''ദുനിയാവിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ് ഇവിടെയാണ്....'', ''ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത്ത് വേണം...'' മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തില്‍ അതുല്യനായ നടൻ തിലകൻ പറയുന്ന വാക്കുകളാണിത്. ഭക്ഷണത്തെയും കോഴിക്കോടിനെയും അത്രമേൽ സ്നേഹിച്ചൊരു സിനിമ, ഇപ്പോഴിതാ കോഴിക്കോട്ടുകാരുടെ ഭക്ഷണ പ്രണയത്തെക്കുറിച്ചു പറഞ്ഞുകൊണ്ടു പുറത്തിറങ്ങിയ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് സമൂഹമാധ്യമത്തിൽ ൈവറലാകുന്നത്. ഭക്ഷണപ്രിയനായ വരൻ സ്വരൂപിനൊപ്പം റൊമാന്റിക് ഫുഡ് റൈഡ് നടത്തുന്ന വധു അനഘയുടെ കഥയാണിത്, ഒറ്റവാക്കിൽ പറഞ്ഞാൽ 'ഹണിമൂൺ അറ്റ് കോഴിക്കോട്'.
മൊട്ടക്കുന്നുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും മഞ്ഞുപുതച്ച വഴിയോരങ്ങൾക്കുമൊക്കെ മുന്നിൽ മാറിയും മറഞ്ഞും നിന്നുള്ള ക്ലീഷേ പോസുകൾക്കൊരു ഗുഡ്ബൈ പറയുന്നതാണ് ഈ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്. നല്ലവരായ ഭക്ഷണ പ്രേമികളുടെ വലുതും ചെറുതുമായി രുചിയിടങ്ങളിലേക്കൊരു യാത്രയാണ് വിഡിയോ സമ്മാനിക്കുന്നത്. നാവുപോലും തോറ്റുപോകുന്ന രുചിഭേദങ്ങളുടെ നാടുള്ളപ്പോൾ എന്തിനാണു വേറൊരു ഹണിമൂൺ ലൊക്കേഷന്റെ കാര്യമെന്നാണു വിഡിയോയുടെ അണിയറ പ്രവർത്തകർ ചോദിക്കുന്നത്.
പൂപോലെ മൃദുലമായ വെള്ളയപ്പവും പിന്നെ ചെമ്മീനും കല്ലുമ്മക്കായുമൊക്കെ വിളമ്പുന്ന പാരഗണും തുമ്പപ്പൂ ചോറിനൊപ്പം നല്ല മുളകിട്ട് വറുത്ത മീൻ കഷ്‌ണം ഇലയിലേക്കിടുന്ന അമ്മ മെസ്സും ഉന്നക്കായും പത്തിരിയുമൊക്കെയായി കാത്തിരിക്കുന്ന സൈനുത്താത്തയുടെ സെയിൻസും ബീഫ് ബിരിയാണിയുടെ ആഗോള തലസ്ഥാനമായ റഹ്മത്തും ബിവറേജസ് ഔട്ട് ലെറ്റിന്റെ മുന്നിലേക്കാളും ആൾക്കൂട്ടമുള്ള മിൽക്ക് സർബ്ബത്ത് കടയുമെല്ലാം ഇരുവരുടെയും ഭക്ഷണത്താവളങ്ങൾ ആകുന്നുണ്ട്. ഒപ്പം മനം കുളിരുന്ന ഷാർജയും ചിക്കുവും നുണയാൻ നാട്ടുകാർ വട്ടംകൂടി നിൽക്കുന്ന കലന്തൻസും പല നിറങ്ങളണിഞ്ഞ മധുരകിനാവ് പോലുള്ള മിഠായിതെരുവിലെ ഹൽവാ കടകളും പിന്നെ രുചിഭേദങ്ങളുടെ കലവറകളായ സാഗറും ടോപ്ഫോമും ബോംബെ ഹോട്ടലും ആര്യഭവനും എല്ലാം സ്വരൂപിന്റെയും അനഘയുടെയും ഹണിമൂൺ ലൊക്കേഷനായി മാറുകയായിരുന്നു.
സൗത്ത്ഇന്ത്യൻ ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ ഉദ്യോഗസ്ഥനാണ് സ്വരൂപ്, കക്ഷി ആഹാരപ്രിയൻ ആയതുകൊണ്ടുതന്നെ ആശയവും അതിനുതകുന്നതു തന്നെയായി. സ്വരൂപിന്റെ സഹോദരീ ഭർത്താവായ അനൂപ് ഗംഗാധരനാണ് കിടിലനായ ഈ വിഡിയോയുടെ ആശയത്തിനും സംവിധാനത്തിനും പിന്നിൽ. വിഡിയോ കവറേജും എഡിറ്റിങും ചെയ്ത പ്രത്യുഷ് സാധാരണ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകളിൽ നിന്നും വ്യത്യസ്തമായൊരു ആശയം ആലോചിക്കാമോ എന്നു പറഞ്ഞതോടെയാണ് അനൂപ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്.
ഭാര്യ സഹോദരന്റെ ഭക്ഷണ പ്രിയം തന്നെയാണ് ഈ ഒരു ആശയം തിരഞ്ഞെടുക്കാൻ കാരണമായതെന്ന് അനൂപ് പറയുന്നു. വൈകുന്നേരങ്ങളിൽ റസ്റ്ററന്റുകൾ തേടിപ്പോകുന്ന ശീലമുള്ള സ്വരൂപിന് ഇതിലും മികച്ചൊരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് എങ്ങനെ നൽകും എന്നതാണ് അനൂപിന്റെ ഭാഷ്യം. കേരളത്തിനു പുറത്തേക്കൊരു യാത്ര ഷൂട്ടിനായി വേണ്ടെന്നും ഭക്ഷണത്തിനു പ്രാധാന്യം നൽകാമെന്നും തോന്നിയതോടെയാണ് കോഴിക്കോടുള്ളപ്പോൾ മറ്റൊരു ലോക്കേഷനെക്കുറിച്ച് എന്തിനാലോചിക്കണം എന്ന ചിന്ത വന്നതെന്ന് അനൂപ് പറയുന്നു. മൂന്നു ദിവസം നീണ്ട ഷൂട്ടിനും എഡിറ്റിങ്ങിനുമൊക്കെ ശേഷം വിഡിയോ പുറത്തുവന്നപ്പോഴോ വിചാരിച്ചതിനേക്കാളും വൻഹിറ്റുമായി.
ഉസ്താദ് ഹോട്ടലിലെ വാചകങ്ങളോടെ തുടങ്ങി സോൾട്ട് ആൻഡ് പെപ്പറിലെ ഹിറ്റുഭക്ഷണപ്പാട്ടായ 'ചെമ്പാവു പുന്നെല്ലിൻ ചോറോ' എന്ന ഗാനത്തിന്റെ അകമ്പടി കൂടിയായതോടെ സംഗതി കാഴ്ചക്കാരുടെ ഹൃദയത്തിൽ തന്നെ കൊണ്ടു. അപ്പോൾ വെഡ്ഡിങ്ങിനു മുമ്പോ ശേഷമോ എങ്ങനെ വെറൈറ്റിയായൊരു വിഡിയോ ഷൂട്ട് എടുക്കാം എന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ദാ ഇതുപോലൊന്നു സിംപിളാക്കിയാൽ മാത്രം മതി, പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.
മനോഹരമായ കാഴ്ചകൾ ക്യാമറക്കണ്ണുകളിൽ പകർത്തിയത് ലനീഷ് എടച്ചേരിയും എഡിറ്റിങ് നിർവഹിച്ചത് സി.കെ ജിതേഷ്, ആർ.പി പ്രത്യുഷ് എന്നിവരുമാണ്.
Read more: Lifestyle Malayalam Magazine