Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിൽ മേഗന്റെ പിതാവും സഹോദരങ്ങളും പങ്കെടുക്കില്ല, കാരണം?

Meghan Markle മേഗൻ മാർക്കിൾ പിതാവ് തോമസ് മാർക്കിളിനൊപ്പം

വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ച് ലോകത്തെ സാക്ഷിയാക്കി ഹാരി രാജകുമാരന്‍ ന‌ടിയായ മേഗൻ മാർക്കിളിനെ മിന്നുകെട്ടുകയാണിന്ന്. വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നാളുകൾക്കു മുമ്പേ തുടങ്ങിക്കഴിഞ്ഞു. ഇതിനിടയില്‍ ചില വിവാദങ്ങളും പൊടിപൊടിക്കുന്നുണ്ട്. മറ്റൊന്നുമല്ല മേഗന്റെ പിതാവും അർധ സഹോദരങ്ങളും വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നതു സംബന്ധിച്ചാണവ. 

മേഗന്റെ പിതാവ് തോമസ് മാർക്കിൾ വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.  പിതാവ് തോമസിന്റെ കരംപിടിച്ച് മേഗൻ എത്തുമെന്ന പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് താൻ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന കാര്യം തോമസ് അറിയിച്ചത്. ഏതാനും ദിവസം മുൻപു ഹൃദയാഘാതം ഉണ്ടായെന്നും അതിനാൽ വിവാഹത്തിൽ പങ്കെടുക്കാനാകില്ലെന്നുമായിരുന്നു തോമസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ തോമസ് കഴിഞ്ഞദിവസം പാപ്പരാസികൾക്കായി ഒരുക്കിയ ഫോട്ടോ ഷൂട്ട് വിവാദമായതാണ് യഥാർഥ കാരണമായതത്രേ.

പണം വാങ്ങി തോമസ് പാപ്പരാസികൾക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്തുവെന്നായിരുന്നു ആരോപണം. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പകർത്തുന്നതിനു ചില പാപ്പരാസികളുമായി അദ്ദേഹം ധാരണയിലെത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ആരോപണങ്ങൾ നിലനിൽക്കെ രാജകുടുംബത്തെയോ മകളെയോ വിവാഹദിവസം വീണ്ടും അലോസരപ്പെടുത്താനില്ലെന്ന ന്യായമാണ് ലണ്ടനിലേക്കുള്ള വരവ് റദ്ദാക്കിയതിന് തോമസ് പറയുന്നത്. ഇതിനിടെ വിവാഹത്തിൽനിന്നും വിട്ടുനിൽക്കാനായി തോമസ് പറയുന്ന ഹൃദ്രോഗം കെട്ടുകഥയാണെന്ന പ്രചാരണം ശക്തമായുണ്ട്.  

ഇതുസംബന്ധിച്ച് ഒരറിയിപ്പും മേഗൻ വ്യാഴാഴ്ച പുറത്തു വിട്ടിരുന്നു. '' ദുഖകരമെന്നു പറയട്ടെ എന്റെ പിതാവിന് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഞാൻ എന്നും എന്റെ പിതാവിന്റെ കാര്യത്തിൽ ഉത്കണ്ഠപ്പെട്ടിരുന്നു, അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഫോക്കസ് ചെയ്യാൻ ആവശ്യമായ സമയം ലഭിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു.‌'' കെനിങ്ടൺ പാലസ് പുറത്തുവിട്ട സ്റ്റേറ്റ്മെന്റിലാണ് മേഗൻ ഇക്കാര്യം അറിയിച്ചത്. 

അതേസമയം മേഗന്റെ മാതാവ് ഡോറിയ റാഗ്‌ലൻഡ് വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. തോമസ് മാർക്കിളില്‍ നിന്നും വിവാഹമോചനം നേടിയിട്ടുള്ള ഡോറിയ പ്രശസ്ത യോഗ പരിശീലകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ്. തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ മേഗന്റെ മാതാവായിരിക്കുമോ കരം പിടിച്ച് ആനയിക്കുക എന്നും ഊഹാപോഹങ്ങളുണ്ട്.  വില്യം രാജകുമാരനോ ചാൾസ് രാജകുമാരനോ ആയേക്കാമെന്നും സൂചനകൾ ഉയരുന്നുണ്ട്.

അതിനിടെ മേഗന്റെ അർധ സഹോദരങ്ങളായ സമാന്തയും തോമസ് മാർക്കിൾ ജൂനിയറും വിവാഹത്തിൽ പങ്കെടുക്കാത്തതും വിവാദങ്ങൾ ഉയർത്തുന്നുണ്ട്. വിവാഹ ചടങ്ങുകളിലേക്ക് ഇരുവർക്കും ക്ഷണവും ലഭിച്ചിട്ടില്ല. വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിനിടെ മേഗനെതിരെ സമാന്ത ആരോപണങ്ങൾ ഉയർത്തിയിരുന്നതും മേഗൻ ഒരു നല്ല ഭാര്യയാകില്ല എന്നു കാണിച്ച് സഹോദരൻ കത്തെഴുതിയതുമൊക്കെയാവാം വിവാഹത്തിനു ക്ഷണമില്ലാത്തതിനു കാരണമെന്നാണ് കരുതപ്പെടുന്നത്. 

36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുവരെ താമസിച്ചിരുന്നത് ടൊറോന്റോയിലും. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് മേഗന്റെയും ഹാരിയുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പ്രശസ്ത യുഎസ് ടിവി ഷോ ആയ സ്യൂട്ട്‌സിലൂടെ ശ്രദ്ധേയയായ മേഗന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ ഏഞ്ചല്‍സണ്‍ ഏഞ്ചല്‍സണ്‍ എന്ന സംരംഭകനായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam