ജയ്പുർ സുന്ദരിയാണ്. ക്യാമറ തിരിക്കുന്നിടത്തെല്ലാം മനോഹരമായ കാഴ്ചകൾ. നിറം ചാർത്തി അഴകേറ്റിയ ആനകൾ, കെട്ടിടങ്ങളിൽ നിന്ന് പറന്നുയരുന്ന പ്രാവിൻ കൂട്ടം, തലപൊക്കി നിൽക്കുന്ന കൊട്ടാരങ്ങൾ, പഴമയുടെ സ്വരമുള്ള വാദ്യോപകരണങ്ങൾ അങ്ങനെ കാലം മുന്നോട്ടു കുതിക്കുമ്പോഴും പാരമ്പര്യത്തിന്റെ പ്രൗഢിയുടെ കോട്ട അങ്ങനെ നിലനിൽക്കുന്നു. അതുകൊണ്ടു തന്നെ അമേരിക്കൻ മലയാളിയായ ജോർളി ജോണി വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് വിഡിയോ ചെയ്യണമെന്ന ആവശ്യവുമായി ഫോട്ടോഗ്രാഫർ ബിറ്റുവിനെ സമീപിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ജയ്പൂരാണ്.
രാജസ്ഥാനിലെ പരമ്പരാഗത വേഷങ്ങളണിഞ്ഞ് ജോർളിയും ബിനിയും എത്തി. ആകർണമായ നിറങ്ങളിൽ തിളങ്ങുന്ന കല്ലുകൾ പിടിപ്പിച്ച് സുന്ദരിയായി ബിനി മരിയ. രാജസ്ഥാന്‍ യുവത്വത്തിന്റെ പ്രൗഢിയോടെ ജോർളി ബിനിയോടൊപ്പം ജയ്പുരിന്റെ മനോഹാരിതയിലൂടെ നടന്നു, പ്രണയിച്ചു. ബിറ്റുവിന്റെ ക്യാമറ ആ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ഡ്രോണുപയോഗിച്ചു ചിത്രീകരിച്ച ജയ്പുരിന്റെ സൗന്ദര്യവും ഈ വിഡിയോയുടെ പ്രത്യേകതയാണ്. ജയ്പുരിന്റെ പശ്ചാത്തലത്തോടു ചേർന്നു നിൽക്കുന്ന സംഗീതമാണു വിഡിയോയിൽ ഉപയോഗിച്ചത്.
ഒരു ലൊക്കേഷനിൽ നിന്നു മറ്റൊന്നിലേക്കുള്ള യാത്ര സമയം ഒഴിവാക്കിയാൽ മൂന്നര മണിക്കൂറിലായിരുന്നു വിഡിയോയുടെ ചിത്രീകരണം. ‘‘സമയക്കുറവ് വളരെ വലിയൊരു പ്രശ്നമായിരുന്നു. ക്യാമറയും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാൻ വളരെ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. പദ്ധതിയിട്ട പല ഷോട്ടുകളും ഈ നിയന്ത്രണങ്ങൾ മൂലം എടുക്കാനായില്ല. ജയ്പുരിലെ ഞങ്ങളുടെ ആദ്യ ഷൂട്ടായിരുന്നു. എങ്കിലും എല്ലാം ഭംഗിയായി’’– ബിറ്റുവിന്റെ വാക്കുകൾ. കോട്ടയം കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന വൃന്ദാവൻ ഫൊട്ടോഗ്രഫിയുടെ ഉടമസ്ഥനാണ് ബിറ്റു. വവ്വാൽ ക്ലിക്ക് തരംഗമായ സമയത്തു വവ്വാൽ കിസ് ഫോട്ടോഷൂട്ട് ചെയ്ത് ബിറ്റു ശ്രദ്ധ നേടിയിരുന്നു.
വ്യത്യസ്തകൾക്കു പിന്നാലെ പായുന്ന വെഡ്ഡിങ് ലോകത്ത് ജയ്പൂരിന്റെ വർണവൈവിധ്യങ്ങൾ കൊണ്ടു ശ്രദ്ധേയമാവുകയാണ് ഈ പോസ്റ്റ് വെഡ്ഡിങ് വിഡിയോ.