കഴിഞ്ഞ ദിവസമാണ് മര്യാദ പഠിപ്പിക്കാനായി മകനെ നടുക്കാട്ടില്‍ ഉപേക്ഷിച്ച മാതാപിതാക്കളുടെ വാർത്ത പുറത്തുവന്നത്. ജപ്പാനിൽ നിന്നും പുറത്തു വന്ന സംഭവത്തിൽ ഹൊകെയ്‍ഡോവിലെ കാടിനു നടുവിലാണ് മാതാപിതാക്കൾ യമാറ്റോ ടാനൂക എന്ന ഏഴുവയസുകാരനെ ഉപേക്ഷിച്ചു പോയത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ കാണാതായ യമാറ്റോയ്ക്കു വേണ്ടി ജപ്പാനീസ് മിലിട്ടറിയും തിരച്ചിൽ നടത്തിയിരുന്നു. യമാറ്റോയ്ക്കു വേണ്ടി പ്രാർഥിച്ചവർക്കെല്ലാം സന്തോഷവാർത്തയാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്. ആറുദിവസത്തിനു ശേഷം കാടിനുള്ളിലെ സെൽഫ് ഡിഫെൻസ് ഫോഴ്സസ് ട്രെയിനിങ് ഫെസിലിറ്റി ഹട്ടിൽ നിന്നും ഇന്നു രാവിലെയാണ് യമാറ്റോയെ കണ്ടെത്തിയത്. തളർന്ന് തീരെ അവശനിലയിലായ യമാറ്റോയെ ഹകോഡേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യമാറ്റോയെ കാണാതായ സ്ഥലത്തു നിന്നും നാലുകിലോമീറ്റർ അകലെയുള്ള ഷികാബെയിലെ മിലിട്ടറി ബാരക്കിൽ നിന്നുമാണ് കണ്ടെത്തിയത്. മലകൾ കടന്നാണ് താൻ സെൽഫ് ഡിഫെൻസ് ഫോഴ്സിന്റെ കാടിനുള്ളിലെ ഹട്ടിലേക്ക് തനിയെ പോയതെന്ന് യമാറ്റോ രക്ഷാപ്രവർത്തകരെ അറിയിച്ചു. കെട്ടിടത്തിനു പുറത്തുള്ള പൈപ്പിൽ നിന്നുമാണ് താൻ വെള്ളം കുടിച്ചതെന്നും അതിനുള്ളിലാണ് ആറുദിവസവും കഴിഞ്ഞതെന്നും യമാറ്റോ പോലീസുകാരോടു പറഞ്ഞു. സൈനികരിലൊരാൾ ഡ്രില്ലിനു തയ്യാറാവുന്നതിനിടെ ബാരക്കിലെ അടിത്തട്ടിലുള്ള വാതിൽ തുറക്കുമ്പോഴാണ് യമാറ്റോ അവിടെയിരിക്കുന്നതു കണ്ടത്. യമാറ്റോയാണോയെന്ന് ചോദിച്ചപ്പോൾ കുട്ടി ആണെന്നു പറയുകയും അപ്പോൾ തന്നെ തനിക്കു വിശക്കുന്നുണ്ടെന്നു പറയുകയും ചെയ്തുവെന്ന് സൈനികർ പറയുന്നു.
ആറു ദിവസവും ഭക്ഷണമില്ലാതെ കഴിഞ്ഞതിന്റെ ശാരീരിക പ്രശ്നങ്ങളാണ് യമാറ്റോയ്ക്ക് ഉള്ളതെന്നും പോഷകാഹാരക്കുറവും ഡിഹൈഡ്രേഷനുമാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്നും യമാറ്റോയെ ചികിത്സിക്കുന്ന ഡോക്ടർ യോഷിയുകി പറഞ്ഞു. യമാറ്റോയെ കണ്ടയുടൻ തന്നെ അവനോട് ക്ഷമ ചോദിച്ചുവെന്ന് പിതാവ് ടാക്യുകി ടാനൂക പറഞ്ഞു. അവൻ ജീവനോടെയിരിക്കുന്നുവെന്നറിഞ്ഞപ്പോൾ തന്നെ സമാധാനമായി. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണു തങ്ങൾ ചെയ്തത്. ഇന്നുമുതൽ അവനു കൂടുതൽ സ്നേഹവും പരിഗണനയും നൽകുമെന്നും ടാക്യുകി പറഞ്ഞു. തങ്ങളുടെ പിഴവു കാരണം ബുദ്ധിമുട്ടിയവർക്കെല്ലാം ഈ അവസരത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ടാക്യുകി പറഞ്ഞു.
പട്ടാളക്കാരുൾപ്പെടെ 180ഒാളം പേരാണം യമാറ്റോയ്ക്കു വേണ്ടി കാടിനുള്ളിൽ തിരച്ചിൽ നടത്തിയത്. തുടക്കത്തിൽ മകനെ കാണാനില്ലെന്നു മാത്രമായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. പിന്നീടാണ് അവൻ കാണിച്ച കുസൃതിയ്ക്കു ശിക്ഷയെന്നോണം റോഡിനു നടുവിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അൽപ സമയത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ അവനെ കാണാതായതെന്നും പറഞ്ഞത്. മറ്റുള്ള കാറുകൾക്കും ആളുകൾക്കും നേരെ തുടർച്ചയായ കല്ലെറിഞ്ഞതിന് ശിക്ഷയായാണ് അവനെ കുറച്ചു നേരത്തേക്ക് കാടിനു നടുവില്‍ നിർത്തിപ്പോകാൻ തീരുമാനിച്ചത്. പക്ഷേ നിമിഷങ്ങള്‍ക്കകം തിരിച്ചെത്തിയെങ്കിലും അപ്പോഴേയ്ക്കും അവനെ കാണാതായിരുന്നു.
കരടിയുൾപ്പെടെയുള്ള വന്യജീവികൾ വസിക്കുന്ന മേഖലയായിരുന്നു എന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. കുട്ടികളെ വേദനിപ്പിച്ചു കൊണ്ടും പേടിപ്പിച്ചുകൊണ്ടും അനുസരണ പഠിപ്പിക്കുന്നവർക്ക് പാഠമാവുകയാണ് ഈ സംഭവം.