‘വെറുതെ വീട്ടിലിരിക്കൽ എളുപ്പമല്ല’ ; ലോക്ഡൗണിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളന്മാർ
Mail This Article
ചിരിപ്പിക്കാൻ മാത്രമല്ല നാട് ദുരിതത്തിലാകുമ്പോൾ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകി പ്രതിബന്ധതയോടെ പ്രവർത്തിക്കാന്‍ സാധിക്കുമെന്ന് മുമ്പും തെളിയിച്ചിട്ടുണ്ട് ട്രോളന്മാർ. ഏതാനും ദിവസങ്ങളായി കൊറോണ വൈറസും ലോക്ഡൗണുമാണ് ട്രോളുകളിലെ മുഖ്യ വിഷയം. കോവിഡിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള മാര്‍ഗനിർദേശങ്ങളുമായി ട്രോൾ പേജുകൾ സജീവമായിരുന്നു. ഇപ്പോൾ ലോക്ഡൗണിലെ ജീവിതാവസ്ഥകളാണ് ട്രോളുകളിൽ നിറയുന്നത്.
ലോക്ഡൗണിലായതോടെ വീട്ടിൽ വെറുതെ ഇരിക്കുന്നവരുടെ അവസ്ഥകളും നിർദേശങ്ങൾ അവഗണിച്ച് കാഴ്ചകൾ കാണാൻ ഇറങ്ങുന്നവരെ കളിയാക്കുന്നതുമായ ട്രോളുകളാണ് കൂടുതലും. ലോക്ഡൗൺ ആയപ്പോൾ മൊബൈലിൽ കളിച്ചിരിക്കാമെന്നു കരുതി. പക്ഷേ, അച്ഛന്‍ തരുന്ന ജോലികൾ ചെയ്തു തീർക്കാനേ ഇപ്പോൾ സമയമുള്ളൂ എന്നതാണ് ചില യുവാക്കളുടെ അവസ്ഥ.
വീട്ടിലെ സ്വിച്ചുകളുടെയും ടൈൽസിന്റെയും എണ്ണമെടുത്ത് സമയം കളയേണ്ട അവസ്ഥയിലാണ് ചിലർ. എന്നാൽ വർഷങ്ങളായി വെറുതെ വീട്ടിലിരിക്കുന്ന യുവാക്കൾക്ക് ഇതൊന്നും പ്രശ്നമല്ലെന്നാണ് ട്രോളന്മാർ പറയുന്നത്.
പണിക്കു പോകാതെ വീട്ടിലിരിക്കുന്നതിന് മക്കളെ കളിയാക്കിയവരോട് ഇതെത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നു മനസ്സിലായോ എന്നു ചോദിക്കുന്നുണ്ട്. യുവാക്കളുടെ ഹരമായി മാറിയ PUBG ഗെയിം ഇപ്പോൾ അച്ഛന്മാർക്കും പ്രിയപ്പെട്ടതായിരിക്കുന്നു.
ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ഗംഭീര ഭക്ഷണമായിരുന്നുവെങ്കിൽ ഇപ്പോൾ കഞ്ഞിയും മുളകും മാത്രമേയുള്ളൂ. ചക്ക പല പേരുകളിൽ കറിവെച്ചു തരുന്ന അമ്മമാരും ട്രോളന്മാരുടെ ഭാവനയില്‍ നിറഞ്ഞു.
വിറക് വെട്ടാൻ ഒരുങ്ങുന്ന ചെറുപ്പക്കാരനോട്, ‘കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതാക്കരുത്’ എന്നു പറഞ്ഞ് കാലുപിടിക്കുന്ന മണ്ണിര. ഒരു മണിക്കൂര്‍ ഇടവിട്ട് ചായ കുടിക്കുന്ന അച്ഛൻ. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പെങ്ങളുടെ ഡാറ്റ തീർക്കുന്ന സഹോദരൻ. പൊലീസ് ആളുകളെ അടിച്ചോടിക്കുന്നതു കാണാൻ പോയി അടി കിട്ടി തിരിച്ചുവരുന്ന ചങ്ക്..... എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.
സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ വിമർശിക്കാനും ലോക്ഡൗണിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനും ശ്രമിക്കുന്ന ട്രോളുകളുമുണ്ട്. മറ്റെല്ലാ പ്രതിബന്ധങ്ങളേയും പോലെ കോവിഡിനെയും മറികടക്കുമെന്ന പ്രത്യാശയും ട്രോളുകളിലൂടെ പങ്കുവയ്ക്കുന്നു.
English Summary : How lockdown affected life, trolls