പ്രേക്ഷകരുടെ ഹൃദയം കവർന്ന ഒരു പാട്ട്, വിഡിയോ പുറത്തിറങ്ങിയിട്ടില്ല. പാട്ട് ഹൃദയത്തിൽ തറച്ചതോടെ അതിനു പകർന്നു നൽകാനൊരു വിഡിയോ രഞ്ജിത്തെന്ന യുവാവിന്റെ തലയിലുദിച്ചു. അങ്ങനെ ആ പാട്ടിൽ നിന്നും ഒരു പോസ്റ്റ് വെഡിംങ് വിഡിയോ ജന്മമെടുത്തു. സംഗതി അവിടെയും തീർന്നില്ല, വിഡിയോ കണ്ടവർ കരുതി ഇത് സിനിമയിലേതായിരിക്കുമെന്ന്. അത്ര മനോഹരം.
വിഡിയോ പാട്ടിന്റെ സൃഷ്ടാക്കൾക്കും ഇഷ്ടമായി. സംഭവം മാസല്ലേ. മരണ മാസ് വിഡിയോ പുറത്തിക്കിയാണ് ടീ ക്ലബ് വെഡിംങ് കമ്പനി കയ്യടി നേടുന്നത്.
ടോവിനോ തോമസ് നായകനായി പുറത്തിറിറങ്ങാനിരിക്കുന്ന ചിത്രം മറഡോണയിലെ ‘കാതലേ കണ്ണിൻ കാവലേ’ എന്ന ഗാനമാണ് കഥയിലെ നായകൻ. ഇൗ പാട്ട് ഉപയോഗിച്ച് രഞ്ജിത്ത്.ആർ.നായരുടെ നേതൃത്വത്തിലുള്ള ടീ ക്ലബ് വെഡിംങ് കമ്പനിയാണ് തെരേസ്, ലിബിൻ ദമ്പതികളുടെ പോസ്റ്റ് വെഡിംങ് വിഡിയോ നിർമിച്ചത്.
ഹിറ്റാവുന്ന സിനിമാ ഗാനത്തിന്റെ സ്പൂഫായി ഇറക്കുന്ന പ്രീ, പോസ്റ്റ് വെഡിംങ് വിഡിയോകൾ കണ്ട് മടുത്ത മലയാളികൾക്ക് പുത്തൻ അനുഭവമാണ് ഈ വിഡിയോയെന്നു നിസംശയം പറയാം. പാട്ടിലെ തീവ്രത ഉൾകൊണ്ട് നിർമ്മിച്ച വിഡിയയിലെ മറ്റൊരു പ്രധാന ആകർഷണം വധു തെരേസിന്റെ പ്രകടനമാണ്. കുറ്റിക്കാനത്ത് ഒരു ദിവസം കൊണ്ടാണ് വിഡിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
തങ്ങളുടെ പരിശ്രമത്തിന് മികച്ച അംഗീകാരം കിട്ടിയ സന്തോഷത്തിലാണ് രഞ്ജിത്ത്. ‘‘ഇൗ പാട്ടിന് അസാധ്യമായ ഒരു ഫീലുണ്ട്. പാട്ട് കേട്ടപ്പോൾ തന്നെ ഇത്തരത്തിലൊരു വിഡിയോ നിർമിക്കാനാവുമെന്നു ചിന്തിച്ചിരുന്നു. വിവാഹ വിഡിയോ പിടിക്കുന്ന സമയത്തുള്ള പെരുമാറ്റത്തിൽ നിന്നു തെരേസും ലിബിനും ഇതിന് അനുയോജ്യരായിരിക്കുമെന്ന് തോന്നി’’, രഞ്ജിത്ത് പറഞ്ഞു.
മഴ കനത്തതോടെ മൂന്നാറിൽ പദ്ധതിയിട്ട വിഡിയോയുടെ ചിത്രീകരണം കുറ്റിക്കാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കുറ്റിക്കാനത്തും മഴ പലപ്പോഴും ചിത്രീകരണത്തിനു തടസ്സം സൃഷ്ടിച്ചു. മഴ പ്രശ്നം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും പൂർണമായി സഹകരിക്കണമെന്നു തെരേസിനോടും ലിബിനോടും പറഞ്ഞു. ധരിക്കേണ്ട വസ്ത്രങ്ങളും ആവശ്യമായ വസ്തുക്കളും നേരത്തെ നിർദേശിച്ചു. പകർപ്പാവകാശ സംബന്ധമായ പ്രശ്നങ്ങൾ വന്നാൽ വിഡിയോ പിൻവലിക്കേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും രഞ്ജിത്ത് പറയുന്നു.
ചെറുപ്പം മുതൽ മനസ്സിലൊളിപ്പിച്ച അഭിനയ മോഹം പോസ്റ്റ് വെഡിംങ് വിഡിയോയിലൂടെ പൂർത്തീകരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് തെരേസ്. രഞ്ജിത്ത് ആർ നായർ സംവിധാനം ചെയ്ത വിഡിയോയുടെ ഡിഒപി നിർവഹിച്ചിരിക്കുന്നത് ജോൺ പോൾ മാത്യുവാണ്. ക്യാമറ നിതീഷ് വിദ്യാധർ, എഡിറ്റിങ്ങ് അഭിജിത്ത് ജോസഫ്, കളറിംഗ് ബിബിൻ പോൾ സാമുവൽ, സ്റ്റിൽ അനന്തു ജി. പ്രകാശ്.
വിഡിയോയുടെ എല്ലാ പകർപ്പവകാശവും പാട്ടിന്റെ സൃഷ്ടാക്കൾക്ക് നൽകിയിരിക്കുകയാണ് ടീ ക്ലബ് വെഡിംങ് കമ്പനി. മറഡോണ സിനിമയ്ക്കായി സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശശിധരനാണ്. വിനായക് ശശികുമാറാണ് രചന.