ഒട്ടും നിർവചനം നൽകാൻ കഴിയാത്ത ഒന്നാണു പ്രണയം. വ്യക്തികളോടു മാത്രമല്ല മഴയോടും പ്രകൃതിയോടും മൃഗങ്ങളോടുമൊക്കെ നമുക്കു പ്രണയം തോന്നാം. എന്നാൽ ഇവിടെയൊരു യുവാവിനു പ്രണയം തോന്നിയത് ഇതിൽപ്പറഞ്ഞിരിക്കുന്ന ഒന്നിനോടുമല്ല. സംഗതി ഒരിത്തിരി വ്യത്യസ്തമാണ്, കാരണം കക്ഷി ജീവനു തുല്യം സ്നേഹിച്ചതു തന്റെ സ്മാര്‍ട്ഫോണിനെയാണ്. പ്രണയിച്ചുവെന്നു മാത്രമല്ല ജീവന്റെ ജീവനായ സ്മാർട്ഫോണിനെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. ലോസ്ആഞ്ചൽസിൽ നിന്നുമാണ് വ്യത്യസ്തമായ ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്.
കോട്ടും സ്യൂട്ടുമണിഞ്ഞു വരന്‍ വിവാഹത്തിനു സജ്ജമായെത്തി. വിവാഹം നടത്തിക്കൊടുക്കാൻ പുരോഹിതനും പങ്കുകൊള്ളാൻ നാട്ടുകാരും എത്തിച്ചേർന്നു. വധു മാത്രം ഇനിയുമെത്തിയില്ല, ചുറ്റും നിന്നവരൊക്കെ വധുവിനായി കാത്തു നില്‍ക്കുകയാണ്. വെളുത്ത ഗൗണിൽ പൂക്കുടയുമേന്തി ഫ്ലവർ ഗേൾസിനൊപ്പം അവൾ നടന്നു വരുന്നതു കാണാൻ കാത്തു നിന്നവർ നിരാശരായി. അപ്പോഴതാ വധുവിന്റെ സ്ഥാനത്ത് ഒരു വലിയ സ്റ്റാന്റും അതിനു മുകളിലായി ഒരു സ്മാർട്ഫോണും സ്ഥാനം പിടിച്ചിരിക്കുന്നു. ഈ ചെറുക്കനിതെന്തു പറ്റി വധുവിനു പകരമെന്താ സ്മാർട്ഫോണിനെയാണോ കെട്ടാൻ പോകുന്നെ എന്നു പലരും ചിന്തിച്ചു, ആ ചിന്ത വളരെ ശരിയുമായിരുന്നു. കാരണം ആ യുവാവ് വിവാഹം കഴിക്കാൻ പോകുന്നതു തന്റെ സ്മാർട്ഫോണിനെ തന്നെയായിരുന്നു.
പ്രണയത്തിനു കണ്ണും മൂക്കുമില്ലെന്നൊക്കെ പറയുന്നതു ശരിയാണെന്നു തോന്നും ആരോൺ ചെർവെനാക് എന്ന ഈ യുവാവിന്റെ കഥ കേട്ടാല്‍. സ്മാർട്ഫോണിനോടുള്ള പ്രണയം മൂത്തതോടെ ആർഭാടമായി ലാസ് വേഗാസിലെ ചാപ്പലിൽ വച്ചു വിവാഹം കഴിക്കുകയും ചെയ്തു ആരോൺ. ആർട്ടിസ്റ്റ് ഡയറക്ടർ കൂടിയായ ആരോൺ കോട്ടിലും സ്യൂട്ടിലും തിളങ്ങി വിവാഹത്തിനൊരുങ്ങിയപ്പോൾ വധു ലളിതമായൊരു പ്രൊട്ടക്റ്റീവ് കേസിൽ തന്റെ വേഷമൊതുക്കി.
ആരോൺ, നങ്ങൾ ഈ സ്മാർട്ഫോണിനെ വധുവായി സ്വീകരിക്കാൻ നിനക്കു സമ്മതമാണോ? വികാരിയച്ഛന്റെ ചോദ്യത്തോട് നിറഞ്ഞ പുഞ്ചിരിയോടെ വരൻ ആരോണ്‍ സമ്മതം പറഞ്ഞു. തുടർന്ന് മോതിരവിരലിൽ കൊളുത്തി തന്റെ ഭാര്യയെ ആരോൺ ചേർത്തു പിടിച്ചു. തുടക്കത്തിൽ ഇതെന്തു ഭ്രാന്താണെന്നാണു താൻ കരുതിയതെന്ന് ചാപ്പൽ ഓണറായ മൈക്കൽ കെല്ലി പറഞ്ഞു. പക്ഷേ പിന്നീട് ആരോണിന്റെ പ്രണയം ആത്മാർഥമാണെന്നു തോന്നിയതോടെ നടത്തിക്കൊടുക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
ജനങ്ങൾ അത്രത്തോളം സ്മാർട്ഫോണിനോടു അടുത്തു ജീവിക്കുന്ന കാലമാണിന്ന്. സ്മാർട് ഫോണിനൊപ്പമില്ലാത്ത ഒരു സമയം പോലുമില്ല അവരുടെ ജീവിതത്തിൽ. അതിനെക്കുറിച്ച് ആലോചില്ലപ്പോഴാണ് തനിക്കൊപ്പം എപ്പോഴും നിഴലായുള്ള സ്മാർട്ഫോണിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ആരോൺ പറയുന്നു. പക്ഷേ ആരോണിന്റെ വിവാഹം നിയമപരമായി നിലനിൽപ്പില്ലാത്തതാണ്.