അരക്കൊപ്പം വെള്ളത്തിൽ തന്റെ പ്രിയതമയെ ചേർത്തുപിടിച്ചു നിൽക്കുന്ന വരൻ. ഒഴുകുന്ന വെള്ളത്തിൽ തോളിൽ പരസ്പരം തലചായ്ച്ചു കിടക്കുന്ന നവമിഥുനങ്ങൾ. അങ്ങനെ പ്രണയത്തിന്റെ ചിത്രഭാഷയിൽ ഒരു ഗംഭീര ഫോട്ടോഷൂട്ട്, സംഭവം വൈറൽ.
മഴ കൊണ്ടാൽ പനി വരും, എന്നാൽ പനി വന്നാലും സാരമില്ല, മഴയിൽ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്നായിരുന്നു നവദമ്പതികളായ ഡ്വീനിന്റെയും മധാബിയുടെയും ആഗ്രഹം. വിവാഹ വിഡിയോ തയാറാക്കിയ തൃശൂര്‍ ചെറുപ്പുളശ്ശേരിയിലെ കാസ്റ്റർ ഡയറി സ്റ്റുഡിയോയുടെ സഹഉടമയും സുഹൃത്തുമായ ജിഥുവിന്റെ മഴ ഫോട്ടോഷൂട്ടുകൾ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ്. ആവശ്യമറിയിച്ചു, പിന്നെ മിന്നിമറഞ്ഞ ഫ്ലാഷുകൾ, തകർത്തു പെയ്ത മഴ. കണ്ണുകളിൽ പ്രണയവുമായി മധാബിയും ഡ്വീനും. അതോടെ എന്നെന്നും വിവാഹത്തിന്റെ ഓർമകൾ തുടിക്കുന്ന, കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന സൂപ്പർ ചിത്രങ്ങൾ റെഡി.
കൊച്ചിയിലെ സെന്റ് താരിക ഹാർബറായിരുന്നു ഫോട്ടോഷൂട്ടിന്റെ ലൊക്കോഷൻ. നവദമ്പതിമാരുടെ ആഗ്രഹത്തിന് പ്രകൃതി കൂട്ടായി എത്തി, മഴ പ്രണയാർദ്രമായി പെയ്തു. മഴത്തുള്ളികളെ സാക്ഷിയാക്കി വെള്ള ഗൗണണിഞ്ഞ് വധുവും സ്യൂട്ടണിഞ്ഞ് വരനും നിന്നു. രണ്ടു ഫൊട്ടോഗ്രാഫർമാരും ഒരു വിഡിയോഗ്രാഫറും രണ്ടു സഹായികളുമുൾപ്പെടുന്ന സംഘം നല്ല കിടിലൻ ഫോട്ടോഷൂട്ട് നടത്തി.
യഥാർഥ മഴയിലായിരുന്നു ഫോട്ടോഷൂട്ട് എന്നതാണ് പ്രത്യേകതയെന്നു കാസ്റ്റർ ഡയറി സഹസ്ഥാപകനും ഫൊട്ടോഗ്രാഫറുമായ ജിതു പറയുന്നു – ' മഴയിൽ കുടപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ മുൻപ് ധാരാളാമായി പകർത്തിയിട്ടുണ്ടെങ്കിലും പൂർണമായും മഴ നനഞ്ഞുളള ഫോട്ടോഷൂട്ട് ഇതാദ്യമാണ്. മുൻപ് നടത്തിയ ഒരു മഴ ഫോട്ടോഷൂട്ടിന്റെ ചിത്രം കണ്ടാണ് ഡ്വീൻ ഇത്തരത്തിലൊന്നു വേണമെന്ന് ആവശ്യപ്പെട്ടത്. ഇൻഡോറും നൈറ്റ്ഷൂട്ടുകളും കൂടി അഞ്ചുമണിക്കൂർ നീണ്ടുനിന്നു ഷൂട്ട് '
ഡ്വീനിന്റെയും മധാബിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിന് 'കാസ്റ്റർ ഡയറി'യെ തേടിയെത്തിയത് നിരവധി അഭിനന്ദനങ്ങൾ. സമൂഹമാധ്യമങ്ങളിലും ചിത്രം വളരെയധികം പങ്കുവെയ്ക്കപ്പെട്ടു.