ഏറെ കാത്തിരുന്ന താരവിവാഹമാണ് ദീപക പദുക്കോണിന്റെയും രൺവീർ സിങ്ങിന്റെയും. ബോളിവുഡിലെ ആ താരവിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നവംബർ 14, 15 തീയതികളിലായി രണ്ടുദിവസം നീളുന്ന വിവാഹത്തിന് ദീപിക ഒരുങ്ങിക്കഴിഞ്ഞു. ദീപികയുടെ നാടായ ബംഗളൂരുവിലാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന പൂജകളിൽ അതീവ സന്തോഷവതിയാണ് ദീപിക പങ്കെടുക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള ചുരിദാറും രാംലീല കമ്മലും അണിഞ്ഞെത്തിയ താരം കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്. രാംലീല കമ്മലണിഞ്ഞ ദീപികയുടെ നുണക്കുഴിചിരികാണാൻ ഏറെ ഭംഗിയുണ്ടെന്നാണ് ചിലരുടെ പക്ഷം.
ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിന് സബ്യസാചി ഡിസൈൻ ചെയ്യുന്ന വസ്ത്രമാണ് ദീപിക അണിയുന്നത്. വധുവിന്റെ ഒരുക്കങ്ങൾ കണ്ടു. ഇനി വരന്റേത് കാണാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.
കഴിഞ്ഞ ദിവസം താലിമാല വാങ്ങാനായി ദീപിക മുംബൈയിലെ ഒരു ജ്വല്ലറിയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം ഒരു കോടിയോളം രൂപയുള്ള ആഭരണങ്ങളാണ് ദീപിക അണിയുകയെന്നാണ് സൂചന. 20 ലക്ഷം രൂപയാണ് താലിയുടെ വില. വിവാഹത്തിന് രണ്ടാഴ്ചമുമ്പ് തന്നെ നവവധുവിന്റെ ലജ്ജ കലർന്ന ചിരിയോടെയുള്ള ദീപികയുടെ ചിത്രം സമൂഹമാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു.