ഒരു യൂറോപ്യൻ രാജ്യത്തുപോയി വെഡ്ഡിങ് വിഡിയോ ഷൂട്ട് ചെയ്താൽ എങ്ങനെയിരിക്കും. പോസ്റ്റ് വെഡ്ഡിങ് പ്രീ വെഡ്ഡിങ് ഷൂട്ടിങിനായി വിദേശ രാജ്യങ്ങളിൽ ലൊക്കേഷൻ തേടി പോകാറുണ്ടെങ്കിലും വെഡ്ഡിങ് വിഡിയോ പകർത്താൻ യൂറോപ്യൻ രാജ്യത്തേക്ക് എത്തിയിരിക്കുകയാണ് വിവാഹ വിഡിയോ പ്രൊഡക്ഷന്‍ കമ്പനിയായ ഫ്രെയിം ഹണ്ട്.
സംഭവമിങ്ങനെ,
മലയാളിയായ നീലിമയുടെയും ഇംഗ്ലണ്ട് സ്വദേശിയായ മാറ്റിന്റെയും വിവാഹം ഹിന്ദു ആചാര രീതികൾപ്രകാരം ആദ്യം കേരളത്തിൽ നടന്നു. സുജിത്തിന്റെ നേതൃത്വത്തിലുള്ള ഫ്രെയിം ഹണ്ടായിരുന്നു വെഡ്ഡിങ് വിഡിയോ ഷൂട്ട് ചെയതത്. സാങ്കേതിക മികവും സിനിമാറ്റിക് ശൈലിയുമുള്ള ഇൗ വിഡിയോ ഹിറ്റായി.
വിഡിയോ കണ്ട് ഇഷ്ടമായ വരനും വധുവും ഇംഗ്ലണ്ടിൽവെച്ചു നടക്കുന്ന ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിന്റെ വിഡിയോ ചിത്രീകരണവും ഫ്രെയിം ഹണ്ടിനെ ഏൽപിക്കുകയായിരുന്നു. സുജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗംസംഘത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാൻ ഇവർ തയാറായി.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥിയാണ് മാറ്റ്. കോളജ് ക്യാംപസിനകത്തുള്ള മഗ്ദലിൻ പള്ളിയിൽവെച്ചായിരുന്നു ഇവരുടെ വിവാഹം. സാധാരണഗതിയിൽ ഇത്തരം ആവശ്യങ്ങൾക്കു വിസ കിട്ടാൻ എളുപ്പമല്ല. എങ്കിലും പള്ളി വികാരിയുെട കത്തും ചിലരുടെ പിന്തുണയുമായപ്പോൾ ഫ്രെയിം ഹണ്ട് സംഘത്തിനു വിസ ലഭിക്കുകകയായിരുന്നു. യൂറോപ്യൻ വിവാഹത്തിന്റെ പൂർണത ഉൾകൊണ്ട് നിര്‍മിച്ച ഇൗ വിഡിയോയ്ക്കും അഭിനന്ദനങ്ങൾ ഇവരെ തേടിയെത്തി.
വിദേശത്ത് വിവാഹ ഷൂട്ടിങിന് പോകാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫ്രെയിംഹണ്ടിന്റെ ഉടമസ്ഥനായ സുജിത്ത്.‘‘സ്കോട്ട്ലന്റിൽ ഷൂട്ട് ചെയ്യാമെന്നാണ് പദ്ധതിയിട്ടിരുന്നത്. പക്ഷേ വധുവിനും വരനും അവധി കുറവായിരുന്നു. വിവാഹദിവസവും തലേദിവസവുമായാണ് ഷൂട്ടിങ് നടത്തിയത്. വിവാഹശേഷം ഷൂട്ട് ചെയ്യാമെന്നു കരുതിയെങ്കിലും അവർക്കു സമയമുണ്ടായില്ല. പള്ളിയായിരുന്നു പ്രധാന ലൊക്കേഷൻ. എന്തായാലും കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നു.’’– സുജിത്ത് പറഞ്ഞു.
2009 ൽ ആരംഭിച്ച ഫ്രെയിംഹണ്ട് മുൻപും നിരവധി ഹിറ്റ് വിവാഹ വിഡിയോകൾ ചെയ്തിട്ടുണ്ട്. എറണാംകുളത്താണ് സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്.