സോനം കപൂറിന് ഇന്നു പ്രണയസാഫല്യത്തിന്റെ ദിവസമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിസിനസുകാരനായ ആനന്ദ് അഹൂജ സോനത്തെ ജീവിതസഖിയാക്കി. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ബന്ധുക്കളും ബിടൗണിലെ സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് താരനിബിഡമായിരുന്നു. വിവാഹിതയായ സോനത്തിന്റെ ആദ്യചിത്രം പങ്കുവച്ചത് സഹോദരി റിയയാണ്. സോനം കപൂർ അഹൂജ എന്ന കാപ്ഷനോടെയാണ് സഹോദരിക്കൊപ്പമുള്ള ചിത്രം റിയ പങ്കുവച്ചത്.
ഫാഷൻ സെൻസിൽ ബോളിവുഡിലെ നമ്പർ വണ്ണായ സോനത്തെ വിവാഹവേഷത്തിൽ കണാനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. വധുവായുള്ള സോനത്തിന്റെ അപ്പിയറൻസ് തെല്ലും നിരാശപ്പെടുത്തിയിട്ടില്ലെന്നു വേണം പറയാൻ. പ്രശസ്ത ഡിസൈനറായ അനുരാധ വാകിലിന്റെ മനോഹരമായ ചുവപ്പു നിറത്തിലുള്ള ലെഹംഗയാണ് വിവാഹത്തിനായി സോനം ധരിച്ചത്. സാരിക്കു ചേർന്ന ചോക്കറും നെക്‌ലസും ജിമിക്കിയും നെറ്റി മുഴുവനായി മൂടിക്കിടക്കുന്ന നെറ്റിചുട്ടിയുമൊക്കെ താരത്തെ അസ്സൽ വധുവാക്കി. ഗോൾഡൻ നിറത്തിലുള്ള െഷർവാണിയിലാണ് ആനന്ദ് അഹൂജ വിവാഹ വേദിയിലേക്കെത്തിയത്.
അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി, സെയ്ഫ് അലി ഖാൻ, കരീന കപൂർ, കരിഷ്മ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, സ്വര ഭാസ്കർ തുടങ്ങി ബോളിവുഡിലെ വൻതാരനിര തന്നെ സോനത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
വിവാഹത്തിനു മുന്നോടിയായി മെഹന്ദി–സംഗീത് സെറിമണികളും നടന്നിരുന്നു. വിവാഹത്തിനു ശേഷം മുംബൈയിൽ വച്ചു വിവാഹവിരുന്നും കപൂർ കുടുംബം സംഘടിപ്പിക്കുന്നുണ്ട്. വിവാഹസൽക്കാരത്തിൽ കൂടുതൽ ബോളിവുഡ് സെലിബ്രിറ്റികൾ അണിനിരന്നേക്കുമെന്നാണ് കരുതുന്നത്.
വിവാഹം കഴിഞ്ഞയുടൻ ഹണിമൂണിനായി പറക്കാനും ഇവർക്കു പ്ലാനില്ല. അതിനൊരു കാരണവുമുണ്ട്. കാനിന്റെ പ്രിയതോഴിയായ സോനം കപൂർ മെയ് പതിനാലിനും പതിനഞ്ചിനുമാണ് കാൻ ഫെസ്റ്റിവലിൽ ചുവടുവെക്കുന്നത്. തിരക്കുകൾക്കെല്ലാം ഒടുവിൽ ഒക്ടോബറിലോ നവംബറിലോ മധുവിധുവിനായി പറക്കാനാണത്രേ പദ്ധതി.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam