കാത്തിരുന്ന മറ്റൊരു താര വിവാഹത്തിനു കൂടി തുടക്കമായി. ബോളിബുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര – ഗായകൻ നിക് ജോനാസ് മാംഗല്യത്തിനാണ് മുംബൈയിൽ പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ വസതിയിൽ പ്രത്യേക പൂജയോടെ തുടക്കമായത്. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് വധൂ വരന്മാരെത്തിയത്. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
നിക്കിന്റെ സഹോദരൻ ജോ ജൊനാസും കാമുകിയും നടിയുമായ സോഫിയ ടേർണറും പൂജയ്ക്കെത്തി. അവരും ഇന്ത്യൻ പാരമ്പര്യ രീതിയിലുളള വസ്ത്രമാണ് ധരിച്ചിരുന്നത്. ഗായകൻ അർമാൻ മാലിക്കും സന്നിഹിതനായിരുന്നു.
ജോധ്പൂരിലെ ഉമൈദ് ഭവനിലാണ് പ്രിയങ്ക-നിക് വിവാഹം. ഡിസംബർ രണ്ടിനായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു കാത്തിരുന്നു കാണാനായിരുന്നു പ്രിയങ്കയുടെ അമ്മ പ്രതികരിച്ചത്.
ഓഗസ്റ്റ് 18നായിരുന്നു വിവാഹ നിശ്ചയം. നിശ്ചയത്തിനു ശേഷം മുംബൈയിലെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു.
ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക്. ദീപികയുടെ വിവാഹമാമാങ്കം കഴിഞ്ഞ് ഏറെ വൈകാതെ എത്തിയ മറ്റൊരു താരവിവാഹത്തിന്റെ ആഘോഷത്തിലാണ് ആരാധകർ.