്തിന് താൻ തനിക്ക് ലഭിച്ച അഭിനന്ദനങ്ങൾ പങ്കുവയ്ക്കുന്നു എന്നും ആൽവിൻ പറയുന്നു.
അടിച്ചു മാറ്റലുകളുടെ ഈ ലോകത്ത് തനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ യഥാർഥ അവകാശിക്ക് പങ്കുവച്ചുകൊണ്ട് ആൽവിൻ മാതൃകയാവുകയാണ്.