വിവാഹക്കഥകൾ കേട്ടുമ‌ടുത്തു, വിശദീകരണവുമായി ശ്രുതി ഹാസൻ

ശ്രുതി ഹാസൻ കാമുകൻ മൈക്കിൾ കോർസെയ്‌ലിനൊപ്പം

സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ എത്രയൊക്കെ രഹസ്യമാക്കി വെക്കാൻ ശ്രമിച്ചാലും പാട്ടാകാറുണ്ട്. കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ, പ്രണയത്തെക്കുറിച്ച് ഒരിക്കലും കക്ഷി പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും അവയെല്ലാം പാപ്പരാസികൾ മുമ്പേ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കുറച്ചു നാളുകളായി ശ്രുതിയുെട വിവാഹമാണ് ചർച്ചവിഷയം ഒടുവിൽ കേട്ടുമടുത്ത് ശ്രുതി തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ലണ്ടൻ സ്വദേശിയായ തിയേറ്റര്‍ ആർട്ടിസ്റ്റ് മൈക്കിള്‍ കോർസെ‌യ്‌ലുമായി ശ്രുതി പ്രണയത്തിലാണെന്ന കാര്യം അറിയാത്തവർ വളരെ കുറവാണ്. മൈക്കിൾ ശ്രുതിയുടെ മാതാപിതാക്കളായ കമൽ ഹാസനെയും സരികയെയും കണ്ടതാണ് ഇരുവരുടെയും വിവാഹം ഉടനുണ്ടെന്ന വാർത്തകൾ പരക്കാൻ കാരണമായത്. എന്നാൽ അടുത്തൊന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് ശ്രുതി തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. 

താനിപ്പോൾ വിവാഹം കഴിക്കുന്നില്ലെന്നും തന്റെ വിവാഹക്കഥകള്‍ മെനയുന്നവർ ഇതോടെ അതു നിർത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു. വിവാഹത്തേക്കാൾ തനിക്കു മറ്റു ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. താനോ മാതാപിതാക്കളോ വിവാഹക്കാര്യത്തിൽ ഇതുവരെയും ഒരു അന്തിമതീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രുതി പറഞ്ഞു. ഇപ്പോൾ കരിയർ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ മുഴുവൻ വിവാഹത്തെക്കുറിച്ചു പിന്നീടു തീരുമാനിക്കുമെന്നും ശ്രുതി വ്യക്തമാക്കി. 

മൈക്കിളുമായി പ്രണയത്തിലാണെന്ന കാര്യം പലർക്കും അറിയാമെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ ശ്രുതിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. കാമുകനൊപ്പം പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാറുള്ള ശ്രുതി വ്യക്തിപരമായ കാര്യങ്ങള്‍ മാധ്യമങ്ങൾക്കു മുന്നിൽ  വെളിപ്പെ‌ടുത്തുന്നതു തീരെ താല്‍പര്യമില്ലാത്തയാളുമാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam