ഒരു മാസം കൊണ്ട് നെയ്തെടുത്ത സാരി; ബ്ലൗസും സ്പെഷൽ: മൃദുല വധുവായി ഒരുങ്ങിയതിങ്ങനെ
Mail This Article
സ്പെഷൽ ഡിസൈനിൽ നെയ്തെടുത്ത സാരിയിൽ വധുവായി തിളങ്ങി നടി മൃദുല വിജയ്. ബാലരാമപുരത്തെ മാംഗല്യക്കസവ് ടീം ആണ് താരത്തിനായി ഈ സാരി ഒരുക്കിയത്. ആനു നോബി കസ്റ്റമൈസ് ചെയ്ത ബ്ലൗസും ശ്രദ്ധ നേടി.
ജൂലൈ 8ന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു സീരിയിൽ താരങ്ങളായ മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം. അമ്പലത്തിൽവച്ചു നടക്കുന്ന ചടങ്ങായതിനാൽ സിംപിൾ സാരി മതി എന്നായിരുന്നു മൃദുലയുടെ തീരുമാനം. എന്നാൽ ജീവിതത്തിലെ സവിശേഷ നിമിഷം ആയതിനാൽ സാരി സ്പെഷൽ ആയിരിക്കണമെന്നു നിർബന്ധം ഉണ്ടായിരുന്നു. മേക്കപ് ആർട്ടിസ്റ്റ് വികാസ് ആണ് ഇഷ്ടപ്പെട്ട ഡിസൈനിൽ സാരി ഒരുക്കാമെന്ന ആശയം മൃദുലയ്ക്ക് നൽകിയത്. തുടർന്ന് മാംഗല്യക്കസവുമായി ബന്ധപ്പെടുത്തി.
മൃദുലയുടെ താൽപര്യങ്ങൾക്കനുസരിച്ച് സ്ഥാപത്തിന്റെ സാരഥികളായ ഡോ. നന്ദുവും ഭാര്യ സുഷിയും ചേർന്ന് വിവിധ ഡിസൈനുകൾ തയ്യാറാക്കി. ഇതിൽ നിന്നും മൃദുല തിരഞ്ഞെടുത്ത ഡിസൈനിലാണ് സാരി ഒരുക്കിയത്. ‘‘ശുദ്ധമായ കസവ് ഉപയോഗിച്ച്, കൈകൾ കൊണ്ടു മാത്രം നെയ്തെടുത്ത സാരിയാണിത്. മെഷീൻ ഒന്നും ഉപയോഗിക്കാത്തതിനാൽ ഒരു മാസത്തിലേറെ സമയം സാരി പൂർത്തിയാക്കാൻ വേണ്ടി വന്നു. സ്ക്വയർ പാറ്റേണിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു സൈഡിൽ ബോർഡറില്ല. 13.5 ഇഞ്ചിന്റെ പല്ലു, ഗോൾഡ് ടാസിൽസ് എന്നിവയാണ് സാരിയെ ആകർഷകമാക്കുന്നത്.’’ – സുഷി പറഞ്ഞു.
വരൻ യുവകൃഷ്ണയുടെ മുണ്ടും മാംഗല്യ കവസവാണ് ഡിസൈൻ ചെയ്തത്. മൃദുലയുടെ സാരിക്ക് അനുയോജ്യമായ രീതിയിലാണ് മുണ്ട് ഒരുക്കിയിരിക്കുന്നത്.
ആനു നോബിയാണ് ബ്ലൗസ് കസ്റ്റമൈസ് ചെയ്തത്. ഫ്ലോറൽ ഡിസൈനിലുള്ള ത്രെഡ് വർക്കുകൾ നിറയുന്നതാണ് ബ്ലൗസ്. പുറകുവശത്ത് മൃദുലയുടെയും യുവയുടെയും പേരുകൾ ചേർത്ത് മൃദ്‌വ എന്നും വധൂവരന്മാർ ഹാരമണിയിക്കുന്ന ഒരു ചിത്രവും തുന്നി ചേർത്തിട്ടുണ്ട്. മൃദുലയുടെ താൽപര്യ പ്രകാരമാണ് ബ്ലൗസ് ഡിസൈൻ ചെയ്തത്.
English Summary : Actress Mridhula Vijai Wedding look details