Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷയുടെ വിവാഹമാമാങ്കം; ചെലവ് 720 കോടി!

ഇഷയുടെ വിവാഹമാമാങ്കം; ചെലവ് 720 കോടി!

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദിന്റെയും വിവാഹത്തിന്റെ ചെലവ് 100 മില്യൻ ഡോളർ എന്നു റിപ്പോർട്ട്. ഇന്ത്യൻ രൂപയിൽ 720 കോടി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷങ്ങൾക്കാണ് ഈ തുക ചെലവാകുന്നത്.

ഇത്തരം പരിപാടികളുടെ സംഘാടനത്തിനു നേതൃത്വം നൽകുന്നവരെ ഉദ്ദരിച്ച് സാമ്പത്തിക മാധ്യമങ്ങളാണു കണക്കു പുറത്തു വിട്ടിരിക്കുന്നത്. 37 വർഷം മുൻപു നടന്ന ചാൾസ് രാജകുമാരന്റെയും ഡയാനാ രാജകുമാരിയുടെയും വിവാഹത്തിന് ഇന്നത്തെ മൂല്യത്തിൽ ചെലവ് കണക്കാക്കിയാൽ 110 മില്യൻ ഡോളർ വരും. ഇതോടെ രാജകീയ വിവാഹങ്ങളുടെ പട്ടികയിലാണ് ഇഷ അംബാനിയുടെ വിവാഹം സ്ഥാനം പിടിക്കുന്നത്. 

isha-ambani-pre-wedding-function-udaipur

ഉദയ്പുരിലാണ് ഇഷയുടെ വിവാഹമാമാങ്കത്തിനു തുടക്കമായത്. 5100 പേർക്കു നടത്തിയ പ്രത്യേക അന്ന സേവയോടു കൂടി ആരംഭിച്ച ചടങ്ങുകൾ താരസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൻ മുഖ്യാഥിതിയായ ചടങ്ങിൽ പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യവസായികളും പങ്കെടുത്തു. ആഘോഷരാവിലെ സംഗീതനിശ അവതരിപ്പിച്ചതു ലോകപ്രശസ്ത പോപ് ഗായിക ബിയോൺസായിരുന്നു. ഉദയ്പുരിലെ ഒബ്റോയ് ഉദയ്‍വിലസിലും ലേക് പാലസിലുമായിരുന്നു പരിപാടികൾ അരങ്ങേറിയത്. അതിഥികൾക്കു ഇവിടെയെത്താൻ 100 ചാർട്ടേഡ് ഫ്ലൈറ്റുകളാണു ഒരുക്കിയത്. അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകളും ഒരുക്കിയിരുന്നു. 

ഉദയ്പുരിലെ ആഘോഷങ്ങൾക്കുശേഷം ഡിസംബർ 12ന് മുംബൈയിലെ അംബാനിയുടെ ആഢംബര വസതിയിലാണ് ഇഷയുടെ വിവാഹം. ഇതിനുശേഷം കടലിന് അഭിമുഖമായി ഒരുക്കിയിരിക്കുന്ന 50,000 ചതുരശ്ര അടി വിസ്തീർണമുള്ള മുംബൈയിലെ ആഢംബര ബംഗ്ലാവിലാകും നവദമ്പതികൾ താമസിക്കുക. അഞ്ചു നിലകളുള്ള ഈ വീട് 2012 ൽ ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്ന് 450 കോടി രൂപയ്ക്ക് അജയ് പിരാമൽ വാങ്ങിയത്. 

ആഢംബര വേദിയായ ഇറ്റലിയിലെ ലേക് കോമോയിൽ നടത്തിയ ഇഷയുടെ വിവാഹനിശ്ചയം വാർത്തകളിൽ നിറഞ്ഞിരുന്നു. ലക്ഷങ്ങൾ വിലവരുന്ന സ്വർണ പെട്ടിയില്‍ നൽകിയ വിവാഹക്ഷണക്കത്തും വരാൻ പോകുന്ന അഢംബര വിവാഹത്തിന്റെ സൂചനകൾ നൽകിയിരുന്നു. സബ്യസാചിയാണ് ഇഷയുടെ വിവാഹവസ്ത്രങ്ങൾ തയാറാക്കുന്നത്. 

ഫോബ്സ് പട്ടികപ്രകാരം ലോകത്തെ സമ്പന്നരിൽ 19–ാം സ്ഥാനത്താണു മുകേഷ് അംബാനി. ആസ്തി 3.31 ലക്ഷം കോടി രൂപ. സമ്പന്നരായ ഇന്ത്യക്കാരിൽ 24–ാം സ്ഥാനത്താണ് അജയ് പിരാമൽ. 35000 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.