‘പബ്ജി’ തരംഗത്തിൽ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾക്ക് കയ്യടി

പ്ലേയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട് അഥവാ പബ്ജി എന്ന ഷൂട്ടിങ് ഗെയിം  വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ ഗെയമിനു കുട്ടികൾ അഡിക്റ്റ് ആകുന്നതായും പഠനത്തെ ബാധിക്കുന്നുവെന്നുമാണു വിമർശനങ്ങൾ. പബ്ജി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പല സംഘടനകളും രംഗത്തുവരുന്നു. എന്നാൽ നിരോധന നീക്കങ്ങൾക്കെതിരെ യുവാക്കളും കൗമാരക്കാരും സമൂഹമാധ്യമങ്ങളിലൂടെ കനത്ത പ്രതിഷേധമറിയിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും പബ്ജി തരംഗം തുടരുകയാണ്. പബ്ജി ഗെയിം മാതൃകയിൽ നടത്തിയ ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാണ്.  

സോഫ്റ്റ്‌വെയർ എൻജിനീയറായ ആകാശ് ബി ജെയ്നിന്റെയും സൊനാലിയുടെയും പ്രീ വെഡ്ഡിങ് ഷൂട്ടാണ് പബ്ജി മോഡലിൽ നടത്തിയത്. പബ്ജി കളിച്ചുണ്ടായ അഡിക്ഷനാണ് ഇത്തരം ഒരു ആശയത്തിലെത്താൻ കാരണമെന്നു ആകാശ്. ഫോട്ടോഷൂട്ട് നടത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല പ്രതികരണങ്ങൾ ലഭിച്ചു തുടങ്ങിയെന്നും എന്നാൽ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്നു കരുതിയില്ലെന്നും ആകാശ് പറയുന്നു. 

മുംബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഫോട്ടോഗ്രാഫർ ഹർഷ് സാൽവിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.  സമാനമായ ഫോട്ടോഷൂട്ട് നടത്തണമെന്ന് ആവശ്യവുമായി നിരവധിപ്പേർ വിളിക്കുന്നതായി ഹർഷ് പറയുന്നു. ‘‘ ഞാന്‍ പബ്ജി കളിക്കാൻ തുടങ്ങിയട്ട് കുറച്ചു കാലമായി.  പബ്ജിയെ ആസ്പദമാക്കി ഒരു പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് എന്ന ആവശ്യം കേട്ടപ്പോൾ അദ്ഭുതം തോന്നി. എന്തായാലും ഫോട്ടോഷൂട്ട് വിചാരിച്ചതിലും നന്നാവുകയും ചിത്രങ്ങൾ വൈറലാവുകയും ചെയ്തു.’’– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹർഷ് വ്യക്തമാക്കി. 

ഒക്ടോബറിലായിരുന്നു ആകാശിന്റെയും സൊനാലിയുടെയും പ്രീവെഡ്ഡിങ് ഷൂട്ടത്. കാട്ടിൽ തങ്ങളുടെ കൈവശമുള്ള ആയുധങ്ങളുമായി അതിജീവിക്കുന്ന ദമ്പതികളെയാണു ഫോട്ടോഷൂട്ടിൽ കാണാനാവുക. പബ്ജി ഇന്ത്യയിൽ ജനപ്രീതി ആര്‍ജ്ജിച്ചതോടെ ഇവരുടെ ഫോട്ടോഷൂട്ട് വൈറലാവുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി ഷൂട്ടുകൾ ഇതിനിടയിൽ നടക്കുകയും ചെയ്തു. എന്തായാലും പബ്ജി  ഫോട്ടോഷൂട്ടിനു ജനപ്രീതി വർധിക്കുകയാണ്.