നീലഗൗണിൽ അതിസുന്ദരിയായി പ്രിയാമണി, വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം

പ്രിയാമണിയും മുസ്തഫയും വിവാഹ സൽക്കാരത്തിനിടെ

മലയാളത്തിന്റെ പ്രിയനടി പ്രിയാമണിയുടെ വിവാഹം തീർത്തും ലളിതമായാണ് ന‌ടന്നത്, വരൻ വ്യവസായിയായ മുസ്തഫയും പ്രിയാമണിയും തങ്ങളുടെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകള്‍ ഒന്നുമില്ലാതെ രജിസ്റ്റർ വിവാഹമാണ് ചെയ്തത്. തുടർന്ന് അടുത്ത സുഹൃത്തുക്കൾക്കായി കിടിലൻ റിസപ്ഷനും ഒരുക്കിയിരുന്നു. ബെംഗളൂരുവിലെ എലാൻ കൺവൻഷൻ സെന്ററിൽ വച്ചു നടത്തിയ വിവാഹ സൽക്കാരത്തിൽ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. 

നടി പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത മനോഹരമായ നീലഗൗൺ ആണ് റിസപ്ഷനു വേണ്ടി പ്രിയാമണി ധരിച്ചത്.  തന്റെ പ്രിയതമയോടു മാച്ചിങ് ആവുന്ന കടുംനീലനിറമുള്ള സ്യൂട്ടിൽ മുസ്തഫയും കിടിലൻ ലുക്കിലെത്തി. നടി ഭാവന, പേളി മാണി, ആദിൽ ഇബ്രാഹിം, നീരവ് ബവ്‌ലേച തുടങ്ങിയവർ സൽക്കാരത്തിൽ പങ്കുകൊള്ളാന്‍ എത്തിയിരുന്നു. 

ബെംഗളൂരു ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം നടന്നത്. ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മഞ്ഞക്കരയുള്ള പച്ച നിറത്തിലുള്ള സാരിയാണ് ചടങ്ങിനായി പ്രിയാമണി ധരിച്ചത്. പരമ്പരാഗത ശൈലിയിലുള്ള മിതമായ ആഭരണങ്ങളും മുല്ലപ്പുവും ചൂടി വധു എത്തിയപ്പോൾ അസൽ മലയാളി വരനെപ്പോലെയാണ് മുസ്തഫ എത്തിയത്. 

സിനിമാതാരങ്ങൾ ആർഭാട പൂർണമായ രീതിയിൽ ചടങ്ങുകൾ നടത്തുമ്പോഴാണ് തീർത്തും ലളിതമായ രീതിയിൽ പ്രിയാമണിയുടെ വിവാഹം നടത്തിയത്. ഇരുപത്തിയേഴിന് മുംബൈയിൽ വച്ചു നടക്കുന്ന വിവാഹ സൽക്കാരത്തോടെ ചടങ്ങുകള്‍ പൂർത്തിയാകും. ഇരുവരും രണ്ടു മതത്തിൽപ്പെട്ടവർ ആയതിനാലാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതെന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. 

ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

Read more: Lifestyle Malayalam Magazine