റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും ബിസിനസ് വമ്പനുമായ മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് അംബാനിയുടെ വിവാഹത്തെക്കുറിച്ച് കുറച്ചുദിവസം മുമ്പ് വാർത്തകൾ വന്നിരുന്നു, റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് വിവാഹം കഴിക്കുന്നതെന്നായിരുന്നു പ്രചരണം. സംഗതി സത്യമാണോ അല്ലയോ എന്നതു വ്യക്തമാക്കാന്‍ അംബാനി കുടുംബം മുന്നോട്ടു വന്നിരുന്നുമില്ല. ഇപ്പോഴിതാ മകന്റെ വിവാഹ വിഷയത്തിൽ ആദ്യ പ്രതികരണവുമായി അമ്മ നിത അംബാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് നിത അംബാനി മകന്റെ വിവാഹത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. മുകേഷും താനും പങ്കാളികളെ തിരഞ്ഞെടുക്കാൻ മക്കൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മകൻ വിവാഹിതനാകാൻ തീരുമാനിക്കുമ്പോൾ അതാരായാലും അവന്റെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുമെന്നും എല്ലാ സന്തോഷവും ആശംസിക്കുമെന്നും നിത പറഞ്ഞു.
എങ്കിലും ശ്ലോകയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരണം നടത്താൻ നിത തയാറായില്ലെന്നതും ശ്രദ്ധേയമാണ്. വരുന്ന മാർച്ച് ഇരുപത്തിനാലിനു വിവാഹ നിശ്ചയവും ഡിസംബറിൽ വിവാഹവും നടക്കുമെന്നാണ് വാർത്തകൾ വന്നത്. ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ബിസിനസ് ലോകത്തു നിന്നുള്ള പലരും ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
വിവാഹവും വിവാഹ നിശ്ചയവും ഇന്ത്യയിൽ തന്നെയായിരിക്കുമെന്നായിരുന്നു വിവരം. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്.
നേരത്തെ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്തു സംബന്ധിച്ചും ചില വാർത്തകള്‍ പുറത്തു വന്നിരുന്നു. വിവാഹത്തിനു മുന്നോടിയായി അംബാനി കുടുംബം തയാറാക്കിയ ക്ഷണക്കത്ത് 1.5 ലക്ഷം വിലമതിക്കുന്നതാണെന്നായിരുന്നു വാർത്ത. സ്വർണവും വിലപിടിപ്പുള്ള കല്ലുകളും ചേർത്തു നിർമിച്ചിട്ടുള്ള ഈ ക്ഷണക്കത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതാണെന്നും പ്രചരണമുണ്ടായിരുന്നു.
എന്നാൽ ആകാശ് അംബാനിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ക്ഷണക്കത്തിൽ വാസ്തവമില്ലെന്നും ഇതുസംബന്ധിച്ച് അംബാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അംബാനി കുടുംബത്തോട് അടുത്തമുള്ള വൃത്തങ്ങൾ പിന്നീടറിയിച്ചു. എന്തായാലും അന്നു പുറത്തുവന്ന വിവാഹക്ഷണക്കത്ത് യഥാർഥത്തിൽ ആകാശിന്റേതു തന്നെയായിരിക്കുമോ എന്ന ചർച്ചകളും ഇപ്പോൾ ഉയരുന്നുണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam