ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരായത്. കനത്ത സുരക്ഷാവലയത്തിൽ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വിവാഹവാർത്ത ആരാധകർ ആഘോഷിച്ചെങ്കിലും ഒരുകാര്യത്തിൽ നിരാശയാണ്. ഇതുവരെ വിവാഹത്തിന്റെ ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല എന്നതുതന്നെ കാര്യം.
ചിത്രത്തിനായി ഒരുദിവസം മുഴുവൻ കാത്തിരുന്നവരുടെ കൂട്ടത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമുണ്ട്. കാത്തിരുന്ന് മടുത്തതോടെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ഒരസ്ഥികൂടത്തിന്റെ ചിത്രമാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് നേരം ദീപ്‌വീർ വിവാഹത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുമ്പോൾ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന ചടങ്ങിൽ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കരുതെന്ന് വിവാഹത്തിൽ സംബന്ധിച്ചവർക്കു നിർദ്ദേശം നൽകിയിരുന്നു. പ്രഫഷനൽ ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ മാത്രമെ പങ്കുവെക്കുകയുള്ളൂ എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
ആറു വർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. ഇറ്റലിയിൽ നിന്നു തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കൾക്കായി മുംബൈയിലും ബെംഗളുരുവിലുമായി വിവാഹവിരുന്ന് നടത്തും.