ഡിസംബറിന്റെ ഫാഷൻ കലണ്ടറിന് വിവാഹമേളത്തിന്റെ നിറച്ചാർത്ത്. ഇഷ അംബാനിയുടെ വിവാഹവിശേഷങ്ങളും ലോകമെമ്പാടു നിന്നു കല്യാണം കൂടാൻ വന്നവരുടെ വിശേഷങ്ങളും ഇനിയും പറഞ്ഞു തീർന്നില്ല. വിവാഹനിശ്ചയം മുതൽ വിവാഹപ്പിറ്റേന്നുള്ള സൽക്കാരം വരെ ഇഷയുടെ വസ്ത്രങ്ങളിലാണ് ഫാഷനിസ്റ്റകളുടെ കണ്ണുടക്കിയത്. സബ്യസാചിയും മനീഷ് മൽഹോത്രയും അബുജാനി സന്ദീപ് ഖോസ്‌ലയും ഇഷയുടെ വിവാഹാനുബന്ധ വാർഡ്റോബിന്റെ ഭാഗമായി. വിവാഹനിശ്ചയത്തിനും സത്കാരത്തിനും രാജ്യാന്തര ഡിസൈനർമാരുടെ വസ്ത്രങ്ങളും ഇഷ അംബാനി തിരഞ്ഞെടുത്തു. ഓരോ ചടങ്ങിലും ഇഷയുടെ വസ്ത്രങ്ങളിൽ നിറഞ്ഞത് റോയൽ ലുക്ക്.
വിവാഹത്തലേന്ന്
വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങൾക്ക് ഇഷ തുടക്കമിട്ടത് ഡിസൈനർ സബ്യസാചി മുഖർജിയുടെ ‘റിവൈവൽ പ്രോജക്ടി’ന്റെ ഭാഗമായുള്ള ലെഹംഗയണിഞ്ഞ്. ടില്ല വർക്കുള്ള ഹാൻഡ് പെയ്ന്റ്ഡ് ലെഹംഗയും ആന്റിക് ബാന്ദേജ് ദുപ്പട്ടയും ഒപ്പം സാംബിയൻ എമറാൾഡും സിൻഡിക്കേറ്റ് ഡയമണ്ട്സും ചേരുന്ന നെക്‌ലേസ് സെറ്റ്.
ദാണ്ഡിയ
ആഘോഷരാവിൽ ഇഷയ്ക്കു വേണ്ടി വസ്ത്രമൊരുക്കിയത് അബുജാനി സന്ദീപ് ഖോസ്‌ല. ഫോക്‌സി ലെഹംഗയിൽ മഞ്ഞയൊഴികെയുളള നിറങ്ങളെല്ലാം അഴകേറ്റി.
സംഗീത്
ഉദയ്പൂരിൽ നടന്ന രണ്ടുദിവസത്തെ സംഗീത് ആഘോഷപരിപാടികളിൽ ഇഷയുടെ അഴകേറ്റിയത് ബോളിവുഡിന്റെ പ്രിയ ഡിസൈനർ മനീഷ് മൽഹോത്ര. പിങ്ക് കസ്റ്റംമെയ്ഡ് ലെഹംഗയിൽ വധുവിന് താരപ്പകിട്ട്
സംഗീത് രാത്രി
ക്ഷണിക്കപ്പെട്ട ഏറെ അതിഥികളെത്തിയ സംഗീത് രാവിൽ ഇഷയണിഞ്ഞത് മനീഷ് മൽഹോത്രയുടെ അലങ്കാരപ്പണികളേറെയുള്ള ഗോൾഡൻ ലെഹംഗ.
വിവാഹവസ്ത്രം
അബുജാനി സന്ദീപ് ഖോസ്‌ല ഒരുക്കിയ ഇഷയുടെ വിവാഹവസ്ത്രത്തെക്കുറിച്ച് നീണ്ടകഥ തന്നെയെഴുതാം. 16 പാനലുകളുള്ള ഗാഗ്ര വസ്ത്രത്തിൽ ഓഫ്– വൈറ്റിന്റെ രണ്ടു ഷേഡുകൾ ചേരുന്നു, നീണ്ട ട്രെയിലും. ഹാൻഡ് എംബ്രോയ്ഡേഡ് പാനലുകളിൽ നിറയെ ക്രിസ്റ്റലുകളുടെയും സെക്വിനുകളുടെയും അലങ്കാരപ്പണികൾ ചേരുന്ന പൂക്കൾ. വിവാഹവസ്ത്രത്തിന്റെ പ്രത്യേകതയായ ചുവന്ന ഡ്രേപ് ഒരുക്കിയത് അമ്മ നിത അംബാനിയുടെ ബാന്ദിനി വിവാഹസാരിയുപയോഗിച്ചാണ്. 35 വർഷം മുമ്പുള്ള സാരിയാണ് ഇഷയുടെ വിവാഹവസ്ത്രത്തിന്റെ ഭാഗമാക്കിയത്.
വിവാഹ സത്കാരം
വെഡ്ഡിങ് റിസപ്‌ഷൻ –ഹൗസ് വാമിങ് ചടങ്ങിലേക്ക് ഇഷ തിരഞ്ഞെടുത്തത് രാജ്യാന്തര ഡിസൈനർ വാലന്റിനോയെ. ഗോൾഡൻ ലെഹംഗയിൽ ഇഷ തിളങ്ങുകയും ചെയ്തു.
ഫാമിലി റിസപ്ഷൻ
റിലയൻസ് കുടുംബാംഗങ്ങൾക്കു മാത്രമായി ഒരുക്കിയ രണ്ടാമത്തെ സത്കാരചടങ്ങിൽ ഇഷയണിഞ്ഞത് സബ്യസാചി മുഖർജിയുടെ സർദോസി റിവൈവൽ കലക്‌ഷനിലെ വസ്ത്രം.