കല്യാണ വിഡിയോകൾ എങ്ങനെയൊക്കെ വെറൈറ്റിയാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ന്യൂജെൻ വിവാഹ വിഡിയോഗ്രാഫർമാരുടെ ഭാവനയിൽ വിരിഞ്ഞ, ഡ്രോണുകളാൽ ഒപ്പിയെടുത്ത, വരനും വധുവും എന്തിനേറെ വീട്ടുകാരും നാട്ടുകാരും വരെ നൃത്തം ചെയ്യുന്ന കല്യാണ വിഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ആ കണ്ട വിഡിയോകളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്, ഭരത്തും സഞ്ജനയുമാണ് വിഡിയോയിലെ വധൂവരന്മാർ.
കൊച്ചി കലൂർ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ഈ വിവാഹ വിഡിയോ ഹിറ്റാകുന്നത് തീമിലെ വ്യത്യസ്തത കൊണ്ടാണ്. മലയാളത്തിലെ ഏറെ ഹിറ്റായ സിനിമ ഡയലോഗുകൾ കോർത്തിണക്കിയാണ് ഈ വിഡിയോ നിർമിച്ചിരിക്കുന്നത്. കളേഴ്സ് പ്രോഡക്ഷന്സ് നിർമിച്ചിരിക്കുന്ന ഈ വിഡിയോയുടെ ആശയം ക്രിയേറ്റിവ് ഡയറക്ടർ ആയ ഫിജോയ് ജോസഫിന്റെയും സംവിധായകനായ പ്രശോഭിന്റെയുമാണ്.
കല്യാണത്തിന്റെ സ്ഥിരം വിഡിയോ തീമുകളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും തീം തങ്ങളുടെ വിവാഹത്തിനു വേണം എന്ന് ആവശ്യപ്പെട്ടത് സഞ്ജനയും ഭരതും തന്നെയാണ്. വധൂവരന്മാരുടെ ആവശ്യപ്രകാരം പലകുറി ചർച്ചകൾ നടത്തി പല തീമുകൾ കണ്ടെത്തി. ഒടുവിൽ ട്രോളുകൾ ആണല്ലോ ഇപ്പോൾ താരങ്ങൾ, പ്രത്യേകിച്ചു മലയാള സിനിമയിലെ ഡയലോഗുകൾ, എങ്കിൽ പിന്നെ ആ രീതിയിലാവാം വിഡിയോ എന്നു നിർദ്ദേശിച്ചത് സഞ്ജനയാണ്.
ഇതുപ്രകാരം കലക്കൻ വിഡിയോ തീം തയ്യാറാക്കി. വധൂവരന്മാരുടെയും വീട്ടുകാരുടെയും പൂർണ സഹകരണത്തോടെ വിവാഹ ദിവസം തന്നെയാണ് ഇതു ഷൂട്ട് ചെയ്തത് എന്നതാണ് പ്രധാന ഹൈലൈറ്റ്.
''ആദ്യം തയ്യാറാക്കിയത് പൂർണമായും ടെക്നിക്കൽ ആയ ഒരു തീം ആയിരുന്നു. എന്നാൽ സഞ്ജനയും ഭരതും തന്നെയാണ് കുറച്ച് ലൈറ്റ് തീം മതി എന്ന് ആവശ്യപ്പെട്ടത്. ഇത് പ്രകാരം റീ വർക്ക് ചെയ്തു. വിഡിയോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത് അടുത്ത ദിവസമാണ് സംഗതി ഇത്രക്ക് വൈറൽ ആയി എന്ന് ഞങ്ങൾ അറിയുന്നത്. വിഡിയോ നന്നായി എന്നു പറയാനും കല്യാണങ്ങൾക്കു ബുക്ക് ചെയ്യാനും ഒക്കെയായി പിന്നെ കോളുകളുടെ ബഹളമായിരുന്നു. ഒരു ടീമിന്റെ മുഴുവൻ അധ്വാനമാണ് ഈ വിഡിയോ '' ഫിജോയ് ജോസഫ് പറയുന്നു.
ഏതു കല്യാണ വിഡിയോ ചെയ്യുന്നതിനു മുൻപും വധൂവരന്മാരോടു സംസാരിച്ച് അവരുടെ ഇഷാനിഷ്ടങ്ങൾ മനസിലാക്കാറുണ്ട്. അങ്ങനെ ചെയ്തതുകൊണ്ടാണ് ഈ വിഡിയോ ഇത്രയ്ക്കു വിജയിച്ചത് എന്ന് ഫിജോയ് വ്യക്തമാക്കുന്നു. സംഭവം എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങൾ സഞ്ജനയും ഭരതുമാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam