ആ യാത്രയിൽ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ ജനിച്ചു; കറങ്ങിത്തിരിഞ്ഞ് സിനിമയിലുമെത്തി: സുധീർ പറവൂർ
ചെല്ലപ്പൻ ചേട്ടാ, ചായക്കടേലെന്തുണ്ട് തിന്നാൻ ഉച്ചക്കത്തെ ചോറും ചാറും ഉരുട്ടി പൊരിച്ചൊരു കിടിലൻ ബോണ്ട താരാം തങ്കംപോലുള്ളൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു, തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു ബോണ്ടയ്ക്കകത്തുള്ള പുഴുക്കളങ്ങനെ കളികളായി ചിരികളായി വിളികളായി ഹോഹോഹോ
ചെല്ലപ്പൻ ചേട്ടാ, ചായക്കടേലെന്തുണ്ട് തിന്നാൻ ഉച്ചക്കത്തെ ചോറും ചാറും ഉരുട്ടി പൊരിച്ചൊരു കിടിലൻ ബോണ്ട താരാം തങ്കംപോലുള്ളൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു, തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു ബോണ്ടയ്ക്കകത്തുള്ള പുഴുക്കളങ്ങനെ കളികളായി ചിരികളായി വിളികളായി ഹോഹോഹോ
ചെല്ലപ്പൻ ചേട്ടാ, ചായക്കടേലെന്തുണ്ട് തിന്നാൻ ഉച്ചക്കത്തെ ചോറും ചാറും ഉരുട്ടി പൊരിച്ചൊരു കിടിലൻ ബോണ്ട താരാം തങ്കംപോലുള്ളൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു, തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു ബോണ്ടയ്ക്കകത്തുള്ള പുഴുക്കളങ്ങനെ കളികളായി ചിരികളായി വിളികളായി ഹോഹോഹോ
സാറാസ് സിനിമയുടെ റിലീസിനുശേഷം ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ എന്ന വരികൾ വീണ്ടും വൈറലായിരിക്കുകയാണ്. നായക കഥാപാത്രത്തിനോട് സഹോദരിയുടെ മകൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു എന്നു തുടർച്ചയായി പാടാൻ ആവശ്യപ്പെടുന്നതും അപ്രതീക്ഷിതമായി ‘മിണ്ടാതിരിക്കെടാ, കൊറേ നേരായി അവന്റെ ഒരു കുഞ്ഞിപ്പുഴു’ എന്നു പറയുന്നതും സിനിമയില്‍ ഏറ്റവുമധികം ചിരിപടർത്തിയ രംഗങ്ങളിൽ ഒന്നാണ്. കലാസംവിധായകൻ മോഹന്‍ദാസിന്റെ മകനാണ് ഇത്തരമൊരു ആശയത്തിനു പ്രചോദനമായതെന്ന് സാറാസിന്റെ സംവിധായകൻ ജൂഡ് ആന്റണി വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ കൊച്ചു കുട്ടികളെ വല്ലാതെ ആകർഷിച്ച, മുൻപ് ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം തരംഗം തീർത്ത ഈ വരികള്‍ ഉടമസ്ഥാവകാശം എത്തിനിൽക്കുക കോമഡി ആർട്ടിസ്റ്റ് സുധീർ പറവൂരിലാണ്. മഴവിൽ മനോരമയിലെ കോമഡി സർക്കസ് ഷോയിൽ അവതരിപ്പിച്ച സ്കിറ്റില്‍ ഉപയോഗിച്ച പാട്ടിന്റെ വരികളില്‍ ഒന്നാണിത്. പലരും അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടെങ്കിലും തന്റെ കുഞ്ഞിപ്പുഴു സിനിമയിൽ എത്തുമെന്ന് സുധീർ ഒരിക്കലും കരുതിയിരുന്നില്ല. തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴുവിന്റെ ജനനത്തെക്കുറിച്ച് സുധീർ മനോരമ ഓൺലൈനോട് പറയുന്നു.
∙ കുഞ്ഞിപ്പുഴുവിന്റെ ‘ജനനം’ എങ്ങനെയാണ് ?
‘‘ചെല്ലപ്പൻ ചേട്ടാ, ചായക്കടേലെന്തുണ്ട് തിന്നാൻ
ഉച്ചക്കത്തെ ചോറും ചാറും ഉരുട്ടി പൊരിച്ചൊരു കിടിലൻ ബോണ്ട താരാം
തങ്കംപോലുള്ളൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു,
തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു
ബോണ്ടയ്ക്കകത്തുള്ള പുഴുക്കളങ്ങനെ കളികളായി ചിരികളായി വിളികളായി ഹോഹോഹോ’’ – ഇതാണ് ആ വരികൾ.
2017ൽ കോമഡി സർക്കസ് ഷോയിൽ മത്സരിക്കുമ്പോഴാണ് ഈ പാട്ട് ആദ്യമായി വേദിയിൽ അവതരിപ്പിക്കുന്നത്. ഷോയിലെ ഞങ്ങളുടെ ആദ്യ സ്കിറ്റ് ആയിരുന്നു അത്. അമ്പിളി എന്ന കുട്ടിയായിരുന്നു അന്ന് എന്റെ പെയർ. ഒരു പെണ്ണു കാണൽ ചടങ്ങായിരുന്നു സ്കിറ്റിന്റെ തീം. ഈ പാട്ടുകേട്ട് സഹിക്കാനാവാതെ അമ്പിളി ‘ഛീ നിർത്തെടാ, നീയും നിന്റെ ഒരു കുഞ്ഞിപ്പുഴുവും’ എന്നു പറയുകയും എന്നെ ആട്ടിയോടിക്കുകയും ചെയ്യുന്നിടത്താണ് സ്കിറ്റ് അവസാനിക്കുന്നത്.
ഒരു യാത്രയിലാണ് ‘കുഞ്ഞിപ്പുഴു’ ജനിച്ചത്. ഒരു ഷോ കഴിഞ്ഞ് മടങ്ങി ഹരിശ്രീ അശോകൻ ചേട്ടനും സംഘത്തിനുമൊപ്പം ഡൽഹിയിൽ നിന്നു മടങ്ങി വരികയായിരുന്നു. ട്രെയിനിലാണ് യാത്ര. അന്ന് എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ഒരു രസത്തിന് പാടിയതാണ്. ‘അധ്യായം ഒന്നു മുതൽ’ എന്ന സിനിമയിലെ ‘ഇല്ലില്ലം കാവിൽ’ എന്ന പാട്ടിന്റെ താളത്തിലാണു പാടിയത്. അന്ന് രണ്ടു വരികളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്കിറ്റിനായി വികസിപ്പിക്കുകയായിരുന്നു.
∙ പാട്ടിന് ഇത്ര സ്വീകാര്യത കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?
ഒരിക്കലുമില്ല. ആ സമയത്ത് തമാശയുണ്ടാക്കുക എന്നതിലുമപ്പുറം നമ്മൾ വേറെ ഒന്നും ചിന്തിക്കുന്നില്ലല്ലോ. പിന്നീട് ടിക്ടോക്കിലൂടെയാണ് പാട്ട് വൈറലാകുന്നത്. സ്കിറ്റിലെ പാട്ടിന്റെ ഭാഗം ടിക്ടോക്കിൽ നിരവധിപ്പേർ അവതരിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കൾ അങ്ങനെയുള്ള വിഡിയോകൾ കാണുമ്പോൾ എനിക്ക് അയച്ചു തരും. അപ്പോൾ സന്തോഷം തോന്നും. കൊച്ചു കുട്ടികൾക്കാണ് ഈ വരികൾ കൂടുതൽ ഇഷ്ടമായത്. എന്തായാലും കുഞ്ഞിപ്പുഴു കറങ്ങിത്തിരിഞ്ഞ് സിനിമയിൽ എത്തുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു വരിയാണെങ്കിലും കണ്ടപ്പോൾ സന്തോഷം തോന്നി. സിനിമയിൽ വന്നതോടെ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ വീണ്ടും തരംഗമായി. മികച്ചൊരു തമാശ രംഗം ആ വരികളിൽനിന്ന് ഉണ്ടായല്ലോ. സന്തോഷം മാത്രം.
∙ ‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തേ’, ‘ക്രൂരൻ കാക്കേ കൂടെവിടെ’... ഇങ്ങനെ വേറെയും പാട്ടുകൾ വൈറലായിട്ടുണ്ട്. ഇത്തരം പാട്ടുകൾ ഉണ്ടാക്കുന്നത് ചെറുപ്പം മുതലുള്ള ശീലമാണോ ?
ഒരിക്കലുമല്ല. മിമിക്രി രംഗത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്നയാളാണ് ഞാൻ. ചെറുപ്പത്തിൽ പാട്ടു പാടാനായിരുന്നു ഇഷ്ടം. നാട്ടിലെ പരിപാടികളിൽ മാത്രം പാടിയിരുന്നു ഒരു കൊച്ചു ഗായകൻ. പതിയെ മിമിക്രി പരിപാടികളുടെ ഭാഗമായിത്തുടങ്ങി. പിന്നീട് ഇതു ജീവിത മാർഗമാക്കാൻ തീരുമാനിച്ചു. ആ സമയത്തൊക്കെ വല്ലപ്പോഴും ചില പാരഡി പാട്ടുകൾ ചെയ്യും എന്നല്ലാതെ പറയത്തക്ക രീതിയിൽ ഒന്നുമുണ്ടായിട്ടില്ല. ടെലിവിഷൻ ഷോകളുടെ ഭാഗമായി സ്കിറ്റുകൾ ചെയ്യുമ്പോഴാണ് ഇത്തരം പാട്ടുകൾ കൂടുതലായി ചെയ്തു തുടങ്ങിയത്.
ഏറ്റവുമധികം ശ്രദ്ധ നേടിയത് ‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തേ’ എന്ന പാട്ടായിരുന്നു. അത് വൈറലായി. ആറേഴ് വർഷം പിന്നിട്ടിട്ടും ഇപ്പോഴും ആ പാട്ട് ജനപ്രിയമായി തുടരുന്നു. ‘ക്രൂരൻ കാക്കേ’ എന്ന പാട്ട് അടുത്തിടെ ചെയ്തതാണ്. അതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
∙ കോവിഡ് കാലത്ത് കലാകാരന്മാരുടെ ജീവിതം എങ്ങനെ ?
പ്രളയത്തോടെ കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയിലായി. അതു പിന്നിട്ട് എല്ലാം പഴയതുപോലെ ആകുമെന്നു തോന്നിച്ച സാഹചര്യത്തിലാണ് കോവിഡ് എത്തിയത്. അതോടെ സ്ഥിതി രൂക്ഷമായി. ചാനല്‍ പരിപാടികളാണ് അവശേഷിക്കുന്ന വരുമാന മാർഗം. അതിൽ കുറച്ച് കലാകാരന്മാർക്കല്ലേ അവസരം ലഭിക്കൂ. മറ്റുള്ളവർ വേദനകൾ മറച്ചു വച്ച് ജീവിക്കുന്നു. പരസ്പരം സഹായിച്ചും നല്ലവരായ ചില മനുഷ്യരുടെ സഹായങ്ങൾ കൊണ്ടുമാണ് കലാകാരന്മാർ ഈ ദിവസങ്ങൾ തള്ളി നീക്കുന്നത്. ആഘോഷങ്ങളും സ്റ്റേജ് ഷോകളുമൊക്കെ ആരംഭിച്ചാലേ എല്ലാം പഴയതു പോലെ ആകൂ. കലാമേഖല ഉപേക്ഷിച്ചുള്ള ഒരു ജീവിതം സങ്കൽപിക്കാൻ കലാകാരനു സാധിക്കില്ല. അതുകൊണ്ട് പരമാവധി പിടിച്ചു നിൽക്കാനാണ് ഓരോരുത്തരുടെയും ശ്രമം. കോവിഡ് മാറി വേഗം എല്ലാം പഴയതു പോലെ ആകട്ടെ എന്നാണു പ്രാർഥന.
എന്റെ വ്യക്തിപരമായ കാര്യം പറയുകയാണെങ്കിൽ രമേഷ് പിഷാരടി പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സ്റ്റാൻഡ് അപ് കോമഡി ഷോയിൽ K7 മാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കിട്ടി. വിഷമഘട്ടത്തിൽ നിൽക്കുമ്പോഴാണ് പിഷാരടിയുടെ കോൾ വരുന്നതും K7 മാമൻ ആകുന്നതും. അത് എനിക്ക് വലിയ സഹായമായി.
പിന്നെ കോവിഡിന്റെ ആദ്യ തരംഗത്തിനുശേഷം ഷൂട്ടിങ്ങിന് അനുമതി കിട്ടിയ സമയത്ത് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനാകുന്ന കനകം കാമിനി കലഹം എന്ന സിനിമയിൽ അഭിനയിച്ചു. വളരെ നല്ലൊരു വേഷമാണ് ലഭിച്ചത്. അതാണ് ഏറ്റവും വലിയ സന്തോഷം. ആ സിനിമ ഇറങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
English Summary : Comedy Artist Sudheer Paravoor about the birth of Thullikalikkunna Kunjippuzhu Song