Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഢംബര വിവാഹം ഇന്ന്, അണിഞ്ഞൊരുങ്ങി ആന്റിലയും; വിഡിയോ

isha-ambani-wedding-antilla-decorated

ഇഷ അംബാനിയുടെ വിവാഹചടങ്ങുകൾക്കായി അണിഞ്ഞൊരുങ്ങി മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതി ആന്റില. ഡിസംബർ 12നാണു ചടങ്ങുകൾ. ഉദയ്പുരിൽ അത്യാഢംബരത്തോടെ വിവാഹപൂർവ ആഘോഷങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണു ലോകത്തിലെ ഏറ്റവും വലിയ സ്വകാര വസതിയെന്ന വിശേഷണമുള്ള ആന്റില വിവാഹത്തിന് ഒരുങ്ങിയത്.

ലൈറ്റുകളും പൂക്കളും കൊണ്ട് അലങ്കരിച്ച അംബാനിയുടെ വീടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വലിയ മണികളും പലതരം പൂക്കളും കൊണ്ടു വീട് മാത്രമല്ല ഇവിടേക്കുള്ള വഴികളും അലങ്കരിച്ചിട്ടുണ്ട്. വസതിയിലേക്കു പ്രവേശിക്കാനായി ആഢംബര കവാടം  ഒരുക്കിയിട്ടുണ്ട്. കവാടം കടന്നു ചെല്ലുന്നത് പല വർണങ്ങളിലുള്ള ലൈറ്റുകളും പൂക്കളും കൊണ്ട് അലങ്കരിച്ച വീടിന്റെ മുൻവശത്തേക്ക്.  

ദേശീയമാധ്യമമായ ഡിഎൻഎയുടെ റിപ്പോർട്ടനുസരിച്ച് 600 അതിഥികളാണു ചടങ്ങിൽ പങ്കെടുക്കുക. അംബാനി–പിരാമൽ കുടുംബാംഗങ്ങളും പ്രമുഖ ബോളിവുഡ് താരങ്ങളും ഉന്നത രാഷ്ട്രീയ നേതാക്കൾക്കുമാണു ക്ഷണം. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വസതിക്കു സമീപമുള്ള റോഡുകളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്വകാര്യ സുരക്ഷാ സംവിധാനങ്ങളും ശക്തമാണ്. 

സുരക്ഷയുടെ ഭാഗമായി രഹസ്യ സ്വഭാവം പിന്തുടരുന്നതിനാൽ ആന്റിലയുടെ അകത്തു നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ലഭ്യമല്ല. ഉദയ്പുരിലെ ആഢംബരത്തെ മറികടക്കുന്ന അദ്ഭുതങ്ങൾ ആന്റിലയിൽ ഒരുക്കിയിട്ടുണ്ടാകുമോ എന്നറിയാനുള്ള ആകാക്ഷയിലാണു പാപ്പരാസികൾ.

സ്റ്റേജ് ഷോകളേക്കാൾ ഗംഭീരമായാണു ഉദയ്പുരിലെ ആഘോഷങ്ങൾ നടന്നത്. 5100 പേർക്കു നടത്തിയ പ്രത്യേക അന്ന സേവയോടു കൂടി ആരംഭിച്ച ചടങ്ങുകൾ താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൻ മുഖ്യാഥിതിയായ ചടങ്ങിൽ പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യവസായികളും പങ്കെടുത്തു. ആഘോഷരാവിലെ സംഗീതനിശ അവതരിപ്പിച്ചതു ലോകപ്രശസ്ത പോപ് ഗായിക ബിയോൺസ ആയിരുന്നു. ഉദയ്പുരിലെ ഒബ്റോയ് ഉദയ്‍വിലാസിലും ലേക് പാലസിലുമായിരുന്നു പരിപാടികൾ അരങ്ങേറിയത്. അതിഥികൾക്ക് ഇവിടെയെത്താൻ 100 ചാർട്ടേഡ് ഫ്ലൈറ്റുകളാണു ഒരുക്കിയത്.