അംബാനി കുടുംബത്തിന് ഇതു സന്തോഷത്തിന്റെ നാളുകൾ. റിലയന്‍സ് ഇൻഡസ്ട്രീസ് സ്ഥാപകൻ മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വച്ചാണ് ഇരുവരും മോതിരം കൈമാറിയത്. എൻഗേജ്മെന്റിനു മുന്നോടിയായി ഇരുവരും പ്രീ–എൻഗേജ്മെന്റ് ഫൊട്ടോഷൂട്ടും നടത്തിയിരുന്നു.
മുകേഷ് അംബാനി, നിതാ അംബാനി അമ്മ കോകിലാബെന്‍ എന്നിവരെക്കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതോർക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് ആകാശ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ശ്ലോക ഏറെ സ്പെഷലാണ്, ഒപ്പം ഹൃദയ വിശാലതയുള്ളവളുമാണെന്നും ആകാശ് പറഞ്ഞു.
എത്രയൊക്കെ തിരക്കുകൾക്കിടയിലും ബന്ധം കാത്തുസൂക്ഷിക്കാൻ തങ്ങൾ സമയം കണ്ടെത്തിയിരുന്നുവെന്ന് ശ്ലോക പറയുന്നു. നല്ല സുഹൃത്തുക്കളായി തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ തങ്ങൾ ഏറെ ഭാഗ്യമുള്ളവരാണ്, ഒപ്പം ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബങ്ങളും ഭാഗ്യമാണെന്നും ശ്ലോക പറയുന്നു.
നേരത്തെ മകന്റെ വിവാഹ വിഷയത്തിൽ പ്രതികരണവുമായി അമ്മ നിത അംബാനി രംഗത്തെത്തിയിരുന്നു. മുകേഷും താനും പങ്കാളികളെ തിരഞ്ഞെടുക്കാൻ മക്കൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മകൻ വിവാഹിതനാകാൻ തീരുമാനിക്കുമ്പോൾ അതാരായാലും അവന്റെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുമെന്നും എല്ലാ സന്തോഷവും ആശംസിക്കുമെന്നും നിത പറഞ്ഞിരുന്നു.
ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ബിസിനസ് ലോകത്തു നിന്നുള്ള പലരും ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്.
നേരത്തെ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്തു സംബന്ധിച്ചും ചില വാർത്തകള്‍ പുറത്തു വന്നിരുന്നു. വിവാഹത്തിനു മുന്നോടിയായി അംബാനി കുടുംബം തയാറാക്കിയ ക്ഷണക്കത്ത് 1.5 ലക്ഷം വിലമതിക്കുന്നതാണെന്നായിരുന്നു വാർത്ത. സ്വർണവും വിലപിടിപ്പുള്ള കല്ലുകളും ചേർത്തു നിർമിച്ചിട്ടുള്ള ഈ ക്ഷണക്കത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതാണെന്നും പ്രചരണമുണ്ടായിരുന്നു. ഈ വർഷം അവസാനത്തോടെ വിവാഹവും ഉണ്ടാകുമെന്നാണ് അംബാനി കുടുംബത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam