പർവത താഴ്‌വാരത്തിൽ കോടികൾ ഒഴുകി; ഇഷ അംബാനിയുടെ വിവാഹ നിശ്ചയം

ആൽപ്സ് പർവത താഴ്‌വാരത്തിൽ കോടികൾ മുടക്കി ആഡംബരത്തിന്റെ കൊടുമുടിയിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയും വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം. ഇറ്റലിയിലെ അത്യാഡംബര നഗരമായ ലേക്ക് കോമോയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. സെപ്റ്റംബർ 21ന് തുടങ്ങി 23വരെ മൂന്ന് ദിവസം ചടങ്ങ് നീണ്ടുനിന്നു.

ബോളിവുഡിൽ നിന്നുളള നിരവധി സെലിബ്രിറ്റി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു. ആല്‍പ്സ് പര്‍വത താഴ്‌വാരത്തു നടന്ന ചടങ്ങില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇഷയും അജയ്‌യും എത്തിയത്. മകളുടെ നിശ്ചയം ആഡംബരപൂർണമായിരിക്കണമെന്നു മുകേഷ് അംബാനിക്കും നിത അംബാനിക്കും നിര്‍ബന്ധമുണ്ടായിരുന്നതിനാലാണ് ചടങ്ങ് ഇറ്റലിയിലേക്ക് മാറ്റിയത്. 21ന് ‘വെല്‍ക്കം ലഞ്ചോ‌ടു കൂടി  ആരംഭിച്ച ചടങ്ങ് 23ന് ‘ഡിന്നര്‍ ഡാന്‍സോടു’ കൂടിയാണ് അവസാനിച്ചത്.

അംബാനി ഗ്രൂപ്പിന്റെയും പിരമള്‍ ഗ്രൂപ്പിന്റെയും കുടുംബാംഗങ്ങള്‍ക്കും വിശിഷ്ട അതിഥികള്‍ക്കുമായിരുന്നു ക്ഷണം. ഓരോ ദിവസവും പ്രത്യേക ചടങ്ങുകളും ഡ്രസ്കോഡും നിശ്ചയിച്ചിരുന്നു. ‘ലൗ ആൻറ് ബൂട്ടിഫൂൾ’ എന്ന് പേരിലുളള ആദ്യ ദിനത്തിലെ അത്താഴവിരുന്നായിരുന്നു പരിപാടിയുടെ മുഖ്യആകർഷണം. രണ്ടാം ദിനം ആഘോഷത്തിന് മോടികൂട്ടി ഇറ്റാലിയൻ ശൈലിയിൽ ഒരുക്കിയ ‘ഡാൻസ്നൈറ്റ്’. ഇറ്റാലിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു ഈ അത്താഴവിരുന്നിൽ വിളമ്പിയത്. മൂന്നാംദിനം സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് അണിഞ്ഞെത്തിയ അതിഥികളെ സത്കാരത്തിനുശേഷം യാത്രയാക്കി.

ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് ഇഷയെ ആനന്ദ് പ്രപ്പോസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ചടങ്ങ് ഇക്കഴിഞ്ഞ മെയില്‍ നടന്നിരുന്നു.പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്.