അധോലോകങ്ങളിലേതിനു സമാനമായ ഒരു ഡീൽ. രാത്രിയുടെ മറവിൽ എല്ലാം ഉറപ്പിച്ചുള്ള പെട്ടി കൈമാറ്റം. സംഭാഷണങ്ങളും പിന്നണി സംഗീതവും കണ്ടാൽ എന്തോ നടക്കാൻ പോകുന്നു എന്നുറപ്പ്. ആരെ കൊല്ലാനുള്ള ഡീലാണെന്ന് അറിയാനുള്ള കൗതുകം അവസാനിക്കുക ഒരു കല്യാണവിളിയിലാണ്. ഡീൽ ടു റിമംബർ എന്ന പേരിട്ടിരിക്കുന്ന ഈ സേവ് ദ് ഡേറ്റ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഒരു ഗ്യാങ്സ്റ്റര്‍ സിനിമ കാണുന്ന ഫീലിലാണു സേവ് ദ് ഡേറ്റ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
ഷോട്ടുകളിലും കഥാപാത്രങ്ങളുടെ വേഷത്തിലും വാഹനങ്ങളിലുമുണ്ട് ഗ്യാങ്സ്റ്റർ സിനിമയുടെ ഫീൽ. പെട്ടി കൈമാറി ജനുവരി 20ന് മുൻപ് തീർക്കണമെന്ന നിർദേശം നൽകുന്നു. സംഭവം അതു തന്നെ ഉറപ്പിക്കാൻ തുടങ്ങുമ്പോഴാണു കഥയിലെ ട്വിസ്റ്റ്. ക്വട്ടേഷൻ തന്നെയാണു കൊടുക്കുന്നത്. എന്നാൽ കല്യാണത്തിനുള്ള മുട്ടായി കാർഡ് അടിക്കാനാണെന്നു മാത്രം. കൈമാറിയ പെട്ടിയിൽ അച്ചടിച്ചു കൊണ്ടുവന്ന കല്യാണക്കുറിയും. ‘എല്ലാം സംഭവസ്ഥലത്തു കൃത്യമായി എത്തും. മനേഷേ നീ വന്നു കെട്ടിയാൽ മതി’ എന്നു പറഞ്ഞു കല്യാണം വിളിച്ച് വിഡിയോ അവസാനിക്കും.
തിരുവനന്തപുരത്തെ വെളളയമ്പലത്ത്, ക്രിയേറ്റീവ് വർക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാജിക് മൊമെന്റ്സാണു വിഡിയോ ഒരുക്കിയത്. മനസ്സിലുള്ള സിനിമാ മോഹങ്ങളും സാധാരണക്കാർക്കു പോലും സാധ്യമാകുന്ന കുറഞ്ഞ ചെലവിൽ പ്രവർത്തിക്കാനുള്ള ആഗ്രഹവും വിഡിയോക്കു പിന്നിലുണ്ടെന്ന് സംവിധായകൻ എസ്. ആർ സൂരജ് പറയുന്നു. സേവ് ദ് ഡേറ്റ് വിഡിയോയിലെ ഈ പുതിയ പരീക്ഷണത്തിനു മികച്ച അഭിപ്രായങ്ങളാണു ലഭിക്കുന്നത്.