ആട് തോമയായി വരൻ, മുണ്ടൂരി ഡാൻസ്; കൂടിപോയെന്നു വിമർശനം

വിവാഹം ഇന്നൊരു ആഘോഷമാണ്. ഓരോ വിവാഹവും വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങളാണ് വരന്റെയും വധുവിന്റെയും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നടത്താറുള്ളത്. വിവാഹത്തിനു നൃത്തം ചെയ്യുന്ന വധൂവരന്മാർ നിത്യ കാഴ്ചയായി. എന്തായാലും കുറച്ചു കടന്നു പോയ വരന്റെ ഡാൻസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ  ചര്‍ച്ചയാകുന്നത്. 

വിവാഹശേഷം പെട്ടിയോട്ടയില്‍ കയറ്റിയായിരുന്നു വധുവിനും വരനും സുഹൃത്തുക്കള്‍ സ്വീകരണം നൽകിയത്. ചെടികളും വള്ളികളും നിറഞ്ഞ പെട്ടിയോട്ടോയുടെ പിന്നില്‍ നിര്‍ത്തി ഉച്ചത്തിൽ പാട്ടും വച്ച് നവദമ്പതികളെ സ്വീകരിച്ചാനയിക്കുകയായിരുന്നു. പക്ഷേ കുറച്ചു നേരം കഴിഞ്ഞപ്പോൾ പതിയെ പതിയെ ഡപ്പാംകൂത്ത് പാട്ടിനൊപ്പം ചെക്കൻ തുള്ളാൻ തുടങ്ങി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ചെക്കന്റെ ഡാൻസ് ഒടുവിൽ ഷർട്ട് അഴിക്കുന്നത് വരെയെത്തി. അവിടെയും തീർന്നില്ല കഥ, അപ്രതീക്ഷിതമായി ചെക്കന്റെ മുണ്ടും ഊരി പോയതോടെ കാര്യങ്ങൾ കൈവിട്ടു പോയി.

മുണ്ട് കയ്യിൽ പൊക്കി പിടിച്ചും ഷർട്ട് വട്ടം കറക്കിയും ചെക്കന്റെ നൃത്തം പൊടിപൊ‌ടിച്ചു. ആർപ്പു വിളിച്ചും ഒപ്പം നൃത്തം ചെയ്തും സുഹൃത്തുക്കൾ പ്രോത്സാഹനം നൽകി. വിവാഹത്തിന്റെ ആദ്യദിനത്തിൽ വധുവിനെ സാക്ഷിയാക്കി വരൻ വസ്ത്രമഴിച്ചു പൊതുവഴിയിൽ നടത്തിയ പ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. എന്നാൽ ഇതൊന്നും അത്ര കാര്യമാക്കാനില്ല എന്നു വാദിക്കുന്നവരുമുണ്ട്. എന്തായാലും സുഹൃത്തുക്കളിലാരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.