കൂട്ടുകാരന്റെ വിവാഹത്തിനു ‘പണി കൊടുക്കൽ’ എന്ന രീതി കേരളത്തില്‍ ശക്തിയാർജിച്ചിട്ടുണ്ട്. പലപ്പോളും കടുത്ത വിമർശനങ്ങളിലാണ് ഇതവസാനിക്കുന്നതും. വരനെയും വധുവിനെയും വഴിയിൽ തടഞ്ഞു സ്വകാര്യബസിൽ കയറ്റിവിടുന്ന പണിയാണു കൂട്ടത്തിൽ പുതിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വധുവിനെയും വരനേയും കാറിൽ നിന്നറക്കി സ്വകാര്യ ബസില്‍ കയറ്റി വിടുന്നു. ബസിലെ മറ്റു യാത്രക്കാർ അമ്പരപ്പോടെയാണ് ഇവരെ നോക്കുന്നത്. വരന്റെ വീടിനു സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്കു നടന്നു പോകുന്നു. വരന്റെ സുഹൃത്തുക്കളാണു സമൂഹമാധ്യമത്തിലൂടെ വിഡിയോ പങ്കുവച്ചത്. തിരുവനന്തപുരത്തു നിന്നുള്ളതാണ് ഈ പണികൊടുക്കൽ വിഡിയോ എന്നാണു സ്ഥീരികരിക്കാത്ത വിവരം.
ഈ പണികൊടുക്കൽ വിഡിയോക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. വിവാഹദിവസത്തിൽ ഇത്തരം പ്രവൃത്തികൾ ഉപേക്ഷിക്കണമെന്നാണു പലരും പ്രതികരിക്കുന്നത്. അടുത്തിടെ വരനെ ശവപ്പെട്ടിയിൽ കിടത്തി കൊണ്ടുവന്നതു വളരെയേറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മുണ്ടൂരി നൃത്തം ചെയ്യുന്ന വരനും ചമ്മന്തി അരയ്ക്കുന്ന വധുവുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിവാഹം ഒന്നേയുള്ളൂ എന്നും അതുകൊണ്ട് ഇത്തരത്തില്‍ ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നവരുണ്ട്.