കപൂർ കുടുംബത്തിലെ അടുത്ത വധുവാകാൻ ജാൻവി?

ജാൻവി കപൂർ

ബിടൗണിലെ സെലിബ്രിറ്റികള്‍ ഒന്നാകെ ആഘോഷമാക്കിയ വിവാഹ ആഘോഷമാണ് കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അനിൽ കപൂറിന്റെ പ്രിയ പുത്രി സോനം കപൂറും ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും മെയ് എട്ടിനു വിവാഹിതരായത്. സോനത്തിന്റെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും കൊണ്ടു നിറയുകയാണ് സമൂഹമാധ്യമം. അതിനിടയിൽ വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിഡിയോ കൂടിയുണ്ട്, മെഹന്ദി നാളിൽ സഹോദരി ജാൻവി കപൂറിനൊപ്പമുള്ള സോനത്തിന്റെ ആ വിഡിയോയ്ക്ക് പുറകെയാണിപ്പോൾ ആരാധകർ.

വിഡിയോ വൈറലാകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. കപൂര്‍ കുടുംബത്തിലെ അടുത്ത വധു ജാൻവിയോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആ വിഡിയോ എന്നാണ് പരക്കെയുള്ള സംസാരം. ശ്രീദേവിയുടെയും േബാണി കപൂറിന്റെയും മൂത്ത പുത്രി കൂടിയായ ജാൻവി കപൂര്‍ ആയിരിക്കുമോ അടുത്ത വധു എന്ന ആകാംക്ഷയിലാണ് ആരാധകർ. പഞ്ചാബി വിവാഹ ആചാരപ്രകാരമുള്ള ഒരു ച‌ടങ്ങിൽ സോനം അടുത്ത വധുവാകാനുള്ള അവസരം നൽകിയിരുന്നത് ജാൻവിക്കാണെങ്കിലും സംഗതി ഏറ്റില്ല.

മെഹന്ദി സെറിമണിക്കിടെ ആചാരപ്രകാരം വധു ഇരുകൈകളും നിറയെ ചുവപ്പുനിറത്തിലുള്ള വളകൾ അണിഞ്ഞിരിക്കും, ശേഷം അതിനു മുകളിലായി തുണികൊണ്ടോ മറ്റോ മൂടിയിരിക്കും. വിവാഹം വരെ വധു ആ വളകൾ കാണാതിരിക്കാനാണിത്. തുടർന്ന് വളയ്ക്കൊപ്പം അണിയുന്ന കലീരെ എന്ന പേരിലുള്ള തൊങ്ങലുകൾ കൊണ്ട് മറ്റൊരു പെൺകുട്ടിയുടെ ശിരസ്സിനു മുകളിലൂടെ കുലുക്കും. വധുവിന്റെ കലീരെ ഏതു പെൺകുട്ടിയുടെ ശിരസ്സിലൂടെയാണോ വീഴ്ത്തുന്നത് ആ പെൺകുട്ടിയാകും ആ കുടുംബത്തിലെ അടുത്ത വധുവെന്നാണ് സങ്കൽപം. 

ഈ ആചാരപ്രകാരമാണ് സോനം ജാൻവിയുടെ ശിരസ്സിനു മുകളിലൂടെ കലീരെ കൊണ്ട് കുലുക്കുന്നത്. പക്ഷേ കലീരെ  ഉതിർന്നു വീഴാത്തതുകൊണ്ടു തന്നെ ജാൻവിേയാട് 'സോറി ജാനു' എന്നു പറഞ്ഞുകൊണ്ടാണ് സോനം ഇതു ചെയ്യുന്നത്. പക്ഷേ ഇതോടെ താൻ രക്ഷപ്പെട്ടല്ലോ എന്ന മട്ടിലാണ് ജാൻവി എഴുന്നേൽക്കുന്നത്.

വളകൾക്കൊപ്പം തന്നെ അണിയുന്ന ഈ കലീരെ കുടയുടെയും മറ്റും ആകൃതിയിൽ തൊങ്ങലുകൾ പോലെ തൂങ്ങിക്കിടക്കുന്നതായിരിക്കും. നവദമ്പതികളുടെ സന്തോഷവും സ്നേഹവുമാണ് കലീരെ സൂചിപ്പിക്കുന്നത്. വധുവിന്റെ സഹോദരിമാരോ സുഹൃത്തുക്കളോ ആണ് കലീരെ വളയിലേക്കു ചേർത്തു കെട്ടുക. വധുവിന് ആശംസകൾ നൽകുക എന്നതിനൊപ്പം വിവാഹത്തോടെ ഉപേക്ഷിച്ചു വരുന്ന സഹോദരങ്ങളെയും സുഹൃത്തുക്കളെയും ഓർക്കാനാണ് ഇത് അണിയുന്നതെന്നും പറയപ്പെടുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam