ബോളിവുഡ്–സെലിബ്രിറ്റി വിവാഹങ്ങള്‍ക്കായി കണ്ണുനട്ടിരിക്കുന്നവരുണ്ട്. സിനിമയെപ്പോലും വെല്ലുംവിധത്തിലുള്ള പടുകൂറ്റൻ വിവാഹ മണ്ഡപവും ആടയാഭരണങ്ങളും, രാജകുമാരനെയും രാജകുമാരിയെയുംപോലെ എത്തുന്ന വരനും വധുവുമെല്ലാം കണ്ടിരിക്കാൻ തന്നെ ഒരു ചേലാണ്. ഇപ്പോഴിതാ അത്തരത്തിലൊരു ബ്രഹ്മാണ്ഡ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഒരു ബിസിനസ് കുടുംബം. പറഞ്ഞു വന്നത് റിലയൻസ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ പുത്രൻ ആകാശിന്റെ വിവാഹത്തെക്കുറിച്ചാണ്.
അംബാനി കുടുംബത്തിൽ നിന്നുള്ള വിവാഹ വാർത്തയാണ് സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത്. മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് വിവാഹിതനാവുകയാണ്, ശതകോടികളുടെ ആസ്തിയുള്ള വജ്രവ്യാപാരി റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകള്‍ ശ്ലോകയാണു വധു. ഏതാനും ആഴ്ചകൾക്കുള്ളിൽ വിവാഹ നിശ്ചയവും ഈ വര്‍ഷം അവസാനത്തോടെ വിവാഹവും നടക്കുമെന്നാണ് കേൾക്കുന്നത്.
എന്നാല്‍ വിവാഹ വിഷയത്തിൽ പ്രതികരിക്കാൻ ഇരു കുടുംബങ്ങളും ഇതുവരെ തയാറായിട്ടില്ല. ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ബിസിനസ് ലോകത്തു നിന്നുള്ള പലരും ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
വിവാഹവും വിവാഹ നിശ്ചയവും ഇന്ത്യയിൽ തന്നെയായിരിക്കുമെന്നാണ് വിവരം. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്.
നേരത്തെ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്തു സംബന്ധിച്ചും ചില വാർത്തകള്‍ പുറത്തു വന്നിരുന്നു. വിവാഹത്തിനു മുന്നോടിയായി അംബാനി കുടുംബം തയാറാക്കിയ ക്ഷണക്കത്ത് 1.5 ലക്ഷം വിലമതിക്കുന്നതാണെന്നായിരുന്നു വാർത്ത. സ്വർണവും വിലപിടിപ്പുള്ള കല്ലുകളും ചേർത്തു നിർമിച്ചിട്ടുള്ള ഈ ക്ഷണക്കത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതാണെന്നും പ്രചരണമുണ്ടായിരുന്നു.
എന്നാൽ ആകാശ് അംബാനിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ക്ഷണക്കത്തിൽ വാസ്തവമില്ലെന്നും ഇതുസംബന്ധിച്ച് അംബാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അംബാനി കുടുംബത്തോട് അടുത്തമുള്ള വൃത്തങ്ങൾ പിന്നീടറിയിച്ചു. എന്തായാലും അന്നു പുറത്തുവന്ന വിവാഹക്ഷണക്കത്ത് യഥാർഥത്തിൽ ആകാശിന്റേതു തന്നെയായിരിക്കുമോ എന്ന ചർച്ചകളും ഇപ്പോൾ ഉയരുന്നുണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam