പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി, അപമാനം: ഇത് ‘പ്രാങ്കോ’ അതോ ഭ്രാന്തോ?
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രാങ്ക് വിഡിയോകൾ മിക്കതും ചിത്രീകരിക്കപ്പെടുന്നത്. ചിലതു കൃത്യമായി ആർട്ടിസ്റ്റുകളെ അണിനിരത്തി ചിത്രീകരിക്കുന്നതാണെങ്കിൽ മറ്റു ചിലതു കൃത്യമായി പൊതുജനങ്ങളെ വിഡ്ഢികളാക്കി ചിത്രീകരിക്കുന്നതാണ്....
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രാങ്ക് വിഡിയോകൾ മിക്കതും ചിത്രീകരിക്കപ്പെടുന്നത്. ചിലതു കൃത്യമായി ആർട്ടിസ്റ്റുകളെ അണിനിരത്തി ചിത്രീകരിക്കുന്നതാണെങ്കിൽ മറ്റു ചിലതു കൃത്യമായി പൊതുജനങ്ങളെ വിഡ്ഢികളാക്കി ചിത്രീകരിക്കുന്നതാണ്....
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രാങ്ക് വിഡിയോകൾ മിക്കതും ചിത്രീകരിക്കപ്പെടുന്നത്. ചിലതു കൃത്യമായി ആർട്ടിസ്റ്റുകളെ അണിനിരത്തി ചിത്രീകരിക്കുന്നതാണെങ്കിൽ മറ്റു ചിലതു കൃത്യമായി പൊതുജനങ്ങളെ വിഡ്ഢികളാക്കി ചിത്രീകരിക്കുന്നതാണ്....
പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, യൂട്യൂബും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ വ്ലോഗർമാർക്കായി കേന്ദ്രം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനിരിക്കുകയാണ്. അതിനിടെയാണ് തമിഴ്‌നാടിന്റെ മറ്റൊരു നീക്കം. പ്രാങ്ക് വിഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ വടിയെടുത്തിരിക്കുകയാണു സംസ്ഥാനം. പെൺകുട്ടികളെ അടക്കം അപമാനിച്ചു വിഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കോയമ്പത്തൂർ കേന്ദ്രമായുള്ള സംഘത്തിനെയാണു പൊലീസ് പൂട്ടിയത്. പിന്നാലെ ജില്ലയിൽ പ്രാങ്ക് വിഡിയോകൾ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പൊലീസ് നിരോധിച്ചു. ആശുപത്രിയിലേക്ക് ഉള്‍പ്പെടെ അത്യാവശ്യകാര്യങ്ങൾക്കായി ഓടുന്നവരെപ്പോലും പ്രാങ്കിന്റെ പേരിൽ ‘ഉപദ്രവിക്കാൻ’ തുടങ്ങിയതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തെത്തിയത്.
∙ കുരുക്കു വീണ വഴി
അപരിചിതരായ സ്ത്രീകളുടെ കൈകളിൽ പിടിക്കുക, അവർക്കൊപ്പം ഇരിക്കുക, പ്രകോപനപരമായ കമന്റുകളടിക്കുക തുടങ്ങി വിവിധ തരം പരിപാടികളുമായി കളം നിറയുന്ന സംഘം പിന്നീട് രഹസ്യം വെളിപ്പെടുത്തുകയും, പറ്റിക്കപ്പെട്ടെന്ന് അറിയുന്നതോടെ ഇരയാക്കപ്പെടുന്നവരുടെ മുഖത്തുണ്ടാകുന്ന ചമ്മൽ അടക്കം ചിത്രീകരിച്ച് യുട്യൂബിലും മറ്റും പ്രചരിപ്പിച്ച് വരുമാനമുണ്ടാക്കുകയുമായിരുന്നു ചെയ്തിരുന്നത്. സ്ത്രീകളെയും പ്രായമായവരെയും മറ്റുള്ളവരെയും ഉൾപ്പെടുത്തി തമാശ വിഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്ന കോവൈ 360 എന്ന യൂട്യൂബ് ചാനലിനെതിരെയാണു സൈബർ ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. 18 ലക്ഷം വരിക്കാരുള്ള കോവൈ 360 വ്യക്തികളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 ഡി, തമിഴ്‌നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷൻ 66 ഇ (ശിക്ഷ) പ്രകാരമുള്ള സെക്ഷൻ 4 (സ്ത്രീകളെ ഉപദ്രവിക്കൽ) ഐടി നിയമത്തിലെ സ്വകാര്യത ലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.
∙ മുൻപേ മദ്രാസ് ഹൈക്കോടതിയും
ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പ്രാങ്ക് ഷോകൾ’ നിരോധിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 2019ൽ ഉത്തരവിട്ടിരുന്നു. അഭിഭാഷകനായ മുത്തുകുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ജസ്റ്റിസ് കിരുബാകരൻ, ജസ്റ്റിസ് എസ്. എസ്. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഇതേ കേസിൽ, ടിക് ടോക്ക് സ്വമേധയാ നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്നും ബെഞ്ച് കേന്ദ്രത്തോടും ആവശ്യപ്പെട്ടു. പ്രാങ്ക് വിഡിയോയ്ക്ക് ആരാണോ ഇരയാകുന്നത് അത് അവരെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്നു മുത്തുകുമാർ ഹർജിയിൽ പറഞ്ഞു. ഇതു കോടതി അംഗീകരിച്ചു.‘ബ്ലൂ വെയിൽ’ ഗെംയിം സൃഷ്ടിച്ച വെല്ലുവിളികൾ പോലെ പോലെ മറ്റൊരു സൈബർ കുറ്റകൃത്യം സംഭവിക്കാൻ സർക്കാർ കാത്തിരിക്കാതെ നിലപാട് വ്യക്തമാക്കാനും അന്ന് കോടതി ആവശ്യപ്പെട്ടു.
∙ യുഎസ് ഓപ്പണിൽ തലമുടി വെട്ട്, എയർഹോൺ
യുഎസ് ഓപ്പൺ ടെന്നിസിനിടെ പ്രാങ്ക് വിഡിയോ ചിത്രീകരിക്കാൻ ശ്രമം നടന്നെന്നു പറഞ്ഞാൽ വിശ്വസിക്കുമോ..? നിക്ക് കിർഗിയോസും കാരെൻ ഖച്ചനോവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ജിഡിയോൺ എന്നറിയപ്പെടുന്ന ജിഡോൺ ആഡംസ് എന്ന യൂട്യൂബറാണു പ്രാങ്ക് വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചത്. രണ്ടാം നിരയിൽ ഇരുന്ന ഇയാൾ കൂടെയുള്ളയാളുടെ തല മൊട്ടയടിക്കാൻ തുടങ്ങി. ചുറ്റുമുള്ള ആളുകൾ ഇതോടെ മൊബൈൽ ഫോൺ പുറത്തെടുത്ത് ഇതു ചിത്രീകരിക്കാൻ തുടങ്ങി. നിശബ്ദത ഏറെ വേണ്ട ടെന്നിസ് മൈതാനത്തു ബഹളമായതോടെ കളി തടസ്സപ്പെട്ടു. സുരക്ഷാ ജീവനക്കാരെത്തി ഇരുവരെയും പുറത്താക്കി. നൊവാക് ജോക്കോവിച്ചും ജാനിക് സിന്നറും തമ്മിൽ ജൂലൈയിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ എയർ ഹോൺ മുഴക്കിയതിന് വിംബിൾഡൺ വേദിയിൽനിന്ന് ആജീവനാന്ത വിലക്കു നേരിടുന്നയാളാണ് ജിഡോൺ. 50 ലക്ഷത്തിലധികം വരിക്കാരുള്ള ഇയാൾക്കെതിരെ പലഭാഗത്തുനിന്ന് രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
∙ സൗദിയിൽ ‘പണി പാളും’
സമൂഹമാധ്യമങ്ങളിൽ പ്രാങ്ക് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത് സൗദി അറേബ്യയിൽ കുറ്റകരമാണ്. രാജ്യത്തെ സൈബർ ക്രൈം വിരുദ്ധ നിയമത്തിന്റെ ലംഘനമായാണ് ഇതു കണക്കാക്കുക. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം റിയാലാണു (ഏകദേശം 10 കോടി രൂപ) പിഴ. കൂടാതെ 3 വർഷം തടവുമുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് രണ്ട് ശിക്ഷകളും ഒരേ സമയം ലഭിക്കാം. സമ്മതത്തോടെയുള്ള തമാശയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇവ പോസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ലൈക്ക് ചെയ്യുകയോ റീട്വീറ്റ് ചെയ്യുകയോ ചെയ്‌താൽ അതും കുറ്റമായി കണക്കാക്കും. സമൂഹമാധ്യമങ്ങളിലെ തമാശകൾ ടിവിയിൽനിന്നുള്ള തമാശകളിൽ നിന്ന് വ്യത്യസ്തമായി മാത്രമേ കണക്കാക്കൂ. ടിവി ഷോകൾ ഓഡിയോ–വിഷ്വൽ മീഡിയ ജനറൽ കമ്മിഷന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്, അതേസമയം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ലംഘനങ്ങൾ സൈബർ ക്രൈം വിരുദ്ധ നിയമത്തിന് വിധേയമാണെന്നാണു സൗദിയുടെ നിലപാട്.
∙ പ്രാങ്കില്ലാ തമിഴ്നാട് വരുമോ..?
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും നിരീക്ഷിക്കാനും തടയാനും പ്രാങ്ക് വിഡിയോക്കാരെ നിയന്ത്രിക്കാനും തമിഴ്‌നാട് പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സൈബർ ക്രൈം വിങ് പൊലീസ് സൂപ്രണ്ടിന്റെ കീഴിലായിരിക്കും ടീമുകൾ പ്രവർത്തിക്കുക. സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളുടെയും കിംവദന്തികളുടെയും പോസ്റ്റുകൾ പ്രചരിപ്പിക്കുകയും അതുവഴി ആശയക്കുഴപ്പവും അസ്വസ്ഥതയും അക്രമവും പ്രചരിപ്പിക്കുകയും പൊലീസ് സേനയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണെന്നു ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ലൈംഗിക കുറ്റകൃത്യങ്ങൾ, ലഹരിമരുന്ന് വിൽപ്പന, സൈബർസ്‌പേസ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിലെ കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. അതിനാൽ, ചെന്നൈ ഉൾപ്പെടെ 9 നഗരങ്ങളിലും 37 ജില്ലകളിലും 203 ഉദ്യോഗസ്ഥരും പൊലീസുകാരും ഉള്ള സോഷ്യൽ മീഡിയ ടീമുകൾ രൂപീകരിച്ചു. കംപ്യൂട്ടർ കൈകാര്യം ചെയ്യലിലും സൈബർ ഫൊറൻസിക് സയൻസിലും ഉള്ള പ്രാവീണ്യം കണക്കിലെടുത്താണ് ഈ ടീമുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും പൊലീസുകാരെയും തിരഞ്ഞെടുത്തിരിക്കുന്നത്.
വ്യാജ സന്ദേശങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യുന്നതിലൂടെ അവരെ മുളയിലേ നുള്ളിക്കളയാനാണ് ടീമുകൾ ലക്ഷ്യമിടുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും സൈബർ ക്രൈം കേസുകളിൽ പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്യും. വിവിധ മത, വർഗീയ, ജാതി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ടീമുകൾ സഹായിക്കുമെന്നാണു പ്രതീക്ഷ. ഇതിനൊപ്പം സ്ത്രീകളെയും കുട്ടികളെയും അടക്കം അപമാനിക്കുന്ന തരത്തിൽ വിഡിയോകൾ ചിത്രീകരിച്ചു പ്രചരിപ്പിക്കുന്നവരും കുടുങ്ങും.
∙ പ്രാങ്കല്ല; കൊടും ചതി
തിരുച്ചിറപ്പള്ളിക്കു സമീപം കാമുകന്റെ വഞ്ചനയിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ദർശന ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലും യുട്യൂബറായിരുന്നു. പ്രാങ്ക് വിഡിയോ നിർമിച്ചിരുന്ന സൂര്യയും മാതാവുമാണു മകളുടെ മരണത്തിനു കാരണക്കാരെന്നു മാതാപിതാക്കൾ പരാതി നൽകിയിരുന്നു. യുട്യൂബിൽ പ്രാങ്ക് ബോസ് എന്ന ചാനൽ നടത്തുന്ന സൂര്യ പെൺകുട്ടിയുമായി പ്രണയത്തിലായി. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ നടന്ന അഭിമുഖത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി ബ്ലേഡ് ഉപയോഗിച്ച് ഞരമ്പുകൾ മുറിച്ച ശേഷം മാതാവിന്റെ സാരി ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. അന്വേഷണത്തിൽ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ അടക്കം തന്റെ ചാനൽ വഴി പുറത്തുവിടുമെന്ന തരത്തിൽ സൂര്യ ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തി.
∙ പണം മാത്രം ലക്ഷ്യം
എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രാങ്ക് വിഡിയോകൾ മിക്കതും ചിത്രീകരിക്കപ്പെടുന്നത്. ചിലതു കൃത്യമായി ആർട്ടിസ്റ്റുകളെ അണിനിരത്തി ചിത്രീകരിക്കുന്നതാണെങ്കിൽ മറ്റു ചിലതു കൃത്യമായി പൊതുജനങ്ങളെ വിഡ്ഢികളാക്കി ചിത്രീകരിക്കുന്നതാണ്. ഏതാണെങ്കിലും പണമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. പ്രാങ്ക് വിഡിയോ നിർമിച്ച് ആളുകളെ പറ്റിക്കുന്നവരെ നാട്ടുകാർ കൈവയ്ക്കുന്നതും പതിവാണ്. മുഖത്തേക്കു ക്രീം നിറച്ച പാത്രം എറിയുക, വെള്ളമൊഴിക്കുക, ഫോൺ തട്ടിപ്പറിക്കുക, ഫോൺ ഹെഡ്ഫോൺ വയർ മുറിക്കുക തുടങ്ങിയവ കൂടാതെ പെൺകുട്ടികളെ അപമാനിച്ചു വിഡിയോ ചിത്രീകരിക്കുന്നവരും ഏറെ. വിഡിയോ യൂട്യൂബിലും ഫെയ്സ്ബുക്കിലും അടക്കം പോസ്റ്റ് ചെയ്യുന്നതോടെ ഓരോ കാഴ്ചയ്ക്കും പണം പെട്ടിയിൽ വീഴും.
∙ പ്രാങ്ക് വിഡിയോയിൽ കുടുങ്ങിയാൽ
സമ്മതമില്ലാതെ ആരു നമ്മെ ചിത്രീകരിച്ചാലും അതു കുറ്റകരമാണ്. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകാം. നമ്മുടെ സമ്മതമില്ലാതെ ചിത്രീകരിച്ച വിഡിയോയെക്കുറിച്ച് നമ്മെ അറിയിക്കാതെയും സമ്മതം വാങ്ങാതെയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി കണക്കാക്കപ്പെടും. 155260 എന്ന ടോൾഫ്രീ നമ്പരിൽ തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ കൈമാറാം. cyberdome.kerala.gov.in എന്ന വെബ്സൈറ്റു വഴിയും പരാതി കൈമാറാം.
English Summary: Control over Prank Shows in Tamil Nadu and Why?