മകന്റെ പ്രേതത്തെ സിസിടിവി ക്യാമറയിൽ കണ്ടെന്ന അവകാശവാദവുമായി ഒരമ്മ. അടുക്കളയിലെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചാണു ജോർജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫർ ഹോഡ്ജ് രംഗത്തെത്തിയത്. അടുക്കളയിൽ ആരോ ഉണ്ടെന്ന സന്ദേശം ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈലിൽ ലഭിക്കുകയായിരുന്നു. ഇതിനൊപ്പമുള്ള ചിത്രത്തിലുള്ളത് മകന്റെ പ്രേതമാണ് എന്നാണു വാദം.
ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയിൽ ഒരാളുണ്ടെന്ന സന്ദേശം മൊബൈലിൽ ലഭിക്കുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാൽ മുന്നറിയിപ്പു നൽകുന്ന സുരക്ഷാ സംവിധാനമാണിത്. അകത്തു പ്രവേശിച്ച ആളുടെ ചിത്രം ബന്ധപ്പെട്ട മൊബൈൽ നമ്പറില്‍ തെളിയും.
ഈ സന്ദേശം തുറന്നു നോക്കിയ ജെന്നിഫറും ലോറനും ഞെട്ടി. അതാ പൈജാമയണിഞ്ഞു നിൽക്കുന്ന ഒരു പുരുഷരൂപം. മരിച്ചു പോയ മകൻ റോബിയെപ്പോലെ! പിന്നാലെ ജെന്നിഫറും മകളും അടുക്കളയിലേക്കു ഓടിയെത്തി. എന്നാൽ അങ്ങനെ ഒരു രൂപമുണ്ടായിരുന്നതിന്റെ യാതൊരു തെളിവും അവിടെ അവശേഷിച്ചിരുന്നില്ല.
ആ ചിത്രം കണ്ടതോടെ താൻ ആകെ ഭയപ്പെട്ടുവന്നും എന്നാൽ മകൻ സ്വർഗത്തിൽ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്നു വിശ്വസിക്കുന്നതിനാൽ ആശ്വാസം തോന്നുന്നുവെന്നും ജെന്നിഫർ പ്രതികരിച്ചതായി കെന്നഡി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുകയാണ് ജെന്നിഫർ.
അമിതമായ അളവിൽ മരുന്ന് ശരീരത്തിൽ എത്തിയതിനെത്തുടർന്നു 2016ൽ, 23–ാം വയസ്സിലാണു റോബിയുടെ മരണം. എന്തായാലും അടുക്കളയിൽ കണ്ട േപ്രതത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടുള്ള ചർച്ചകളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.