കച്ചവടം നിസാരകാര്യമൊന്നുമല്ല. ഒരു സാധനം വിൽക്കണമെങ്കിൽ പഠിച്ച പണി പതിനെട്ടും നോക്കേണ്ടി വരും. ടെലിബ്രാന്റ് ഷോപ്പിങ്ങിൽ ചുറ്റിക ഉപയോഗിച്ചുള്ള അടിയാണു പ്രധാനം. എന്നാൽ വഴിയോര കച്ചവടത്തിൽ തന്ത്രങ്ങൾ വേറെയാണ്. അങ്ങനെ ഒരു കച്ചവടശ്രമവും അത് പാളിയതിന്റെ വിഡിയോയും കണ്ട് ചിരിക്കുകയാണ് സോഷ്യൽ ലോകം.
പ്ലാസ്റ്റിക് പാത്രം വിൽക്കുന്നയാൾ അതിന്റെ കരുത്ത് കാണിക്കാൻ നടത്തിയ ശ്രമമാണു പാളിയത്. വാങ്ങാനെത്തിയ ആൾക്ക് പാത്രത്തിന്റെ ഉറപ്പിലൊരു സംശയം. രണ്ടു പാത്രങ്ങളെടുത്ത് പതുക്കെ ഒന്നു കൂട്ടിയടിച്ചു നോക്കി. ഇതുകണ്ട കച്ചവടക്കാരൻ ഒന്നും നോക്കിയില്ല. ആ പ്ലാസ്റ്റിക് പാത്രങ്ങൾ പിടിച്ചു വാങ്ങി നല്ല ശക്തിയായി കൂട്ടിയടിച്ചു. എന്നാൽ കൂട്ടിയടി തുടർന്നതോടെ പണി ഒന്നു പാളി. ഒരു പാത്രം കഷ്ണങ്ങളായി ചിതറി.
ഇതുകണ്ടു വാങ്ങാനെത്തിയ ആളുടെ മുഖത്തു ചിരി. ആദ്യം ഒന്ന് അമ്പരന്നെങ്കിലും കച്ചവടക്കാരനും ഒരു ചമ്മിയ ചിരി ചിരിച്ചു. ഒരു പ്ലാസ്റ്റിക് പാത്രമല്ലേ വാങ്ങുന്നത്, അതിന് ഇത്ര ഉറപ്പ് നോക്കേണ്ട ആവശ്യമുണ്ടോ എന്നാണു വിഡിയോ കാണുന്നവർ ചോദിക്കുന്നത്. രസകരമായ ഈ കച്ചവട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.